തിരുവനന്തപുരം: കേരളത്തില്‍ പ്രതിസന്ധി നേരിടുന്ന കരകൗശലമേഖലയ്ക്ക് നൂതന ഡിസൈനും ബ്രാന്‍ഡും നല്കി ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തുന്നതിന് ജി.കെ.എസ്.എഫും സംസ്ഥാന ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ധാരണയായി.
അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളുമായി ജി.കെ.എസ്.എഫ് സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് ധാരണയായത്.
കേരളത്തില്‍ വിപണിമാന്ദ്യം നേരിടുന്നതും എന്നാല്‍ വളര്‍ച്ചാസാധ്യതയുള്ളതുമായ കച്ചിപ്പടം, തഴപ്പായ, വാഴനാര്, വാഴപ്പോള, കൊടപ്പനനാര്, കോരപ്പുല്ല്, പനയോല, ചകിരിനാര്, ചണം എന്നീ വസ്തുക്കള്‍കൊണ്ട് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന 9 കരകൗശലമേഖലകളെയാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക. കരകൗശല ഉല്‍പ്പന്നങ്ങളെ കാലാനുസൃത ഡിസൈനിലും സ്വാഭാവികത നിലനിര്‍ത്തിയുള്ള ഓട്ടോമേഷന്‍ സംവിധാനങ്ങളും ഒരുക്കി ഉടച്ചുവാര്ക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇരവിപുരത്ത് മാത്രം നിര്‍മ്മിക്കപ്പെടുന്ന രേന്ദ കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണത്തിന് പ്രത്യേക പദ്ധതിയും തയ്യാറാക്കും.
ഇതോടൊപ്പം വിദേശ ആഭ്യന്തര ടൂറിസ്റ്റുകളുടെ സാന്നിധ്യമുള്ള മേഖലകളില്‍ പ്രത്യേക കരകൗശല ഷോപ്പികള്‍ സ്ഥാപിച്ച് ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുവാനും പദ്ധതിയുണ്ട്. അന്യസംസ്ഥാനങ്ങളില്‍ ഉല്‍പ്പന്ന വിപണന പ്രോത്സാഹനത്തിന് സംസ്ഥാന കരകൗശല കോര്‍പ്പറേഷനും അതത് സംസ്ഥാനങ്ങളിലെ ടൂറിസം കോര്‍പ്പറേഷനുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സംസ്ഥാന ടൂറിസം വകുപ്പു മന്ത്രി എ പി അനില്‍ കുമാറിന്റെയും തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണിന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളെത്തുടര്‍ന്നാണ് കേരള അക്കാദമി ഓഫ് സ്കില്‍സ് ആന്റ് എക്സല്ലന്‍സും ജി.കെ.എസ്.എഫും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയത്.
സംസ്ഥാനത്തിന്റെ സ്വന്തം ഉല്‍പ്പന്നങ്ങളായ 40 കരകൗശല ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പ്രക്രിയ അനാവരണം ചെയ്യുന്ന ‘ഹസ്തസുമം’ പദ്ധതി ചവറയില്‍ 28 മുതല്‍ ആരംഭിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ധാരണാപത്രം ജി.കെ.എസ്.എഫ് ഡയറക്ടര്‍ കെ എം അനില്‍ മുഹമ്മദ് കേരള അക്കദമി ഓഫ് സ്കില്‍സ് ആന്റ് എക്സല്ലന്‍സ് ഡയറക്ടര്‍ രാഹുല്‍ ആര് എന്നിവര്‍ ഒപ്പിട്ടു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ അഹമ്മദാബാദിലെ വിവിധ വകുപ്പുമേധാവികളായ ഡോ. കൃഷ്ണ പട്ടേല്‍, പ്രൊഫ. വിജയ് സിംഗ് കത്യാര്‍, പ്രൊഫ. സുഷാന്ത്, പ്രൊഫ. മമത റാവു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: