വൈക്കം: പഞ്ചാക്ഷരിമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സര്‍വ്വാഭരണ വിഭൂഷിതനായ വൈക്കത്തപ്പന്റെ മോഹനരൂപം ദര്‍ശിച്ച് ജീവിതപുണ്യം നേടാന്‍ പതിനായിരങ്ങള്‍ ഇന്നലെ തിരുസന്നിദ്ധിയിലെത്തി. ഉഷപൂജയ്ക്കും എതിര്ത്തപൂജയ്ക്കും ശേഷമായിരുന്നു അഷ്ടമിദര്‍ശനം.
ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള ആല്‍ച്ചുവട്ടില്‍ തപസ് അനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്കു പരമേശ്വരന് പാര്‍വ്വതി സമേതനായി ദര്‍ശനം നല്കിയ കാര്‍ത്തിക മാസത്തിലെ കൃഷ്ണാഷ്ടമി മുഹൂര്‍ത്തത്തിലാണ് അഷ്ടമി ദര്‍ശനം. അന്നദാന പ്രഭുവിന്റെ സന്നിധിയിലെ പ്രാതല്‍ വഴിപാടിലും പങ്കുചേരാന്‍ ആയിരക്കണക്കിന് ഭക്തര്‍ എത്തി. 151 പറയുടെ പ്രാതലാണിന്നലെ നടത്തിയത്.
താരകാസുരനേയും ശൂരപത്മനേയും നിഗ്രഹിച്ചശേഷം വരുന്ന ഉദയനാപുരത്തപ്പന് വന്‍ വരവേല്‍പ്പാണ് ഭക്തര്‍ നല്‍കിയത്. കൂട്ടുമ്മേല്‍ ഭഗവതിയോടും ശ്രീനാരണയപുരം ദേവനോടും ഒപ്പം ചേര്‍ന്ന് എഴുന്നള്ളിയ ഉദയനാപുരത്തപ്പനെ വഴിയില്‍ പുഷ്പങ്ങള്‍ വിതറിയും നിലവിളക്ക് കത്തിച്ചുവെച്ചും വലിയകവല, കൊച്ചാലുംചുവട്, വടക്കേകൊട്ടാരം എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. മുത്തേടത്തുകാവ് ഭഗവതിക്കും ഇണ്ടംതുരുത്തി ദേവിക്കും തെക്കേനടശാസ്താവിനും ക്ഷേത്രത്തില്‍ ഇറക്കിപൂജ നടത്തി. പുഴവായിക്കുളങ്ങര മഹാവിഷ്ണുവിന് അയ്യപ്പന്കുളങ്ങര, കവരപ്പാടിനട, മുരിയന്‍കുളങ്ങര എന്നിവിടങ്ങളിലും കിഴക്കുംകാവ് ഭഗവതിക്ക് ആറാട്ടുകുളങ്ങര, സൊസൈറ്റിപടി, മുരിയന്‍ കുളങ്ങര എന്നിവിടങ്ങളിലും സ്വീകരണം നടത്തി.
ടിവി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍നിന്നും എഴുന്നള്ളിപ്പ് ഉണ്ടായിരുന്നു. വൈക്കം ക്ഷേത്രത്തില്‍ പ്രവേശിച്ചു എഴുന്നള്ളിപ്പുകള്‍ ഒരുമിച്ച് വൈക്കത്തപ്പന്റെ സമീപമെത്തി. വൈക്കത്തപ്പന്റെ മകനായ ഉദയനാപുരത്തപ്പന് സ്വന്തം സ്ഥാനം നല്കി കൊണ്ടുള്ള എഴുന്നള്ളിപ്പിനുശേഷം വലിയ കാണിക്ക ചടങ്ങ് നടത്തി. അവകാശി കറുകയില്‍ കൈമള്‍ പല്ലക്കിലെത്തി ആദ്യ കാണിക്ക അര്‍പ്പിച്ചു. തുടര്‍ന്നു ഭക്തജനങ്ങള്‍ കാണിക്ക അര്‍പ്പിച്ചു. ആദ്യ പ്രദക്ഷണത്തിന് ശേഷം ദേവീദേവന്മാരും പിന്നീട് ഉദയനാപുരത്തപ്പനും യാത്ര പറഞ്ഞ് പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: