കണ്ണൂര്‍: കണ്ണൂര്‍ തളാപ്പ് അമ്പാടിമുക്കില്‍ നിന്നും ഏതാനും മാസം മുമ്പ് ചില തല്‍പ്പര കക്ഷികളുടെ താല്‍പ്പര്യം സംരക്ഷിക്കാനായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായുളള ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് പോയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇന്നലെ തിരിച്ച് മാതൃ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയായി മാറി.
ജില്ലാ സെക്രട്ടറി ജയരാജന് നേരിട്ടായിരുന്നു അമ്പാടിമുക്കിലെ ബ്ലേഡ് മാഫിയാ ബന്ധമുളള ഒരു വ്യക്തിയെ മുന്‍നിര്‍ത്തി അയാളുടെ വ്യക്തി താല്പര്യം സംരക്ഷിക്കാന്‍ നാമ മാത്രമായ സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎമ്മിലേക്കെത്തിക്കാന് പ്രവര്‍ത്തിച്ചത്. തെറ്റ് തിരിച്ചറിഞ്ഞ് ഇവര്‍ ദേശീയ പ്രസ്ഥാനങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പാര്‍ട്ടിക്കകത്ത് വരും ദിനങ്ങളില്‍ പടയൊരുക്കം ശക്തമാകും.
ബിജെപി പ്രവര്‍ത്തകരെ കൂടെ കൂട്ടിയ ഘട്ടത്തില്‍ തന്നെ ജയരാജനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഇതു സംബന്ധിച്ച് ദേശീയ നേതൃത്വത്തിനു വരെ പരാതി നല്‍കുകയും ഇവര്‍ ഇന്നല്ലെങ്കില്‍ നാളെ സംഘപരിവാര്‍ സംഘടനകളിലേക്ക് തിരിച്ചു പോകുമെന്നും അഭിപ്രായപ്പെട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പാനൂരിലെത്തി ബിജെപിയില്‍ നിന്നും രാജിവെച്ച് വന്ന 2000 പേരെ സ്വീകരിക്കുന്നുവെന്നവകാശപ്പെട്ട് പരിപാടി സംഘടിപ്പിച്ചിരുന്നു.
ഇക്കൂട്ടത്തില്‍ പിണറായി മാലയിട്ട് സ്വീകരിച്ചവരാണ് ഇന്നലെ മാതൃ സംഘടനയായ ബിജെപിയില്‍ തിരിച്ചെത്തിയത്.എന്നാല്‍ സ്വര്‍ത്ഥ താല്പര്യങ്ങളുടെ പേരില്‍ എ.അശോകനടക്കം വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു അന്ന് ബിജെപിയില്‍ നിന്നും സിപിഎമ്മിലേക്ക് പോയത്.ബിജെപി വിട്ടവരെന്ന് സിപിഎം ജില്ലാ സെക്രട്ടറി അവകാശപ്പെട്ടവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബിജെപി വെല്ലുവിളിച്ചിരുന്നുവെങ്കിലും ജയരാജന് പേരു വെളിപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏതാനും നാളുകളായി സിപിഎം വിട്ട് നിരവധി പേരാണ് സംഘപരിവാര്‍ സംഘടനകളിലേക്കെത്തിയത്.
ഇവരുടെ പേരു വിവരങ്ങള്‍ പത്രസമ്മേളനം വിളിച്ച് ബിജെപി ജില്ലാ പ്രസിഡണ്ട് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അമ്പാടിമുക്കില്‍ നിന്ന് സിപിഎമ്മിലേക്ക് പോയവര്‍ സംഘപരിവാര്‍ ബന്ധം ഉപേക്ഷിച്ച ശേഷം സിപിഎമ്മിന്റെ ബാനറില്‍ ഗണേശോത്സവവും ശ്രീകൃഷണ ജയന്തിയും ആഘോഷിച്ചിരുന്നു. ഇതിന്റെ പേരില്‍ എന്നും വിശ്വാസത്തെ എതിര്‍ത്ത ചില സിപിഎം നേതാക്കളുടേയും ജില്ലയിലെ ഡിവൈഎഫ്ഐ നേതൃത്വത്തിന്റെയും ശക്തമായ എതിര്‍പ്പ് ജില്ലാ സെക്രട്ടറിക്കും സിപിഎം നേതൃത്വത്തിനുമെതിരെ ഉയര്‍ന്നിരുന്നു.
അന്നു തൊട്ടേ പാര്‍ട്ടിയുടെ കണ്ണൂരിലെ നേതാക്കളുള്‍പ്പെടുന്ന ഔദ്യോഗിക നേതൃത്വത്തിനെതിരെ സിപിഎം അണികള്‍ക്കിടയില്‍ നിന്നും ചില നേതാക്കളില്‍ നിന്നും ഉയര്‍ന്ന ശക്തമായ പ്രതിഷേധം അമ്പാടി മുക്കിലെ പുതിയ സംഭവ വികാസത്തോടെ കൂടുതല്‍ ശക്തമാകുമെന്നുറപ്പാണ്. സംഘപരിവാര്‍ പ്രവര്‍ത്തകരെ കൂടെ കൂട്ടിയെന്ന പഴി സ്വയം കേള്‍ക്കേണ്ടി വരികയും എന്നാല്‍ ഇത്തരക്കാരെ കൊണ്ട് പാര്‍ട്ടിക്കൊരു കാര്യവും ഇല്ലാതാവുകയും ഇവര്‍ മാതൃ സംഘടനയിലേക്ക് തിരിച്ചു പോയതും സിപിഎമ്മിന് കനത്ത വില്കേണ്ട സ്ഥിതിയാണ് സംജാതമാക്കിയിരിക്കുന്നത്.
ബ്ലേഡ് മാഫിയാ ബന്ധമുളള ചിലര്‍ സംരക്ഷണം ലഭിക്കുന്നതിനായി പാര്‍ട്ടിയിലേക്ക് വരികയും അവരെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയും ഒടുവില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്കി കൊണ്ട് തിരികെ പോവുകയും ചെയ്ത സംഭവം പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ സെക്രട്ടറി മുന്‍ കയ്യെടുത്തു നടത്തി ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെയ്ക്കുമെന്നുറപ്പാണ്.
ഒരു കാലത്ത് ബദ്ധ ശത്രുവായിരുന്ന ,25 വര്‍ഷക്കാലം വിടാതെ പിന്തുടര്ന്ന് വധിക്കാന്‍ ശ്രമം നടത്തിയ, അഞ്ച് സഖാക്കളുടെ മരണത്തിന് വഴിയൊരുക്കിയ കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവാദിയെന്നും കൊലയാളിയെന്നും നരഭോജിയെന്നും വിളിച്ചു നടന്ന എം.വി.രാഘവനേ മരണാന്തരം സ്തുതിക്കുകയും സിഎംപിയിലെ ഒരു വിഭാഗത്തെ കൂടെ കൂട്ടി നടക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുളള ജില്ലയിലെ ഔദ്യോഗിക നേതൃത്വത്തിനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു വരുന്നതിനിടയില്‍ അമ്പാടി മുക്കിലുണ്ടായിരിക്കുന്ന പുതിയ സംഭവ വികാസങ്ങളും നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴി തുറക്കുമെന്നുറപ്പാണ്.
ജില്ലയിലെ സിപിഎം ശക്തി കേന്ദ്രങ്ങളില്‍ നിന്നും നേതാക്കളുടെ ധാര്‍ഷ്ട്യത്തിന്റെയും ഏകാധിപത്യ പ്രവണതകളുടേയും തെറ്റായ പ്രവര്‍ത്തികളുടെയും ഫലമായി ദിനം പ്രതി നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊഴിഞ്ഞു പോയ്ക്കൊണ്ടിരിക്കേ ആര്‍എസ്എസ് നേതാവായിരുന്ന കതിരൂരിലെ മനോജിനെ കൊലപ്പെടുത്തിയതിനെതിരേയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി അക്രമങ്ങള്‍ നടത്തുന്നതിനെതിരെയും പൊതു സമൂത്തിനിടയിലും സിപിഎമ്മിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: