ചാത്തന്നൂര്‍: സിപിഐയുടെ ചിറക്കര ലോക്കല്‍ സമ്മേളനത്തില്‍ നേതൃത്വത്തിനും സ്ഥലം എംഎല്‍എക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിനിധികള്‍. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികള്‍ നടത്തുന്ന അഴിമതിക്ക് ചൂട്ട് പിടിക്കുന്ന എംഎല്‍എക്കും നേതൃത്വത്തിനുമെതിരെയാണ് വിമര്‍ശനമുയര്‍ന്നത്. വിമര്‍ശനങ്ങളേറ്റ് സമ്മേളനവേദിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഹണി ശ്രീകുമാര്‍ പൊട്ടിക്കരഞ്ഞു.
പല പ്രതിനിധികളും പഞ്ചായത്ത് പ്രസിഡന്റിനെതിരെ വ്യക്തമായ രേഖകള്‍ നിരത്തികൊണ്ടാണ് ആഞ്ഞടിച്ചത്. താവണാംപൊയ്ക ടാര്‍പ്ലാന്റ് പ്രശ്നത്തില്‍ എംഎല്‍എയും പാര്‍ട്ടിനേതൃത്വവും ടാര്‍പ്ലാന്റ് മുതലാളിമാര്‍ക്ക് അനുകൂലനിലപാട് സ്വീകരിച്ചതിനെതിരെയായിരുന്നു വിമര്‍ശനം ഏറെയും. സിപിഐ ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി ടാര്‍പ്ലാന്റ് പ്രശ്നത്തില്‍ ഇരട്ടത്താപ്പ് കാണിച്ചെന്നും ഈ നിലപാട് മൂലം എംഎല്‍എയുടെ നാട്ടില്‍ തന്നെയുള്ള ഒരു വിഭാഗം പാര്‍ട്ടിക്ക് എതിരായെന്നും ചിറക്കരയില്‍ നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്തംഗവും മുന്‍പഞ്ചായത്ത് പ്രസിഡന്റും എല്‍സി സെക്രട്ടറിയുമായ ടി.ആര്. ദീപു ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കുകയാണെന്നും പഞ്ചായത്തില്‍ ദീപുവിന്റെ പിന്‍വാതില്‍ ഭരണമാണ് നടക്കുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തി. ജനകീയാസൂത്രണം വഴി ജനങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും കൊടുക്കാതെ മെമ്പര്‍മാര്‍ സ്വന്തം ഇഷ്ടപ്രകാരം വിതരണം ചെയ്യുന്നു. അതിന്റെ ഉത്തമോദാഹരണമാണ് പട്ടികജാതിക്കാര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ വ്യാജരേഖ ചമച്ച് കൊണ്ട് പ്രസിഡന്റ് ഇഷ്ടക്കാര്‍ക്ക് നല്‍കിയത്
ബ്രാഞ്ച് സെക്രട്ടറിമാരെ പ്രസിഡന്റും മെമ്പര്‍മാരും അവഗണിക്കുന്നു. കന്നുകുട്ടി പരിപാലനത്തില്‍ നടന്ന അഴിമതിയില്‍ പോലീസ് കേസെടുത്തിട്ടും പ്രസിഡന്റ് സ്ഥാനം രാജിവച്ച് പാര്‍ട്ടിയുടെ മുഖം രക്ഷിക്കുന്നതിന് തയ്യാറാകാതിരുന്നതും ബിജെപി നടത്തിയ സമരത്തെ പ്രതിരോധിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയാത്തതും ആരോപണ വിധേയമായി.പ്രസിഡന്റിനെകൊണ്ട് ജാതിപേര് പറഞ്ഞ് ആക്ഷേപിച്ചു എന്നാരോപിച്ച് കള്ളകേസ് കൊടുപ്പിച്ചത് പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ നാണക്കേടുണ്ടാക്കിയെന്നും പ്രതിനിധികള്‍ ആരോപിച്ചു.
പഞ്ചായത്ത് ആസ്ഥാനം നില്ക്കുന്ന ചിറക്കര താഴത്തെ യാത്രാക്ലേശം പരിഹരിക്കാന്‍ എംഎല്‍എ യാതൊന്നും ചെയ്യുന്നില്ലെന്നും ചിറക്കര ഗവണ്മെന്റ് ആശുപത്രിക്ക് വേണ്ടി ദാനമായി കിട്ടിയ സ്ഥലത്ത് നിന്നും പഞ്ചായത്തും പാര്‍ട്ടിയും അറിയാതെ മണ്ണ് മറിച്ചുവിറ്റതും യോഗത്തില്‍ ചര്‍ച്ചയായി. ചാത്തന്നൂര്‍ ശ്രീനാരായണ കോളേജിലെ വഴിത്തര്‍ക്കത്തിന് സിപിഐ നേതൃത്വം കൊടുത്തതിനെതിരെ ആരോപണമുയര്‍ന്നു. എസ്എന്‍ ട്രസ്റ്റിനെതിരെ കേസുകൊടുത്തത് വഴി നിരവധി എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടു. പല പാര്‍ട്ടിമെമ്പര്‍മാരും പാര്‍ട്ടി വിട്ടതും നിരവധിപേര്‍ മെമ്പര്‍ഷിപ്പ് പുതുക്കാത്തതും യോഗം ചര്‍ച്ച ചെയ്തു.
കണ്ണേറെ, ഉളിയനാട് വാര്‍ഡുകളില്‍ പാര്‍ട്ടിക്കുണ്ടായ ക്ഷീണവും നിരവധിപേര്‍ ബിജെപിയിലേക്ക് മാറിയതും ചര്‍ച്ചാവിഷയമായി. സിപിഎം മുന്നണി മര്യാദ ലംഘിച്ച് കൊണ്ട് പല കാര്യങ്ങളിലും പഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിനും എംഎല്‍എക്കുമെതിരെ നിഴല്‍യുദ്ധമാണ് സിപിഎം നടത്തുന്നതെന്നും മുന്നണി സംവിധാനം പുനപരിശോധിക്കണമെന്നും ഭൂരിഭാഗം പ്രതിനിധികളും അഭിപ്രായപ്പെട്ടു. എംഎല്‍എയെ വേദിയിലിരുത്തികൊണ്ടായിരുന്നു വിമര്‍ശനങ്ങള്‍. തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാവാണെന്ന കാര്യം എംഎല്‍എ മറക്കുകയാണെന്നും ആക്ഷേപമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: