അഡ്ലെയ്ഡ്: വിധിയുടെ ക്രീസില്‍ പൊട്ടിച്ചിതറിയ യുവ നക്ഷത്രം ഫില്‍ ഹ്യൂസിന് കങ്കാരുപ്പടയുടെ വിജയപുഷ്പ്പാര്ച്ചന. ആവേശം കൊമ്പിളക്കിയാടിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 48 റണ്‍സിന് കീഴടക്കി മൈക്കല്‍ ക്ലാര്‍ക്കും കൂട്ടരും അഡ്ലെയ്ഡിലെ കളത്തില്‍ വിരിഞ്ഞ സ്നേഹത്തിന്റെ ചുവന്ന പൂക്കള്‍ ഹ്യൂസിന് വാരി നല്കി. പ്രിയസഹതാരത്തിന്റെ വിയോഗശേഷം ആദ്യമായി കളത്തിലിറങ്ങിയ ആസ്ട്രേലിയന്‍ കളിക്കാരുടെ നൊമ്പരമകറ്റുന്ന കുളിര്കാറ്റു കൂടിയായി ആ ജയം. ഏഴു വിക്കറ്റുകള്‍ പിഴുത സ്പിന്നര്‍ നതാന്‍ ലയോണാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. 364 എന്ന ലക്ഷ്യം തേടിയ ഇന്ത്യ 315ന് ഓള് ഔട്ടാവുകയായിരുന്നു. ഇതോടെ പരമ്പരയില്‍ ആതിഥേയര്‍ 1-0ത്തിന് മുന്നിലെത്തി. സ്കോര്‍:ആസ്ട്രേലിയ- 7ന് 517 ഡിക്ല., 5ന് 290 ഡിക്ല. ഇന്ത്യ-444, 315.
ഇന്ത്യയെ സംബന്ധിച്ച് എല്ലാം ഭദ്രമെന്നു തോന്നിയിടത്തു നിന്ന് കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു. ഓസീസിന്റെ വെല്ലുവിളിയേറ്റെടുത്ത സന്ദര്‍ശകരെ പുത്തന്‍ നായകന് വിരാട് കോഹ്ലി അക്ഷരാര്‍ത്ഥത്തില്‍ മുന്നോട്ടു നയിച്ചു. 16 ബൗണ്ടറികളും ഒരു സിക്സറുമടക്കം 141 റണ്‍സ് വാരിയ കോഹ്ലി നൈസര്‍ഗികവും അനായാസവുമായ ഷോട്ടുകളിലൂടെ ഓസീസ് പടയെ വെള്ളംകുടിപ്പിച്ചു. മുരളി വിജയ്യിലൂടെ (99) കോഹ്ലിക്ക് നല്ല കൂട്ടുകാരനെയും കിട്ടി. ശിഖര്‍ ധവാനും (9) ചേതേശ്വര്‍ പൂജാരയും (21) മടങ്ങിയശേഷം ക്രീസില്‍ ഒരുമിച്ച വിജയ്യും കോഹ്ലിയും 185 റണ്‍സിന്റെ വന്‍സഖ്യം പടുത്തുയര്‍ത്തി.
ഒരു ഘട്ടത്തില്‍ 2ന് 241 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. പക്ഷേ, പിന്നീടങ്ങോട്ട് കഥമാറി. പിച്ചിലെ പരുക്കന്‍ ഇടങ്ങളിലേക്ക് പന്തു ചുഴറ്റിയ ലയോണ്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ കണ്ണില്‍ അസ്വസ്ഥതയുടെ പൂഴിമണ്ണുവാരിയിട്ടു. അര്‍ഹിച്ച സെഞ്ച്വറിക്കരുകില് നിന്ന വിജയ്യെ വിക്കറ്റിനു മുന്നില്കുടുക്കിയ ലയോണ്‍ പിന്നീട് ഇന്ത്യന്‍ മധ്യനിരയിലൂടെ തുളച്ചുകയറി. അജിന്‍ക്യ രഹാനെ (0), രോഹിത് ശര്‍മ്മ (6), വൃദ്ധിമാന്‍ സാഹ (13) എന്നിവരെല്ലാം ലയോണിനെ നമിച്ചു. ലയോണിനെ അടിച്ചുപറത്താനുള്ള ശ്രമത്തിനിടെ ബൗണ്ടറിക്കരുകില്‍ മിച്ചല്‍ മാര്‍ഷിന്റെ കൈകളില്‍ കോഹ്ലി ഒതുങ്ങുമ്പോള്‍ അന്ത്യച്ചടങ്ങുകളുടെ തുടക്കം.
വാലറ്റത്തെ അരിഞ്ഞുവീഴ്ത്തിയ കങ്കാരുക്കള്‍ അവിശ്വസനീയ ജയത്തിലേക്ക് അതിവേഗം കുതിച്ചു. അഞ്ചാം ദിനത്തിലെ അവസാന സെഷനില്‍ വെറും 73 റണ്‍സിന് എട്ട് ഇന്ത്യന്‍ വിക്കറ്റുകളാണ് നിലംപൊത്തിയത്. ടെസ്റ്റ് ക്യാപ്ടനായുള്ള അരങ്ങേറ്റത്തില്‍ തന്നെ രണ്ടിന്നിംഗ്സിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനായും ലോകത്തെ രണ്ടാമത്തെ കളിക്കാരനായും കോഹ്ലി മാറിയെന്നത് സന്ദര്‍ശകരുടെ ആശ്വാസങ്ങളില്പ്പെട്ടു;വിദേശമണ്ണില്‍ 14-ാം തുടര്‍ തോല്‍വിയെന്ന വസ്തുത നാണക്കേടുകളുടെ കൂട്ടത്തിലും. നേരത്തെ, ബാറ്റ് ചെയ്യേണ്ടെന്നു തീരുമാനിച്ച ആസ്ട്രേലിയ തലേദിവസത്തെ സ്കോറില്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യയെ ചേസിങ്ങിന് ക്ഷണിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: