അമ്പലപ്പുഴ: ജനങ്ങളെ വലച്ച് അക്ഷയ സെന്ററുകള്‍, വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നു. അക്ഷയ കേന്ദ്രങ്ങള്‍ വഴി രേഖകള്‍ ലഭിക്കാന്‍ കാലതാമസമുണ്ടാകുന്നതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും കാലതാമസമില്ലാതെ ലഭിച്ചിരുന്ന രേഖകള്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയാക്കിയതോടെ ലഭിക്കാന്‍ ഏറെ വൈകുന്നു. കൂടാതെ പല അക്ഷയ കേന്ദ്രങ്ങളും ജനങ്ങളെ പിഴിയുന്നതായും പരാതിയുണ്ട്. സൗജന്യമായി ലഭിക്കേണ്ട രേഖകള്‍ക്ക് 20 രൂപ മുതല്‍ 40 രൂപ വരെയാണ് മിക്ക അക്ഷയ കേന്ദ്രങ്ങളും ജനങ്ങളില്‍ നിന്നും ഈടാക്കുന്നത്. വരുമാനം, ജാതി തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളാണ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി രക്ഷാകര്ത്താക്കള് അപേക്ഷിക്കുന്നത്. ഇതു സാധാരണ രണ്ടുദിവസത്തിനുള്ളില്‍ വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭ്യമാകുമായിരുന്നു. എന്നാല്‍ ആഴ്ചകള്‍ കയറിയിറങ്ങിയാലും അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഇവ ലഭ്യമാകുന്നില്ല. ഇത്തരത്തിലുള്ള കാലതാമസം മൂലം സാധാരണക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങളും നഷ്ടപ്പെട്ടുകഴിഞ്ഞു. അടിയന്തരമായി വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നും ജനങ്ങളെ ചൂഷണം ചെയ്യുന്ന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നും ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: