അപമാനത്തില്‍ നിന്നാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിക്ക് പോരാട്ടത്തിനുള്ള ഊര്‍ജം ലഭിച്ചത്. ആ ഊര്‍ജമാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും 1915ല്‍ പ്രവര്‍ത്തനം ഭാരതത്തിലേക്ക് വ്യാപിപ്പിക്കുമ്പോഴും കൈമുതല്‍.
വെള്ളക്കാരോട് സന്ധിയില്ലാതെ അടരാടിയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി ഭാരതത്തെ മാറ്റിയെടുത്തത്. രാജ്യസ്നേഹത്തിന്റെ പവിത്ര ജ്വാലകള്‍ ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ തെളിച്ചായിരുന്നു മഹാത്മാഗാന്ധി എന്ന അര്‍ധനഗ്നനായ അതുല്യപ്രതിഭ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്.
അവനവനുവേണ്ടിയോ കുടുംബത്തിന് വേണ്ടിയോ അല്ല, രാഷ്ട്രീയം രാഷ്ട്രത്തിന് വേണ്ടിയാണെന്ന സന്ദേശമാണ് അദ്ദേഹം ജീവിതം കൊണ്ട് പഠിപ്പിച്ചത്. ആ മഹാന്റെ പാത പിന്തുടരുന്നെന്ന് അവകാശപ്പെടുന്ന ആധുനിക ഗാന്ധിമാര്‍ ദേശീയതലത്തിലും സംസ്ഥാനത്തും ചെയ്യുന്ന വൃത്തികേടുകള്‍ ജനം അതിന്റെ നെല്ലിപലകയെത്തിയിട്ടും സഹിക്കുകയാണ്.
പുറത്ത് ഒരു സമ്മേളനത്തില്‍ പട്ടികവിഭാഗത്തില്‍പെട്ട, പരിചയരാഹിത്യമുള്ള വനിതാ കേന്ദ്രമന്ത്രി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ സഭ സ്തംഭിപ്പിച്ചാണ് അവര്‍ ദേശീയതലത്തില്‍ ഭാരത ജനതയെ വെല്ലുവിളിക്കുന്നതെങ്കില് പറയുന്നതും ചെയ്യുന്നതുമായി പുലബന്ധമില്ലാത്ത കപട ജനപക്ഷയാത്ര നടത്തിയാണ് കേരളത്തില്‍ വോട്ടര്‍മാരെ വിഡ്ഡികളാക്കുന്നത്.
അക്രമരഹിതവും ലഹരിമുക്തവും അഴിമതിരഹിതവും വികസിതവുമായ കേരളസൃഷ്ടിക്കായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വി.എം.സുധീരന് നയിക്കുന്ന ജനപക്ഷയാത്ര എന്ന നാടകയാത്ര നാളെ തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രധാന നേട്ടം കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ പുനര്‍ജീവനമാണ്.
മദ്യരഹിത കേരളത്തിന്റെ സന്ദേശം നല്കി യാത്ര നടത്തുമ്പോള്‍ വി.എം.സുധീരന് പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി ഭാരവാഹികളില്‍ നിന്നും ഏറ്റുവാങ്ങുന്നത് 15000 രൂപയാണ്. ഇത് അതാത് സ്ഥലത്തെ ബാറുടമകളുടെയും കള്ളുകച്ചവടക്കാരന്റെയും പലിശപ്പിരിവുകാരന്റെയും കഴുത്തുഞെരിച്ചുണ്ടാക്കിയതാണ്.
അക്ഷരാര്‍ത്ഥത്തില്‍ പാവപ്പെട്ടവന്റെ കണ്ണീരും ചോരയും വീണ പണം. സുധീരന് ആദര്ശധീരമായി യാത്ര നടത്തുമ്പോള്‍ കള്ളുകച്ചവടക്കാരോട് പണത്തിനായി വില പേശുകയാണ് കോണ്‍ഗ്രസുകാരെന്ന് ദിവസേന തെളിവുകള്‍ വരുന്നു.
ബാറുകള്‍ പൂട്ടി പെരുവഴിയിലായിട്ടും ബാര്‍മുതലാളിമാരുടെ കാശുവേണമെന്നാണ് പാര്‍ട്ടിയില്‍ തന്നെയുള്ള അടക്കം പറച്ചില്. ഷാപ്പിലെ കള്ളുകച്ചവടക്കാരെ പോലും വെറുതെ വിടുന്നില്ല.
കൊല്ലത്ത് ഷാപ്പുകളില്‍ കയറിയിറങ്ങിയ യൂത്തന്മാരും നേതാക്കന്മാരും ബാറുകളിലെ വരുമാനനഷ്ടം കൂടി കണ്ടറിഞ്ഞ് സംഭാവന ചെയ്യണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഖനന മാഫിയകള്‍ അരങ്ങു തകര്‍ക്കുന്ന കിഴക്കന്‍മേഖലയിലാണ് തകര്‍പ്പന്‍ പിരിവ് നടന്നത്.
പരിസ്ഥിതിയെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന ക്വാറി മാഫിയകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചെല്ലുന്നതും കാത്തിരിക്കുകയായിരുന്നു. ചിതറയിലെ ഒരു മുതലാളിയില്‍ നിന്നും അരലക്ഷത്തോളം രൂപ സംഭാവന പിരിച്ചെടുത്തു.
സുധീരന്റെ ഷോക്ക് ട്രീറ്റ്മെന്റിനെ പറ്റി മുന്‍കൂട്ടിയറിയുന്ന പ്രാദേശികനേതാക്കള്‍ പക്ഷേ വ്യാജരസീതിലാണ് പണം തട്ടിയെടുത്തത്. പണമുണ്ടാക്കാന്‍ തക്കം പാര്‍ത്തിരുന്ന കോണ്‍ഗ്രസിലെ ഒരുവിഭാഗം പ്രാദേശികനേതാക്കളുടെ കൃഷിയായിരുന്നു ഇതെന്ന് പിന്നീട് ഔദ്യോഗികരസീതുമായി ചില കോണ്‍ഗ്രസ് നേതാക്കള്‍ വന്നപ്പോഴാണ് മുതലാളിക്ക് പിടികിട്ടിയത്.
ബാറില്‍ നിന്നും പിരിവെടുത്തതിന് നേരത്തെ ഒരു നേതാവിനെ സുധീരന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നല്ലോ. എന്നാല്‍ കിട്ടുന്ന അവസരത്തില്‍ പണം പിരിച്ചെടുക്കുകയും വേണം. കരുനാഗപ്പള്ളിയില്‍ വ്യാജരസീതുകള്‍ വഴി ലക്ഷങ്ങള്‍ ഒറ്റദിവസം കൊണ്ട് ഇക്കൂട്ടര്‍ പിരിച്ചുവിഴുങ്ങി.
പാര്‍ട്ടി രസീതിന് പുറമേ സേവാദള്‍, ഐഎന്‍ടിയുസി എന്നിവയുടെ പേരിലും കണക്കില്ലാത്ത കൂപ്പണുകളുമായി നാടുമുഴുവന്‍ ‘കൊള്ള’യടിച്ചിരിക്കുന്നു. ജനത്തിനിപ്പോള്‍ ഒരു സംശയം മാത്രമേയുള്ളൂ. ഇതോ രാഷ്ട്രീയം ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: