കൊച്ചി: രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാര്‍ ശബരിമലയിലേക്ക് ഒഴുകിയെത്തുമ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളിയായ ഒരു സന്യാസശ്രേഷ്ഠനുണ്ട്. പ്രശസ്തി പരാങ്മുഖനായ വ്യക്തി. അദ്ദേഹത്തെക്കുറിച്ച് നാം ഏറെ പഠിക്കാനുണ്ട്.
നെയ്യാറ്റിന്‍കര മേടയില്‍ വീട്ടില്‍ ജനിച്ച ഗോവിന്ദന്‍നായരാണ് പില്‍ക്കാലത്ത് സ്വാമി വിമോചനാനന്ദ എന്ന പേരില്‍ അറിയപ്പെട്ടത്. കലാലയ വിദ്യാഭ്യാസത്തിനുശേഷം റവന്യൂ ഉദ്യോഗസ്ഥനായി ഔദ്യോഗികജീവിതം ആരംഭിച്ചെങ്കിലും മേലുദ്യോഗസ്ഥരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ജോലി രാജിവെച്ചു.
അഭേദാനന്ദസ്വാമികളുമായുള്ള നിരന്തരസമ്പര്‍ക്കമാണ് ബാല്യത്തിലേ അയ്യപ്പഭക്തനായിരുന്ന ഗോവിന്ദനെ സംന്യാസവൃത്തിയിലേക്ക് നയിച്ചത്. ഇതിനിടെ അദ്ദേഹം ഗൃഹസ്ഥാശ്രമിയായെങ്കിലും ജീവിതം ഒരു സംന്യാസിയുടേത് പോലെയായിരുന്നു. കരമന എന്‍എസ്എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായിരുന്നു സഹധര്‍മ്മിണിയായ കാര്‍ത്യായനിയമ്മ.
പിന്നീട് ഗൃഹസ്ഥാശ്രമം ഉപേക്ഷിച്ച് ശബരിമല സന്നിധാനത്തില്‍ ഏറെക്കാലം തപോധനനായിക്കഴിഞ്ഞു. അവിടെവെച്ചാണ് അന്നത്തെ മേല്‍ശാന്തി അമ്പിളി കൃഷ്ണന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ വിമോചനാനന്ദ എന്ന പേരില്‍ ആത്മസംന്യാസം സ്വീകരിച്ചത്. തുടര്‍ന്ന് അഭേദാനന്ദസ്വാമിയോടൊപ്പം ഹിമാലയത്തിലേക്ക് യാത്ര പുറപ്പെട്ടെങ്കിലും ഇടക്കുവെച്ച് താന്‍ ആരാധിച്ചുവന്നിരുന്ന അയ്യപ്പസ്വാമിയുടെ മാലപൊട്ടിയത് അദ്ദേഹം അപശകുനമായികരുതി.
ഹരിദ്വാറില്‍ എത്തിയപ്പോഴാണ് ശബരിമല അഗ്‌നിക്കിരയായെന്ന ദുഃഖവാര്‍ത്തയറിയുന്നത്. 1952-ലായിരുന്നു സംഭവം. അന്ന് ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതിനാലാണ് വാര്‍ത്ത അറിയാന്‍ വൈകിയത്. അതായത് മാലപൊട്ടി വീണ സംഭവവും ക്ഷേത്രം അഗ്‌നിക്കിരയായതും ഏതാണ്ട് ഒരേ സമയമായിരുന്നു.
ഒരു അറിയിപ്പ് എന്ന പോലെയായിരുന്നു അത്. ഈ സംഭവമാണ് സ്വാമി വിമോചനാനന്ദയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. പിന്നീട് അദ്ദേഹത്തിന്റെ ഊണിലും ഉറക്കത്തിലും ഏകചിന്ത അയ്യപ്പസ്വാമി മാത്രം. അയ്യപ്പനല്ലാതെ അദ്ദേഹത്തിന്റെ മനസ്സില്‍ മറ്റൊന്നും കയറിയില്ല.
ഒരിടത്തും സ്ഥിരമായി ഇരിപ്പുറപ്പിക്കാതെ സദാ സഞ്ചരിച്ചുകൊണ്ടിരുന്ന സ്വാമിജിയായിരുന്നു അദ്ദേഹം. യാത്രക്കിടയില്‍ ഏത് ക്ഷേത്രത്തിലാണോയെത്തിച്ചേരുന്നത് അവിടെ പ്രഭാഷണം നടത്തും. യാതൊരു പ്രതിഫലവുമില്ലാതെയായിരുന്നു ഇതെല്ലാം. അയ്യപ്പന്റെ ഇച്ഛ താന്‍ ചെയ്യുന്നുവെന്നുമാത്രം. ഇതായിരുന്നു ചിന്ത. അങ്ങനെയിരിക്കെ 1952 ല്‍ കാശിയിലാണ് അദ്ദേഹം ആദ്യമായി ഒരു അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നത്.
ഒരു ഒറ്റയാന്‍പട്ടാളത്തിന്റെ തുടക്കമായിരുന്നു അത്. കാശിയിലെ തില പാണ്‌ഡേശ്വര്‍ മഠത്തിലെ അന്തേവാസിയായിരുന്ന അഴഗിരിസ്വാമികളുടെ സഹകരണത്തോടെയാണ് കാശിയിലെ അയ്യപ്പക്ഷേത്രനിര്‍മ്മാണം ആരംഭിച്ചതും പൂര്‍ത്തീകരിച്ചതും.
അങ്ങനെ അദ്ദേഹത്തിന്റെ ഒറ്റക്കുള്ള നീണ്ട തപസ്വാധ്യായത്തിന്റെ ഫലമായി കാശി, ഹരിദ്വാര്‍, കരിപത്തൂര്‍, ഖമ്മം, ശ്രീരംഗപട്ടണം, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ അയ്യപ്പക്ഷേത്രങ്ങള്‍ ഉയര്‍ന്നു. ഇതിനിടയില്‍ നാമക്കല്ലില്‍ ഒരു ആ്രശമവും സ്ഥാപിച്ചു.
ക്ഷേത്രങ്ങള്‍ ആരംഭിച്ചുവെന്നല്ലാതെ ഒരിടത്തും അദ്ദേഹം ഭരണകാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല. അത് തദ്ദേശവാസികളായ ആളുകള്‍ അടങ്ങിയ ഒരു കമ്മറ്റിയെ ഏല്‍പ്പിക്കുകയാണ്‌ചെയ്തത്. ഇടക്കിടെ അവിടങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നു മാത്രം. എല്ലാറ്റിനും പിന്നില്‍ അയ്യപ്പന്‍ എന്ന ഒരു ചിന്ത മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി അയ്യപ്പക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയുണ്ടായെങ്കിലും കേരളത്തില്‍ ഒരെണ്ണം നിര്‍മ്മിക്കണമെന്ന് ഇക്കാലത്ത് മനസ്സില്‍ ഒരു ആഗ്രഹം ഉയര്‍ന്നുവരികയുണ്ടായി. ഇതിന് ഒറ്റപ്പാലത്ത് സ്ഥലം ലഭിച്ചെങ്കിലും അതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ സ്വാമിജിക്ക് കഴിഞ്ഞില്ല. ഇതിനിടയില്‍ അദ്ദേഹം സമാധിയാകുകയാണുണ്ടായത്. 1985 നവംബര്‍ 26 ന് ആന്ധ്രയിലെ കാക്കിനഡയില്‍വെച്ചായിരുന്നു സമാധി.
വിമോചനാനന്ദസ്വാമികള്‍ കൈലാസയാത്ര നടത്തുന്നതിനിടെ ഒരു ഗുഹയില്‍വച്ച് ആത്മാവിനെ ദര്‍ശിക്കുവാനുള്ള ഒരു അസുലഭാവസരം ലഭിച്ചു. ഇതാണ് വിമോചനാനന്ദസ്വാമികളുടെ ദൗത്യത്തെ കൂടുതല്‍ പ്രകാശമാനമാക്കിയത്.
ഒരു മാര്‍വാടി ഭക്തന്റെ സഹായത്തോടെ ഹരിദ്വാറില്‍ ഉയര്‍ത്തിയ അയ്യപ്പക്ഷേത്രത്തില്‍ കേരളീയ തന്ത്രവിദ്യകള്‍ക്കനുസൃതമായ പൂജാവിധികളാണ് നടക്കുന്നത്. ഹിമാലയയാത്രക്കാര്‍ക്ക് തങ്ങാനുള്ള സൗകര്യങ്ങളും അവിടെയുണ്ടായിരുന്നു. ഹിമാലയത്തിലേക്കുള്ള അന്നത്തെ യാത്രക്കാര്‍ക്ക് വലിയ ആശ്രയകേന്ദ്രമായിരുന്നു അത്. ഇന്നത്തെപ്പോലുള്ള സംവിധാനങ്ങള്‍ ഒന്നും അക്കാലത്ത് ഉണ്ടായിരുന്നില്ലല്ലോ.
സ്വാമി വിമോചനാനന്ദ നടത്തിയ ഈ ദൗത്യത്തെക്കുറിച്ച് മലയാളികള്‍ക്കിടയില്‍ വേണ്ടത്ര ഒരു അവബോധമുണ്ടായിട്ടില്ലെന്നതാണ് ഒരു പരാജയം. അദ്ദേഹം നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍, അതിന് നടത്തിയ സാഹസികയാത്രകള്‍, അനുഭവങ്ങള്‍ എന്നിവയെല്ലാം പുറത്തുവരേണ്ടിയിരിക്കുന്നു. ഇതിന് അയ്യപ്പഭക്ത സംഘടനകള്‍ മുന്‍കയ്യെടുക്കേണ്ടതുണ്ട്.
ഒരു സമഗ്രമായ പഠനത്തിലൂടെ മാത്രമേ അതെല്ലാം വിലയിരുത്താനാവൂ. ഇന്നത്തെ അപേക്ഷിച്ച് യാത്രാസൗകര്യങ്ങള്‍ തീരെ അപര്യാപ്തമായ ഒരു കാലത്താണ് അദ്ദേഹം രാജ്യത്തിന്റെ നാനാഭാഗത്തും ഭക്തരുടെ സഹകരണത്തോടെ ക്ഷേത്രങ്ങള്‍ പടുത്തുയര്‍ത്തിയതെന്ന് ഓര്‍ക്കേണ്ടതുണ്ട്. മാത്രമല്ല പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശബരിമല ഇത്ര പ്രശസ്തവുമായിരുന്നില്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്.
അദ്ദേഹത്തെക്കുറിച്ച്, അദ്ദേഹം ചെയ്ത സംഭാവനകള്‍ മനസ്സിലാക്കി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും സ്വാമി വിമോചനാനന്ദയോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സല്‍പ്രവൃത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: