ആലുവ: പാര്‍ക്കിംഗ് ഏരിയയില്‍ കിടന്ന ചരക്കുലോറിയും സമീപത്തുണ്ടായിരുന്ന മറ്റൊരു ലോറിയും അഗ്നിക്കിരയായി. ഏകദേശം 45 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ചരക്കുലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി രണ്ടാമത്തെ ലോറിയിലേക്ക് തീ പടരുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആലുവ മുട്ടം തൈക്കാവിന് സമീപം വിഘ്നേശ്വര്‍ പേ ആന്റ് പാര്ക്കിലായിയിരുന്നു അപകടം. ഫാക്ടില്‍ നിന്ന് തമിഴ്നാട്ടിലെ ഡിപ്പോയിലേക്കുള്ള ഫാക്ടംഫോസ് കയറ്റിയ ലോറിയും സമീപമുണ്ടായിരുന്ന മറ്റൊരു ലോറിയുമാണ് കത്തിയത്. തൃശിനാപ്പിള്ളി സ്വദേശി പുരുഷോത്തമന്റേതാണ് വളം കയറ്റിയ ലോറി. ഇയാള്‍ തന്നെയാണ് ലോറി ഓടിച്ചിരുന്നത്. നേരത്തെ കൊച്ചിയില്‍ ചരക്കുമായെത്തിയപ്പോള് ഗതാഗത നിയമം ലംഘിച്ചതിന് ട്രാഫിക്ക് പോലീസ് പിടികൂടിയതിന് പുരുഷോത്തമന് കൊച്ചിയില്‍ പിഴയടക്കാന്‍ പോയപ്പോഴായാരിന്നു തീപിടിത്തം ഉണ്ടായത്.
കോഴിക്കോട് കുന്നമംഗലം സ്വദേശി ഗഫൂറിന്റെ ലോറിയാണ് കത്തിയ രണ്ടാമത്തെ ലോറി. തീപിടിച്ചപ്പോള്‍ ഡ്രൈവര്‍ അഷറഫ് (38) സമീപത്തെ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലായിരുന്നു. തീപിടിത്തമറിഞ്ഞെത്തിയ അഷറഫ് കുഴഞ്ഞു വീണു. ഇയാളെ കളമശേരി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലടിയിലേക്ക് അരിയുമായെത്തിയ ലോറി തിരിച്ച് ഓട്ടം ലഭിക്കുന്നതിനായി മുട്ടത്തെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു.
കളമശേരി, ഏലൂര്‍, ആലുവ എന്നിവിടങ്ങളില്‍ നിന്നായി നാല് ഫയര്‍ യൂണിറ്റുകളെത്തിയാണ് തീയണച്ചെങ്കിലും അപ്പോഴേക്കും പൂര്‍ണമായി ലോറികള്‍ അഗ്നിക്കിരയായിരുന്നു. പാര്‍ക്കിംഗ് ഏരിയയില്‍ കാടുപിടിച്ചിരുന്ന വൈക്കോലും പുല്ലും കത്തിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: