പത്തനാപുരം: പട്ടാഴി കാട്ടാമല പാറഖനനകേസ് പഞ്ചായത്തിനനുകൂലമായി കോടതിവിധി. കാട്ടാമലയില്‍ പാരിസ്ഥിതിക പഠനം കൂടി നടത്തിയതിനുശേഷം മാത്രം തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്ന് കോടതി വിധിച്ചു.
നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന കാട്ടാമലയില്‍ ജനവാസ കേന്ദ്രത്തിന് സമീപത്താണ് നിര്‍ദ്ദിഷ്ട പാറക്വാറി. കൂടാതെ പൂക്കുന്നിമല കുടിവെള്ളപദ്ധതിയുടെ ശുദ്ധീകരണശാലയും ജലസംഭരണിയും കാട്ടാമലയുടെ വശങ്ങളിലാണ്. പട്ടാഴി ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ക്വാറി നിര്‍മ്മിക്കുന്നതിനെതിരെ പഞ്ചായത്താണ് ആദ്യം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കാട്ടാമലയില്‍ ആഘാതപഠനം നടത്താന്‍ ഉത്തരവാകുന്ന പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്വാറി ഉടമയ്ക്ക് അനുകൂല നിലപാട് ഉണ്ടാകുമെന്ന സാഹചര്യത്തില്‍ പട്ടാഴി, പട്ടാഴി വടക്കേക്കര, തലവൂര്‍ പഞ്ചായത്തുകള്‍ കേസില്‍ കക്ഷി ചേരുകയായിരുന്നു. എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് പാരിസ്ഥിതിക പഠനറിപ്പോര്‍ട്ട് കൂടി നല്കാന് കോടതി ഉത്തരവിട്ടു. നാലുമാസം മുമ്പ് സൂററ്റിലെ ഐഐടി ഉദ്യോഗസ്ഥരാണ് ആഘാതപഠനം നടത്തിയത്. എന്നാല്‍ പഠനറിപ്പോര്‍ട്ടില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് വ്യാപകപരാതി ഉയര്‍ന്നിരുന്നു. നിലവില്‍ പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ്കുമാറും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
ഹൈക്കോടതി നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥസംഘം ഇരുകക്ഷികളുടെയും സാന്നിധ്യത്തില്‍ മാത്രമേ പഠനം നടത്താന്‍ പാടുള്ളുവെന്നും വിധിയില്‍ പരാമര്‍ശമുണ്ട്. കാട്ടാമലയില്‍ പാറക്വാറി പ്രവര്‍ത്തനം ആരംഭിച്ചാല്‍ ജനവാസമേഖലയ്ക്കും പൂക്കുന്നിമല കുടിവെള്ള പദ്ധതിക്കും ദോഷകരമായി മാറുമെന്ന് പട്ടാഴി പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: