കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്തിലെ വെള്ളനാതുരുത്ത് മൈനിംഗ് ഏരിയായില്‍ ഏറ്റെടുത്ത ഭൂമിക്ക് വില നല്‍കുകയോ തുടര്‍നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുകയോ ചെയ്തില്ലെന്ന് ആക്ഷേപം. ഇതുകാരണം ഭൂമിയുടെ ഉടമകളായ ജനങ്ങള്‍ക്ക് യാതൊന്നും ചെയ്യാന്‍ കഴിയാതെ ദുരിതത്തിലാണ്.
കാര്യം ശ്രദ്ധയില്‍പ്പെട്ട സി.ദിവാകരന് എംഎല്‍എ തീരുമാനം എടുപ്പിക്കുന്നതിന് അസംബ്ലിയില്‍ ഉന്നയിക്കാമെന്ന് കരുനാഗപ്പള്ളി താലൂക്ക് വികസന സമിതിയില്‍ ഉറപ്പു നല്കി. ചവറ കെഎംഎംഎല്ലിന്റെ പരിസരം മുഴുവന്‍ മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും കെഎംഎംഎല്ലും ചവറ പോലീസും ഇടപെട്ട് അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്നും കരുനാഗപ്പള്ളിയില്‍ കോടതി സമുച്ചയം തുടങ്ങുന്നതിന് കെഐപി ഭൂമി വിട്ടുകൊടുക്കാമെന്നും വകുപ്പുമന്ത്രി തീരുമാനിച്ചെങ്കിലും പ്രസ്തുത ഭൂമിക്ക് ചുറ്റും മതില്‍കെട്ടി സംരക്ഷിക്കുന്നതിന് നഗരസഭ നടപടിയെടുക്കണമെന്നും സി.ദിവാകരന് എംഎല്‍എ ആവശ്യപ്പെട്ടു.
കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി വില്ലേജില്‍ മാത്രം നിലവിലുള്ള തറവിലയുടെ പത്തുമടങ്ങ് വര്‍ധിപ്പിച്ചാണ് നേരത്തെ വില്ലേജ് ഓഫീസര്‍ തറവില നിശ്ചയിച്ചിരുന്നത്. ഇതിനെതിരെ കരുനാഗപ്പള്ളി നഗരസഭ പതിമൂന്നാം ഡിവിഷന് മൈക്രോനഗര് റസിഡന്‍സ് അസോസിയേഷന്, മുഖ്യമന്ത്രി, റവന്യുമന്ത്രിയുള്പ്പെടെയുള്ളവര്ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോള്‍ തറവില 50 ശതമാനം കൂടി സര്‍ക്കാര്‍ വര്‍ധിപ്പിച്ചതോടെ പാവപ്പെട്ടവര്‍ക്ക് ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടിലാണ്. ഇത് പരിഹരിക്കാന്‍ താലൂക്ക് തഹസില്‍ദാര്‍ ജില്ലാകളക്ടറുമായി ബന്ധപ്പെട്ട് അടിയന്തിരനടപടി സ്വീകരിക്കാന്‍ വികസനസമിതി തീരുമാനിച്ചു.
വാട്ടര്‍ അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥമൂലം കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ നിരവധി പഞ്ചായത്തുകളില്‍ കുടിവെള്ളം ലഭിക്കുന്നില്ല. മിക്ക സ്ഥലങ്ങളിലും പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. ജനങ്ങള്‍ നേരിട്ട് വാട്ടര്‍ അതോറിറ്റിയോട് ബന്ധപ്പെട്ടിട്ടും കുടിവെള്ളം ലഭിക്കുന്നതിന് നടപടിയായില്ലെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. സി.ദിവാകരന് എംഎല്‍എ അധ്യക്ഷനായി. തഹസില്‍ദാര്‍ എ.ബഷീര്‍കുഞ്ഞ് സ്വാഗതം പറഞ്ഞു. നഗരസഭാചെയര്‍മാന്‍ എച്ച്.സലിം, വി.സദാനന്ദന്, വാഴയില്‍ ഗോപി, തൊടിയൂര്‍ താഹ, ജി.വിക്രമന്, ഡി.ചിദംബരന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെവന്തകുമാരി എന്നിവര്‍ സംസാരിച്ചു. ജില്ലാപഞ്ചായത്ത് അംഗം സി.രാധാമണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: