കൊല്ലം: ജില്ലയിലെ അധികാര വികേന്ദ്രീകരണപ്രവര്ത്തനങ്ങളെ തുരങ്കം വയ്ക്കുന്ന തരത്തില്‍ പഞ്ചായത്തുകളിലെ ജീവനക്കാരെ മാനദണ്ഡമില്ലാതെ സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്യണമെന്ന് ജില്ലാ ആസൂത്രണസമിതി പ്രമേയം പാസാക്കിയതായി ആസൂത്രണസമിതി ചെയര്‍മാനും ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ എസ്.ജയമോഹന് പറഞ്ഞു.
പദ്ധതിപ്രവര്‍ത്തനങ്ങളുടെ നിര്‍വഹണഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ സ്ഥലം മാറ്റിയത് മൂലം ജില്ലയിലാകെ ഗ്രാമപഞ്ചായത്തുകളിലെ പദ്ധതി നിര്‍വഹണത്തില്‍ തടസം നേരിടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ തികച്ചും രാഷ്ട്രീയപ്രേരിതമായി ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റുന്നതുമൂലം ജീവനക്കാരന്റെ മനോവീര്യത്തെയാണ് ഇത് ബാധിക്കുന്നത്.
കെട്ടിടനികുതി പരിഷ്കരണം, പദ്ധതിപ്രവര്‍ത്തനങ്ങള്‍, ത്രിതലപഞ്ചായത്ത് ഇലക്ഷന് സംബന്ധമായ ജോലികള്‍ മറ്റ് ജനോപകാരപദ്ധതികള്‍ നടപ്പാക്കുന്ന പഞ്ചായത്തുകളിലെ ജീവനക്കാരെ യാതൊരു തത്വദീക്ഷയുമില്ലാതെ മാറ്റിയ നടപടി റദ്ദ് ചെയ്യണമെന്ന് പ്രമേയത്തിലൂടെ ജില്ലാ ആസൂത്രണസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊല്ലംജില്ല പദ്ധതി ആസൂത്രണത്തിലും നിര്‍വഹണത്തിലും വളരെ മുന്‍പന്തിയിലെത്തിയിരുന്നു. ഇത്തവണ പദ്ധതി നിര്‍വഹണത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റംമൂലം പദ്ധതി നിര്‍വഹണ പ്രതിസന്ധി നേരിടേണ്ട സാഹചര്യമാണുള്ളത്. ഈ സ്ഥലംമാറ്റം റദ്ദ് ചെയ്യുന്നതിനു വേണ്ടി വകുപ്പുമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ടെന്നും എസ്.ജയമോഹന് പറഞ്ഞു.
കൊല്ലം തേവള്ളിയിലെ ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ ജില്ലാ ആസൂത്രണസമിതി അംഗങ്ങള്‍, പ്ലാനിംഗ് ഓഫീസര്‍ കെ.രാജേന്ദ്രന്, ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: