കൊട്ടിയം: തിരുവനന്തപുരം കിംസ് ആശുപത്രിയുടെ പത്താമത്തെ നിലയില്‍ നിന്നും വീണ് മരിച്ച റോജിറോയിയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊട്ടിയം കിംസ് ആശുപത്രിയിലേക്ക് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ആക്ഷന്‍ കൗണ്‍സിലിന്റെയും ജില്ലാ ബധിരമൂക അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ച് കണ്ടുനില്‍ക്കുന്നവരെ പോലും കണ്ണീരിലാഴ്ത്തി.
റോജിയുടെ മാതാപിതാക്കളും സഹോദരനെയും മുന്നില്‍നിര്‍ത്തി നടത്തിയ മാര്‍ച്ചില്‍ കരഞ്ഞുകൊണ്ടാണ് മാതാപിതാക്കള്‍ ചുവടുവച്ചത്. ശബ്ദമുയര്‍ത്താന്‍ കഴിയാത്തവര്‍ കൈകളുയര്‍ത്തി തങ്ങള്‍ക്കാവുന്ന ഭാഷയിലാണ് പ്രതിഷേധമുയര്‍ത്തിയത്. കൊട്ടിയം ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രതിഷേധമാര്‍ച്ച് കിംസ് ഹോസ്പിറ്റലിന് മുന്നില്‍ അവസാനിച്ച് മാര്‍ച്ച് ആക്ഷന്‍കൗണ്‍സില്‍ രക്ഷാധികാരിയും നെടുമ്പന പഞ്ചായത്ത് പ്രസിഡന്റുമായ പ്രസന്നാ രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
റോജിറോയിയുടെ മരണത്തിനുശേഷം ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള ഓരോ ഇടപെടലുകളും ദുരൂഹത ഉണര്‍ത്തുന്നതാണ്. അതുകൊണ്ടുതന്നെ റോജിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം ജനങ്ങള്‍ക്ക് അറിയണം. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അതിന് ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്. അതിനുവേണ്ടിയാണ് സമരമെന്ന് പ്രസന്നരാമചന്ദ്രന് പറഞ്ഞു. ഇനിയും ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ജിജി ജേക്കബ്, കെ.യു.ഷിജുകുമാര്‍, സഞ്ജയ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: