കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ മാലിന്യ പ്രശ്നം പരിഹാരമാകാതെ നഗരത്തില്‍ മാലിന്യം കുന്നുകൂടുമ്പോഴും അനധികൃത കെട്ടിട നിര്‍മാണവും അലാമിപ്പള്ളി ബസ്റ്റാന്റ് ഭൂമി ഇടപാടും സംബന്ധിച്ച് ചര്‍ച്ചയും ബഹളവുമായി ഇന്നലെ വീണ്ടും കൗണ്‍സില്‍ യോഗം നടന്നു.
അലാമിപ്പള്ളി ബസ്റ്റാന്റ് ഭൂമി ഇടപാടില്‍ ക്രമക്കേടുണ്ടെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബസ്റ്റാന്റ് ഭൂമി ഹൊസ്ദൂര്‍ഗ് താലൂക്ക് സര്‍വെയര്‍ അളന്നിരുന്നു. ഇതില്‍ മൂന്ന് സെന്റ് ഭൂമിയുടെ കുറവ് ഉള്ളതായി സര്‍വേയറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് നഷ്ടപ്പെട്ടുവെന്ന് ഉറപ്പാക്കാന്‍ തൊട്ടടുത്ത സര്‍വെ നമ്പറുകളിലുള്ള സ്വകാര്യ ഭൂമി അളന്നാല്‍ മാത്രമെ സാധ്യമാകുവെന്നും സര്‍വെയര്‍ പറഞ്ഞിരുന്നു.
പ്രസ്തുത സ്ഥലം അളക്കുന്നതു സംബന്ധിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് നോട്ടീസ് നല്കുവാനുള്ള കാര്യം കൗണ്‍സില്‍ മുമ്പാകെ വെയ്ക്കാനാണ് ഇന്നല യോഗം ചേര്‍ന്നത്.
യോഗാരംഭത്തില്‍ കാഞ്ഞങ്ങാട് ബസ്റ്റാന്റ് കോംപ്ലക്സിനോട് ചെര്‍ന്നുള്ള അനധികൃത കെട്ടിടം പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍ കെ.വി.അമ്പൂഞ്ഞി കൗണ്‍സിലിന്റെ ശ്രദ്ധ ക്ഷണിച്ചതോടെ യോഗത്തില്‍ ബഹളം തുടങ്ങി. മാസങ്ങള്‍ക്ക് മുമ്പ് പൊളിച്ചു നീക്കാന്‍ തീരുമാനിച്ച കെട്ടിടം നടപടികള്‍ വൈകുന്നത് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചു. കെട്ടിടം അനധികൃതമാണോ എന്ന് തീരുമാനിക്കാന്‍ ബസ്റ്റാന്റ് സ്ഥലം അളക്കാന്‍ താലൂക്ക് സര്വെയറോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് സെക്രട്ടറിയുടെ മറുപടിയോടെ കൗണ്‍സിലര്‍മാര്‍ ആക്രോശവുമായെത്തി.
അനധികൃതമാണോയെന്നറിയാന് ലൈസന്‍സിനായി നഗസസഭയില് തന്ന കടയുടമയുടെ രേഖകള്‍ പരിശോധിച്ചാല്‍ പോരെയെന്ന് കൗണ്‍സിലര്‍മാര്‍ വാദിച്ചു. കെട്ടിട ഉടമകളെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭയിലെ ഉദ്യോഗസ്ഥന്മാര് സ്വീകരിക്കുന്നതതെന്നും ആരോപമുയര്‍ന്നു. താലൂക്ക് സര്‍വെയറെ ഏല്‍പ്പിച്ച സമയം കളയാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം വാദിച്ചു.
അനധികൃത കയ്യേറ്റം സംബന്ധിച്ച് നടപടികള്‍ അനന്തമായി നിളുകയാണെന്നും കുറ്റപ്പെടുത്തി. അലാമിപ്പള്ളി ബസ്റ്റാന്റ് ഭൂമി ഇടപാട് വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യം ഇന്നലെ വീണ്ടും ചര്‍ച്ചയായി. ഇതുസംബന്ധിച്ച് തെളിവുകള്‍ നിരത്തി മൂന് ചെയര്മാന് ഹസീന താജുദ്ദീന് വാദിച്ചപ്പോള്‍ എന്‍.എ.ഖാലിദും ഹസീന താജുദ്ദീനും തമ്മിലുള്ള അഭിപ്രായ ഭിന്നത വീണ്ടും തലപൊക്കുകയായിരുന്നു.
ഭൂമി ഇടപാട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരൊക്കയോ ഭയക്കുന്നുവെന്നും ഹസീന പറഞ്ഞു. അലാമിപ്പള്ളിയില്‍ ബസ്റ്റാന്റ് നിര്‍മാണത്തിന് തടയിടാനുള്ള ചിലരുടെ ഗൂഡ തന്ത്രത്തിന്റെ ഭാഗമാണ് പ്രശ്നം വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് ഭരണപക്ഷം ആരോപിച്ചു. അലാമിപ്പള്ളി ബസ്റ്റാന്റ് സ്ഥലം അളന്ന നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് നോട്ടീസ് നല്കാന് യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: