പുനലൂര്‍: നഗരമധ്യത്തില്‍ തൂക്കുപാലത്തിന് സമാന്തരമായുള്ള കോണ്‍ക്രീറ്റ് പാലം ഒരുകോടി അമ്പത്തിനാല് ലക്ഷം രൂപ ചിലവിട്ട് ബലപ്പെടുത്തല്‍ ആരംഭിച്ചു. എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തീര്‍ത്ഥാടനകാലത്ത് നടക്കുന്നതിനാല്‍ അയ്യപ്പന്മാരാണ് ഏറെ ദുരിത്തിലായത്.
ഒക്ടോബര്‍ 30ന് എറണാകുളം കേന്ദ്രമായുള്ള പത്മജാ എഞ്ചിനീയറിംഗ് ഗ്രൂപ്പാണ് പണികള്‍ ഏറ്റെടുത്തിട്ടുള്ളത്. ബലപ്പെടുത്തലിന്റെ ഭാഗമായി പതിനഞ്ച് മീറ്ററോളം വലിപ്പമുള്ള ഗേജ് ട്രോളിനിര്മ്മാണവും അനുബന്ധപണികളും ഒരുക്കുന്നത് തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കാനും പ്രാഥമികകര്മ്മങ്ങള് നിര്‍വഹിക്കാനും സൗകര്യമുള്ള സ്നാനഘട്ടത്തിലാണ്. ഒക്ടോബര്‍ 30ന് ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തീരാന്‍ രണ്ടുമാസം കൂടി വേണമെന്നിരിക്കെ ഈ തീര്ത്ഥാടകനാളുകളില് ഏറെ ദുരിതമനുഭവിക്കുക അയ്യപ്പഭക്തന്മാരാകും.
വിരി വയ്ക്കുവാനും കുളിക്കുവാനും വിശ്രമത്തിനും ആകെയുള്ള സ്ഥലത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതിനൊന്നും കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലും ചിപ്പിംഗ് നടത്തി വയര്‍ മെഷ് ഹിറ്റ് ചെയ്ത് സാന്ബ്ലാസ്റ്റിംഗ് നടത്തി രണ്ടിഞ്ച് കനത്തില്‍ ഗണേറ്റിംഗ് കോണ്‍ക്രീറ്റ് ചെയ്യുന്ന പണികളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പാലത്തിന്റെ മുകളില്‍ ഇരുഭാഗത്തെയും നടപ്പാതകളില്‍ കൂറ്റന്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുള്ളതും കാല്‍നടക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. പിഡബ്ല്യുഡി ജോലികള്‍ ഏല്‍പ്പിച്ചത് തീര്‍ത്ഥാടനകാലമായതിനാല്‍ നഗരത്തിലെ പ്രധാന ഇടത്താവളമായ ഈ സ്നാനഘട്ടത്തില്‍ തീര്‍ത്ഥാടകര്‍ക്ക് തങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്.
നിരവധി ഡാമുകള്‍, കുടിവെള്ളപദ്ധതികള്‍, പാലം, പൊതുമേഖലാസ്ഥാപനങ്ങളുടെ പ്ലാന്റ് ബലപ്പെടുത്തല്‍ തുടങ്ങി ജില്ലയിലെ തെന്മല ഡാമിന്റെ അറ്റകുറ്റപ്പണികള്‍ വരെ ഏറ്റെടുത്ത് നടത്തിയിട്ടുള്ള ആലുവ സ്വദേശി പി.വി.രഞ്ജിത്തിനാണ് പാലം ബലപ്പെടുത്തലിന്റെ ചുമതല. 35 വര്‍ഷമായി ഈ രംഗത്ത് സജീവമായിട്ടുള്ള രഞ്ജിത്താണ് പത്മജാ ഗ്രൂപ്പില്‍ നിന്നും ഈ പണികള്‍ സബ് കോണ്‍ട്രാക്ട് എടുത്ത് പണികള്‍ നിയന്ത്രിക്കുന്നത്. ഗേജ് ട്രോളിയില്‍ ഒരേസമയം 12ഓളം തൊഴിലാളികള്‍ക്ക് ഒരേസമയം നിന്നുപണിയാന് കഴിയുമെന്നും ഗേജ് ട്രോളി അപകടരഹിതമായാണ് പണിയുന്നതെന്നും രഞ്ജിത് ജന്മഭൂമിയോട് പറഞ്ഞു. പാലത്തിന്റെ പല ഭാഗങ്ങളിലും ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഡബ്ല്യുഡി പണികള്‍ പത്മജാഗ്രൂപ്പിനെ ഏല്‍പ്പിച്ചത്. ഇതിന്റെ ഭാഗമായി കല്ലടയാറ്റിലും സ്നാനഘട്ടത്തിലുമായി ഇതിന്റെ നിര്‍മ്മാണസാമഗ്രികള്‍ സ്ഥാപിച്ച് ദ്രുതഗതിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ പാലത്തിന് താഴെ ഇരുഭാഗങ്ങളിലും കാടുമൂടിയിട്ടുള്ളതിനാല് പാലത്തിന്റെ ബലക്ഷയമോ നിര്മ്മാണഭംഗിയോ ആര്‍ക്കും ബോധ്യപ്പെടുകയുമില്ല. തൂക്കുപാലവും കാടുമൂടിയ നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: