തൃപ്പൂണിത്തുറ: ഹൈസ്കൂള്‍ വിഭാഗം കഥാപ്രസംഗത്തില്‍ മത്സരിച്ച പതിനൊന്നു മത്സരാര്‍ത്ഥികളില്‍ ഭൂരിഭാഗംപേരും പെണ്‍കുട്ടികളായിരുന്നു. ഒന്നിനൊന്ന് മികവ് പുലര്‍ത്തിയുള്ള അവതരണ രീതിയാണ് മത്സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്. അതുകൊണ്ട് മാര്‍ക്കിടാന്‍ തങ്ങള്‍ ബുദ്ധിമുട്ടിയെന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു. മറ്റു ജില്ലകളെ അപേക്ഷിച്ച് എറണാകുളം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ കഥാപ്രസംഗകലയോട് നീതി പുലര്‍ത്താറുണ്ട്. എന്നാല്‍ കുട്ടികള്‍ കാലിക വിഷയങ്ങളുമായി താരതമ്യം ചെയ്യാന്‍ പറ്റുന്ന വിഷയങ്ങള്‍ കഥാപ്രസംഗവേദിയില്‍ അവതരിപ്പിക്കാന്‍ തെരഞ്ഞെടുക്കുന്നില്ലെന്ന് പ്രശസ്ത കാഥികന് ഇടക്കൊച്ചി സലിംകുമാര്‍ അഭിപ്രായപ്പെട്ടു.
യുവജനോത്സവങ്ങളില്‍ വേദികളില്‍ അവതരിപ്പിക്കുന്ന ആവര്‍ത്തന വിരസങ്ങളായ കഥകളാണ് കുട്ടികള്‍ പലരും തന്നെ അവതരിപ്പിച്ചത്. ചൂണ്ടികാണിച്ച തെറ്റുകള്‍ പലതും കുട്ടികള്‍ ആവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. മഹാഭാരതത്തിലെ കര്‍ണ്ണന്റെ ജനന കഥ, തമിഴ് കുടുംബത്തിന്റെ കരളയിക്കുന്ന കദന കഥയായ ചിന്താമണിയൂര്, വയലാറിന്റെ രാവണ പുത്രി, സ്പാര്‍ട്ടക്കസ് അടിമയുടെ കഥ തുടങ്ങിയവയാണ് കുട്ടികള്‍ വേദിയില്‍ അവതരിപ്പിച്ചത്.
ചേര്‍ത്തല ശശി കുമാര്‍, മുതുകുളം സ്വാമനാഥ്, വൈക്കം ദാമുമാസ്റ്റര്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. വയലാറിന്റെ രാവണ പുത്രിയെ അവതരിപ്പിച്ച അമൃത എസ് ഒന്നാംസ്ഥാനം നേടി. എച്ച്.എസ്.എസ്. വളയന്‍ ചിറങ്ങരയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അമൃത. ഇഡിപ്പസിന്റെ കഥ പറഞ്ഞ് കഴിഞ്ഞ ജില്ലാകലോത്സവത്തിലും അമൃത എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. മോണോആക്ടില്‍ രണ്ടാം സ്ഥാനവും തിരുവാതിരയില്‍ എ ഗ്രേഡും ഈ കൊച്ചുമിടുക്കിക്കാണ്. സന്തോഷ് കുമാറും അനിത കെ നായരുമാണ് അമൃതയുടെ മാതാപിതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: