തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷോപലക്ഷം വരുന്ന ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വ്യാപാരികളെ ദോഷകരമായി ബാധിക്കുന്ന വാടക നിയന്ത്രണ ബില്ലില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭക്ഷണത്തിലെ മായം ചേര്‍ക്കലിന്റെയും ഭക്ഷ്യ സുരക്ഷയുടെയും പേരില്‍ നടത്തുന്ന അനാവശ്യ പരിശോധനകളും കട അടച്ച് പൂട്ടല്‍ നടപടികളും അവസാനിപ്പിക്കണം. സോഷ്യല്‍ സൈറ്റുകള്‍ വഴിയുള്ള ഓണ്‍ലൈന്‍ വ്യാപാരികള്‍ സാധാരണക്കാരെ കച്ചവടക്കാരെ ദോഷകരമായി ബാധിക്കുന്നുണ്ട്. അതിനാല്‍ ഓണ്‍ലൈന്‍ കച്ചവടം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഓണ്‍ലൈന്‍ കച്ചവടക്കാര്‍ക്ക് എതിരെ കനത്ത നികുതി ചുമത്തണം. വിറ്റ് വരവ് നികുതിയെന്ന പുതിയ സംവിധാനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും നസറുദ്ദീന്‍ പറഞ്ഞു.
വ്യാപാരികളുടെ തൊഴില്‍ സംരക്ഷിക്കുക, വാടക നിയന്ത്രണ ബില്‍ ഭേദഗതികള്‍ വരുത്തി പാസാക്കുക, ഓണ്‍ലൈന്‍ വ്യാപാരത്തിന് നികുതി ഈടാക്കുക, കടപരിശോധന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. രാവിലെ പതിനൊന്നോടെ മ്യൂസിയം പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് വ്യാപാരികള്‍ അണിനിരന്നു. വാസുദേവന്‍ വയനാട്, ഷെരീഫ് കാസര്‍കോട്, നുജുമുദ്ദീന്‍ ആലപ്പുഴ, വസന്തകുമാര്‍ പത്തനംതിട്ട, ദേവരാജന്‍ കൊല്ലം തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി. വി. ചുങ്കത്ത്, വൈസ് പ്രസിഡന്റുമാരായ പെരിങ്ങമല രാമചന്ദ്രന്, മാരിയല്‍ ക്യഷ്ണന്‍നായര്‍, കുഞ്ഞാവു ഹാജി, വി എന്‍ ഇബ്രാഹിം, ദേവസ്യ മേച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
സെക്രട്ടറിയേറ്റ് മാര്‍ച്ചിനോടനുബന്ധിച്ച് സംസ്ഥാനത്ത് കടകള്‍ അടച്ചിട്ടു. മെഡിക്കല്‍ ഷോപ്പുകള്‍ ഉള്‍പ്പെടെ ഏറെക്കുറേ എല്ലാ കടകളും അടഞ്ഞുകിടന്നു.
ശബരിമല സീസണ് പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലേയും ചെങ്ങന്നൂര്‍ താലൂക്കിലേയും ഹോട്ടലുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: