തലവടി: സ്ത്രീകളുടെ ശബരിമലയായ ചക്കുളത്തുകാവില്‍ അഞ്ചിന് നടക്കുന്ന കാര്‍ത്തിക പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.അമ്മയുടെ അനുഗ്രഹപുണ്യം തേടി അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരും പൊങ്കാല അര്‍പ്പിക്കാന്‍ എത്തും. ക്ഷേത്ര പരിസരങ്ങള്‍ കൂടാതെ തകഴി, തിരുവല്ല, കോഴഞ്ചേരി റോഡ്, ചെങ്ങന്നൂര്‍, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാര്‍, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലെ പൊതു നിരത്തുകളിലും പൊങ്കാല അടുപ്പുകള്‍ നിരക്കും.
പുലര്‍ച്ചെ നാലിന് മഹാഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനം, എട്ടിന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥന, ഒമ്പതിന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും. അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ദീപപ്രകാശനം നടത്തും. 9.30ന് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് ശ്രീകോവില്‍ നിന്ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. 11ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അഞ്ഞൂറിലധികം വേദപണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ദേവിയെ 41 ജിവതകളിലായി എഴുന്നള്ളിച്ച്ഭക്തര് തയ്യാറാക്കിയ പൊങ്കാല നിവേദിക്കും. ജീവത എഴുന്നള്ളത്ത് തിരികെ ക്ഷേത്രത്തില്‍ എത്തിയാലുടന്‍ ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തോമസ് ചാണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. സീമ ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, കൊടിക്കുന്നില്‍ സുരേഷ് എംപി, ഗുരുവായൂര്‍ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റര്‍ കെ.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. യുഎന്‍ വിദഗ്ദ്ധസമിതി ചെയര്മാന് ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകരും. ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ അഡ്വ.കെ.കെ.ഗോപാലകൃഷ്ണന് നായര്‍ സ്വാഗതവും ഉത്സവകമ്മിറ്റി സെക്രട്ടറി സന്തോഷ് ഗോകുലം നന്ദിയും പറയും.
19ന് നാരീപൂജയും 26ന് കലശവും തീരുവാഭരണ ഘോഷയാത്രയും നടക്കും. പൊങ്കാലയുടെ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേ ത്രകാര്യാലയം ഒരുക്കിയിരിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട ജില്ലാ കലക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 10,000 വാളന്റിയേഴ്സിന്റെ സേവനം ലഭ്യമാണ്. ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ വാളന്റിയേഴ്സ് ഭക്തര്‍ക്ക് നിര്‍ദ്ദേശം നല്‍കും. പ്രാഥമിക ആവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്ക് പുറമേ താല്‍ക്കാലിക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊങ്കാല ഇടുന്ന ഭാഗങ്ങളില്‍ 2500 പോലീസുകാരെ വിന്യസിക്കുകയും അടിയന്തരഘട്ടത്തില്‍ ഫയര്‍ഫോഴ്സിന്റെ സേവനവും ലഭ്യമാണ്. മദ്യം, പുകയില വിതരണം തടയാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ആരോഗ്യ വകുപ്പിന്റെ കീഴില്‍ ക്ഷേത്ര മൈതാനത്ത് താല്‍ക്കാലിക ക്ലിനിക്ക് തുറക്കും. 20 ആംബുലന്‍സുകളുടെ സേവനവും ലഭ്യമാണ്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തും. പൊങ്കാല ദിവസം തലവടി ജങ്ഷനില്‍ താല്കാലിക ഡിപ്പോ പ്രവര്‍ത്തിയ്ക്കും. ജലഗതാതഗ സര്‍വീസിന് സ്പെഷ്യല്‍ ബോട്ടുകള്‍ ഏര്‍പ്പെടുത്തി. സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ എടത്വാ കോളേജ്, ഹോളി എഞ്ചല്‍ സ്കൂള്‍, എടത്വാ പോലീസ് സ്റ്റേഷന്, തിരുവല്ല മുന്‍സിപ്പല്‍ സ്റ്റേഡിയം, കാവുംഭാഗം ദേവസ്വം സ്കൂള്‍ എന്നിവടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുടെയും സംഘടനകളുടേയും നേതൃത്വത്തില്‍ സൗജന്യഭക്ഷണവും ചികിസ സൗകര്യവും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: