ആലപ്പുഴ: പാര്‍ക്കിങ് ഫീസുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യവകാശ കമ്മീഷന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി. ആലപ്പുഴ കടപ്പുറത്ത് പാര്‍ക്കിങ് ഫീസ് പിരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആലപ്പുഴ തിരുവമ്പാടി പൊഴിക്കടവ് വീട്ടില്‍ അരുണ്‍കുമാറിനെ വനിതാ പോലീസും എഎസ്ഐയും ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിലാണ് മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ്.
ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ: കൃഷ്ണകുമാര്‍, വനിതാ സിപിഒ: ജസീന്ത എന്നിവര്‍ക്കെതിരെ നടത്തിയ അന്വേഷണത്തെ തുടര്‍ന്നുള്ള നടപടി സംബന്ധിച്ചാണ് മനുഷ്യാവകാശകമ്മീഷന് ജില്ലാ പോലീസ് ചീഫിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.അരുണ്‍കുമാറിന് നേരെയുണ്ടായ മര്‍ദ്ദനത്തെ സംബന്ധിച്ചു പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് നേരിട്ടും അരുണ്‍കുമാറിന്റെ അമ്മ റഫീഖ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലും എടുത്ത കേസുകളിലാണ് പുതിയ ഉത്തരവ്. ബീച്ചില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുകയായിരുന്ന അരുണ്‍കുമാറും സിപിഒ: ജസീന്ത ഭര്‍ത്താവുമായി ബൈക്കിലെത്തിയപ്പോള്‍ പാര്‍ക്കിങ് അവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. പിന്നീട് പെണ്‍കുട്ടിയെ ഫോണില്‍ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതിയില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയുമായിരുന്നു.
മര്‍ദ്ദനവുമായി ബന്ധപ്പെട്ട് അരുണ്‍കുമാര്‍ സ്റ്റേഷനില്‍ നല്കിയ പരാതിയിന്മേല് അന്വേഷണം നടത്തണമെന്നും ആഭ്യന്തരവകുപ്പ് നഷ്ടപരിഹാരമായി അരുണ്‍കുമാറിന് 10,000 രൂപ നല്‍കണമെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. നിലവിലെ അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരില്‍ നിന്നും ഈ തുക ഈടാക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു. ജൂവനൈല്‍ ജസ്റ്റിസ് ആക്ടിനെ കുറിച്ച് ജസീന്ത, കൃഷ്ണകുമാര്‍, സൗത്ത് സിഐ ഉള്‍പ്പെടുന്ന പോലീസുകാര്‍ക്ക് പരിശീലനം നല്‍കണമെന്നും ഉത്തരവായി. സിറ്റിങ്ങില്‍ 75 കേസുകള്‍ പരിഗണിച്ചതില്‍ 20 കേസുകള്‍ ഉത്തരവിനായെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: