കൊച്ചി :ഫഌറ്റുകള്‍ വാടകക്കെടുത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിച്ച് വൈദ്യുതി നിരക്കില്‍ വന്‍ തട്ടിപ്പ് നടത്തിയവര്‍ കുടുങ്ങി. കെഎസ്ഇബി ആന്റ് പവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ പരിശോധനയില്‍ കണ്ടെത്തി. ഗിരിനഗറിലുള്ള കൈപ്പിള്ളി അപാര്‍ട്ട്മെന്റ്സ്, തൃക്കാക്കരയിലെ ഹോയ്സാല അപ്പാര്‍ട്ട്മെന്റ്സ് എന്നിവയിലാണ് ഗാര്‍ഹികാവശ്യത്തിന് നല്കുന്ന വൈദ്യുതി വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയതായി തെളിഞ്ഞത്.
കൊച്ചിന് റിഫൈനറീസ് ലിമിറ്റഡിലെ കരാര്‍ ജോലികള്‍ ഏറ്റെടുത്തിട്ടുള്ള കമ്പനിയാണ് അവരുടെ മാനേജര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും അതിഥികള്‍ക്കും താമസിക്കുന്നതിന് ഫഌറ്റുകള്‍ വാടകക്കെടുത്തത്. രണ്ടു വര്‍ഷമായി ഈ ഫഌറ്റുകള്‍ ഹോട്ടല്‍ പോലെ പ്രവര്‍ത്തിച്ചു വരികയാണ്. രണ്ട് അപാര്‍ട്ട്മെന്റുകളിലെ 15 ഫഌറ്റുകള്‍ക്ക് പ്രത്യേകം വൈദ്യുതി കണക്ഷനാണുള്ളത്.
യൂണിറ്റിന് അഞ്ച് രൂപയില്‍ താഴെയാണ് ഗാര്‍ഹിക ഉപഭോഗത്തിനുള്ള നിരക്കെങ്കില്‍ വാണിജ്യാവശ്യത്തിന് നല്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് പത്ത് രൂപയോളം നല്‍കണം. ഉപയോഗം കൂടുന്നതിനനുസരിച്ച് നിരക്കില്‍ വര്‍ധനവുണ്ടാകും. രണ്ടുവര്‍ഷമായി 15 ഫഌറ്റിലുമായി 10 ലക്ഷത്തോളം രൂപയുടെ അധിക വൈദ്യുതി ഉപയോഗിച്ചതായാണ് വൈദ്യുതി ബോര്‍ഡ് കണക്കാക്കുന്നത്.
രണ്ടു വര്‍ഷത്തെ പിഴ കൂടി കണക്കാക്കി ഇത്രയും തുകക്കുള്ള ബില്ലടക്കാന്‍ ഫഌറ്റ് ഉടമകള്‍ക്ക് ആന്റി തെഫ്റ്റ് വിഭാഗം ഉടന്‍ നോട്ടീസ് നല്‍കും. ഫഌറ്റുകള്‍ വാടകക്കെടുത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും പോലെ പ്രവര്‍ത്തിപ്പിച്ച് നികുതിയിനത്തിലും വൈദ്യുതി നിരക്കിലും വന്‍തോതില്‍ വെട്ടിപ്പ് നടത്തുന്ന പ്രവണത വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് വിജിലന്‍സ് വിഭാഗം പറയുന്നു. മറ്റ് പല അപാര്‍ട്ട്മെന്റുകളിലും ഫഌറ്റുകള്‍ ഇതര ആവശ്യങ്ങള്‍ക്ക് വാടകക്ക് നല്‍കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് പിടിക്കപ്പെട്ടാല്‍ ഫഌറ്റിലെ മുഴുവന്‍ വൈദ്യുതി ക്ണക്ഷനുകളും വാണിജ്യ കണക്ഷനുകളായി കണക്കാക്കി പിഴ ഈടാക്കുമെന്നും വിജിലന്‍സ് വിഭാഗം മുന്നറിയിപ്പ് നല്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശോധന വരും ദിവസങ്ങളിലും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: