രാമപുരം : പാലാ ഡിപ്പോയില്‍ നിന്നും എറണാകുളം അമൃത ഹോസ്പിറ്റലിലേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ മത്സരിച്ചെത്തിയ സ്വകാര്യബസ് മന:പൂര്‍വ്വം ഇടിപ്പിച്ചു. കെഎസ്ആര്‍ടിസി ബസിന്റെ സമയത്തിനുശേഷം ട്രിപ്പ് നടത്തേണ്ട സ്വകാര്യബസ് എല്ലാദിവസവും സമയത്തിന് മുന്‍പ് കെഎസ്ആര്‍ടിസിയുടെ മുമ്പില്‍ ഓടുന്നതുമൂലം ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം പതിവാണ്.
ഇന്നലെ വെള്ളിലാപ്പള്ളി, രാമപുരം ടൗണ്‍, പാലാവേലി തുടങ്ങിയ സ്ഥലങ്ങളില്‍ വച്ച് കെഎസ്ആര്‍ടിസി ബസില്‍ ഇടിപ്പിക്കാന്‍ ശ്രമിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അമനകര ആശ്രയം ജംഗ്ഷനില്‍ വച്ച് കെഎസ്ആര്‍ടിസി ബസ്സില്‍ ഇടിക്കുകയായിരുന്നു. മന:പൂര്‍വ്വം ഇടിപ്പിക്കുകയായിരുന്നുവെന്നു മനസ്സിലാക്കിയ നാട്ടുകാരും കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരും ചേര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു. പോലീസ് സ്ഥലത്തെത്തി സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു.
ഒന്നരവര്‍ഷം മുന്‍പ് ആരംഭിച്ച അമൃത സര്‍വ്വീസ് പാലാ ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസുകളില്‍ ഏറ്റവും കളക്ഷനുള്ള ഒന്നാണ്. ഈ സര്‍വ്വീസ് തകര്‍ക്കുന്നതിന് ആരംഭകാലം മുതല്‍ സ്വകാര്യ ബസ് ലോബികള്‍ ശ്രമിച്ചു വരികയായിരുന്നു. പലവട്ടം മുടങ്ങിയ ഈ സര്‍വ്വീസ് നാട്ടുകാരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് വീണ്ടും ആരംഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: