കോതമംഗലം: ശനിയാഴ്ച നടക്കേണ്ടയിരുന്ന സിപിഎം നേര്യമംഗലം ലോക്കല്‍ സമ്മേളനം രജിസ്ട്രേഷന് പോലും നടക്കാതിരുന്നതിനെ തുടര്‍ന്ന് മുന്‍ ലോക്കല്‍ സെക്രട്ടറിക്കും നിലവിലെ മൂന്ന് ലോക്കല്‍ കമ്മറ്റിയംഗങ്ങളടക്കം എട്ട്പേര്‍ക്കെതിരെ നടപടി.
മുന്‍ ലോക്കല്‍ സെക്രട്ടറി പി.ടി. ബെന്നി, മുന്‍ ലോക്കല്‍ കമ്മറ്റിയംഗം പി.കെ. അലിയാര്, നിലവിലെ ലോക്കല്‍ കമ്മറ്റിയംഗം സി. പ്രകാശ്, സി.സി. ജോഷി എന്നിവരെ പുറത്താക്കുകയും, നിലവിലെ ലോക്കല്‍ കമ്മറ്റിയംഗങ്ങളായ കെ.കെ. സജീവ്, ഇ.കെ. ബേബി, പ്രവര്‍ത്തകരായ എന്‍.പി. കരീം, ജോണ്സണ് എന്നിവരേയും സസ്പെന്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് അടിയന്തരയോഗം ചേര്‍ന്ന സിപിഎം കവളങ്ങാട് ഏരിയാകമ്മറ്റിയിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
സമ്മേളനം നിയന്ത്രിക്കാനെത്തിയ സംസ്ഥാനകമ്മറ്റിയംഗം സി.എന്‍. മോഹനനെ കയ്യേറ്റം ചെയ്യുവാന്ശ്രമിച്ചെന്നും സമ്മേളനം അലങ്കോലപ്പെടുത്തിയെന്നും ആരോപിച്ചാണ് നടപടി.
സമ്മേളനകാലയളവില്‍ ആര്‍ക്കെതിരെയും നടപടി സ്വീകരിക്കരുതെന്ന പാര്‍ട്ടി ഭരണഘടന നിര്‍ദ്ദേശം ചൂണ്ടിക്കാട്ടി നടപടിക്ക് വിധേയരായവര്‍ ജില്ലാ കമ്മറ്റിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
കവളങ്ങാട് ഏരിയാകമ്മറ്റിക്ക് കീഴില്‍ വാരപ്പെട്ടി, നേര്യമംഗലം ലോക്കല്‍ സമ്മളനങ്ങളില്‍ ഔദ്യോഗികപക്ഷത്തിനെതിരെ ഉയര്‍ത്തുന്നവരെ ഏരിയ സമ്മേളനങ്ങളില്‍ അകറ്റി നിര്‍ത്തുന്നതിന് ഔദ്യോഗിക പക്ഷം നടത്തിയ നീക്കങ്ങളുടെ വിജയമാണിത്. എന്നാല്‍ സമ്മേളനങ്ങളില്‍ ഔദ്യോഗിക പക്ഷത്തിനെതിരായി നിലയുറപ്പിച്ചവര്‍ വാരപ്പെട്ടി, നേര്യമംഗലം, പല്ലാരിമംഗലം, പൈങ്ങോട്ടൂര്‍ എന്നിവിടങ്ങളില്‍ സമാന്തര പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുള്ള നീക്കത്തിലാണ്.
ജില്ലാകമ്മറ്റി ഔദ്യോഗികപക്ഷത്തിനൊപ്പം നിലയുറപ്പിച്ചാല്‍ ഏരിയ സമ്മേളനം പൂര്‍ത്തിയാകുന്നമുറയ്ക്ക് കവളങ്ങാട് ഏരിയ കേന്ദ്രീകരിച്ച് സമാന്തര കമ്മറ്റിക്ക് രൂപം നല്‍കുന്നതിനുള്ള അണിയറ നീക്കങ്ങളും നടന്നുവരുന്നു. ഇതിനിടയില്‍ പാര്‍ട്ടി നടപടികളില്‍ അസംതൃപ്തി പൂണ്ട ഒരു പറ്റം ആളുകള്‍ മറ്റ് ഇതര ഇടത് സംഘടനകളിലേക്ക് ചേക്കേറുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: