കൊല്ലം: കടയ്ക്കല്‍ അബ്ദുള്‍ ജബ്ബാര്‍ വധത്തില്‍ മൂന്ന് പ്രതികളെയും കുറ്റക്കാരെന്ന് വിധിച്ചു. ഇളമ്പഴന്നൂര്‍ മേലേ വീട്ടില്‍ അഹമ്മദ് കബീര്‍, ഭാര്യ ആരിഫാബീവി, സഹോദരന് ഷാനവാസ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ട് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നന്ദകുമാര്‍ വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതിക്ക് ജീവപര്യന്തവും രണ്ടാംപ്രതി ഷാനവാസിന് രണ്ടുകൊല്ലം തടവും മൂന്നാംപ്രതി ആരിഫാബീവിക്ക് രണ്ടുമാസം തടവുമാണ് ശിക്ഷ. കൊല്ലപ്പെട്ട അബ്ദുള്‍ ജബ്ബാറിന്റെ ഭാര്യക്ക് ഒന്നാംപ്രതി 50000 രൂപ നല്‍കാനും വിധിയുണ്ട്.
2009 ഡിസംബര്‍ 20ന് കടയ്ക്കല്‍ ഇളമ്പഴന്നൂരില്‍ വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സംഭവം. അബ്ദുള്‍ ജബ്ബാറിനെ ആരിഫാബീവി ഭര്‍ത്താവിനെയും സഹോദരനെയും വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഒന്നും രണ്ടും പ്രതികള്‍ അബ്ദുള്‍ ജബ്ബാറിനെ ഇറച്ചിവെട്ടുന്ന കത്തിയുപയോഗിച്ച് നെഞ്ചത്ത് കുത്തുകയായിരുന്നു.
ആശുപത്രിയില്‍ കൊണ്ടുപോകുംവഴി ആള് മരണപ്പെട്ടു. തടസം പിടിക്കാന്‍ ചെന്ന അബ്ദുള്‍ ജബ്ബാറിന്റെ സഹോദരന് റംലിയെയും ഗുരുതരമായി വെട്ടിമുറിവേല്‍പ്പിച്ചു. ആരിഫാബീവി ജബ്ബാറിനെ പുറകില്‍ നിന്ന് ബലമായി പിടിച്ചു നിര്‍ത്തിയപ്പോഴാണ് അബ്ദുള്‍ ജബ്ബാറിന് കുത്തേല്ക്കാന് ഇടയായത്. അഞ്ചല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റഫീഖ് ഈ കേസിന്റെ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ജബ്ബാറും സഹോദരന്മാരും മൂന്നാം പ്രതിയുടെയും മറ്റും കൈവശത്തിലിരുന്ന പുരയിടം ബലമായി കൈവശപ്പെടുത്താന്‍ ചെന്നപ്പോഴാണ് സംഭവമുണ്ടായത് എന്നായിരുന്നു പ്രതിഭാഗം തര്‍ക്കം. എന്നാല്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്നും ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിഭാഗം തര്‍ക്കം നിലനില്‍ക്കത്തക്കതല്ലെന്ന് കണ്ടാണ് പ്രതികളെ കുറ്റക്കാരെന്നു കണ്ട് ശിക്ഷിച്ചത്. പ്രോസിക്യൂഷന് ഭാഗത്ത് നിന്നും ഇരുപത്തിമൂന്ന് സാക്ഷികളെ വിസ്തരിക്കുകയും അറുപത്തിമൂന്ന് രേഖകള്‍ ഹാജരാക്കുകയും പ്രതിഭാഗം സാക്ഷികളായി രണ്ടുപേരെയും വിസ്തരിക്കുകയുണ്ടായി.
പ്രോസിക്യൂഷനുവേണ്ടി അഡ്വ.വരിഞ്ഞം എന്‍.രാമചന്ദ്രന് നായരും അഡ്വക്കേറ്റുമാരായ കൊട്ടിയം ആര്.എസ്.ദിനേഷ്, ആദിച്ചനല്ലൂര്‍ എന്‍.സതീഷ്കുമാര്‍, നെടുമ്പന വി.അരുണ്‍ എന്നിവര്‍ ഹാജരായി.
റോജി റോയി ആക്ഷന്‍
കൗണ്‍സിലിന്റെ ധര്‍ണ
കുണ്ടറ: റോജിറോയി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. നെടുമ്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു. ഷിജു കുമാര്‍ സ്വാഗതം പറഞ്ഞു. നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാരാമചന്ദ്രന്‍ അദ്ധ്യക്ഷ ആയിരുന്നു. ഇളവൂര്‍ ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുരഭി, പഞ്ചായത്ത് അംഗങ്ങള്‍ ആയ ജിബി ജേക്കബ്, ഗിരിജാകുമാരി, എന്‍. സന്തോഷ് എന്നിവര്‍ സംസാരിച്ചു.സഞ്ജയ് നല്ലില സ്വാഗതം പറഞ്ഞു.
പ്രശ്നത്തില്‍ അന്വേഷണം അല്പം പോലും മുന്നോട്ടുപോയിട്ടില്ലെന്ന് ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. മന്ത്രി രമേഷ്ചെന്നിത്തല പറഞ്ഞത് ഡിഐജി വെങ്കിടേഷ് അന്വേഷിക്കുമെന്നാണ്. യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അദ്ദേഹം അന്വേഷണം ഏറ്റെടുക്കുകയോ റോജിയുടെ വീട്ടില്‍ എത്തുകയോ ചെയ്തിട്ടില്ല. ആഭ്യന്തര മന്ത്രിയുടെ ഉത്തരവിനെ പോലും അട്ടിമറിക്കാന്‍ ശേഷിയുള്ളവരാണ് എതിര്‍പക്ഷത്ത്. അതുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: