കൊല്ലം: കുരീപ്പുഴ മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള കോര്‍പ്പറേഷന്റെ നടപടിക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് മനുഷ്യാവകാശ പരിസ്ഥിതിസംരക്ഷണസമിതി. ഈ വിഷയത്തില്‍ ബഹുജനപ്രക്ഷോഭവും നിയമപോരാട്ടവും നടത്തിയതിന്റെ ഭാഗമായി പ്രദേശം യാതൊരു തരത്തിലുള്ള പ്ലാന്റുകള്‍ക്കും അനുയോജ്യമല്ലെന്ന് ജില്ലാജഡ്ജി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കുരീപ്പുഴയിലെ 16 ഏക്കര്‍ പ്രദേശത്ത് പ്ലാന്റ് സംബന്ധിച്ച കേസുകള്‍ ഹൈക്കോടതിയിലും ഹരിതട്രിബ്യൂണലിലും വിചാരണയിലിരിക്കെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കുരീപ്പുഴയില്തന്നെ ദ്രവമാലിന്യപ്ലാന്റുമായി മുന്നോട്ടുനീങ്ങുമെന്ന പ്രസ്താവന നിലവിലുള്ള നിയമസാഹിതയോടുള്ള വെല്ലുവിളിയാണെന്ന് യോഗം കുറ്റപ്പെടുത്തി.
അഷ്ടമുടിക്കായലിന്റെ തീരത്ത് ദ്രവമാലിന്യസംസ്കരണപ്ലാന്റ് സ്ഥാപിക്കാനുള്ള ഏത് നീക്കത്തെയും ബഹുജനപ്രക്ഷോഭത്തിലൂടെ നേരിടുമെന്ന് സമിതി അറിയിച്ചു. കൊല്ലത്ത് മെഡിക്കല്‍ കോളേജിനുവേണ്ടി സ്ഥലം തേടുന്ന അധികാരികള്‍ കോര്‍പ്പറേഷന്‍വക കുരീപ്പുഴയിലെ സ്ഥലം പരിഗണിക്കണമെന്നാവശ്യപ്പെട്ട് തൊഴില്‍മന്ത്രി, എംപി, ജില്ലാകളക്ടര്‍ എന്നിവര്‍ക്ക് നല്കിയ മെമ്മോറാണ്ടങ്ങള്‍ അവഗണിച്ചതിന്റെ പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും സമിതി കുറ്റപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്റ് എന്‍.സത്യപാലന് അധ്യക്ഷത വഹിച്ചു. സനല്‍കുമാര്‍, ശ്രീകുമാര്‍, എ.ഇ.ബഷീര്‍, വലിയകാവ് രാജു, വീരേന്ദ്രനാഥ്, പൃഥ്വിരാജ്, കിരണ്‍.പി.ഷാ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: