കൊച്ചി: വിജ്ഞാനവും വിനോദവും കൗതുകവും പകരുന്ന സ്റ്റാമ്പുകളുടെ വിസ്മയക്കാഴ്ചയൊരുക്കി കൊച്ചി പെക്സ് 2014-നു തുടക്കമായി. എറണാകുളം, ആലുവ പോസ്റ്റല്‍ ഡിവിഷനുകളുടെ സംയുക്താഭിമുഖ്യത്തില്‍ പൊന്നുരുന്നി സഹൃദയ കാമ്പസില്‍ സംഘടിപ്പിച്ചിട്ടുള്ള ജില്ലാ സ്റ്റാമ്പ് പ്രദര്‍ശനം പ്രൊഫ. കെ.വി.തോമസ് എംപി ഉദ്ഘാടനം ചെയ്തു. സ്റ്റാമ്പ് ശേഖരണം പോലുള്ള ഹോബികളിലേക്ക് കുട്ടികളെ തിരിച്ചുവിടുന്നത് ചരിത്രബോധവും ലോകവിജ്ഞാനവും പകരുന്നതിനു മാത്രമല്ല വഴിതെറ്റിക്കുന്ന ലഹരികള്ക്കടിമപ്പെടാതെ പരിപാലിക്കുന്നതിനും ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മധ്യമേഖലാ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഡോ.എം.വേങ്കിടേശ്വര്ലു അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി മുഖ്യപ്രഭാഷണം നടത്തി. സഹൃദയ വെല്‍ഫെയര്‍ സര്‍വീസസിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക തപാല്കവറിന്റെ പ്രകാശനം പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഡോ.വെങ്കിടേശ്വര്ലു പ്രൊഫ.കെ.വി.തോമസിനു നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, പി.സി.ബാബുരാജ്, നഗസഭാ പ്രതിപക്ഷനേതാവ് കെ.ജെ.ജേക്കബ്, ജോണ്സണ് ഡി. ആവോക്കാരന്‍, രമേഷ്. എം കുമാര്‍, എസ്.രാമമൂര്‍ത്തി, ആര്.വി.ശ്രീകണ്ഠദാസ് എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാമ്പ് പ്രദര്‍ശനത്തില്‍ ലോകത്തിലെ ആദ്യത്തെ സ്റ്റാമ്പായ പെന്നി ബ്ലാക്ക് മുതല്‍ 22 കാരറ്റ് സ്വര്‍ണം കൊണ്ടുള്ള സ്റ്റാമ്പും സ്വതന്ത്ര ഭാരതത്തിലെ ആദ്യസ്റ്റാമ്പും ഉള്‍പ്പടെ മുപ്പതിനായിരത്തിലേറെ സ്റ്റാമ്പുകളാണുള്ളത്.
രണ്ടുദിവസത്തെ സ്റ്റാമ്പ് പ്രദര്‍ശനം ഇന്നു സമാപിക്കും. ദേശീയതലത്തില്‍ സ്റ്റാമ്പ് ഡിസൈന്‍ മത്സരത്തില്‍ വിജയികളായ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം കൊച്ചി പെക്സിനോടനുബന്ധിച്ചു നടത്തിയ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും സമാപനസമ്മേളനത്തില്‍ വച്ച് ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം നിര്‍വഹിക്കും. സ്വന്തം ഫോട്ടോ ആലേഖനം ചെയ്ത മൈ സ്റ്റാമ്പ് സൗകര്യവും ഫിലാറ്റലിക്ക് ശേഖരത്തിലേക്ക് അപൂര്‍വ സ്റ്റാമ്പുകളും നാണയങ്ങളും സ്വന്തമാക്കുന്നതിനുള്ള ഏജന്റ്സ് ബൂത്തും പ്രദര്‍ശനത്തിലുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: