ചെങ്ങന്നൂര്‍: സെന്‍ട്രല്‍ ഹാച്ചറിയില്‍ വിരിയിച്ചെടുക്കുന്ന ലക്ഷക്കണക്കിന് കോഴികുഞ്ഞുങ്ങളെ അധികൃതര്‍ മറ്റ് ഫാമുകളിലേക്ക് മാറ്റാന്‍ നീക്കം. ഇവയെ വളര്‍ത്തുന്നതിനുള്ള സ്ഥലപരിമിതി ഹാച്ചറിയില്‍ നിലവിലില്ലെന്ന കാരണം പറഞ്ഞാണ് അധികൃതര്‍ ഈ നീക്കമാരംഭിച്ചിട്ടുള്ളത്. നിലവില്‍ 105, 000 മുട്ടകളാണ് അടയ്ക്കു വച്ചിട്ടുള്ളത്. എന്നാല്‍ പക്ഷിപനിയെ തുടര്‍ന്ന് കുട്ടനാട് ഭാഗങ്ങളില്‍ നിന്ന് കര്‍ഷകര്‍ കോഴികുഞ്ഞുങ്ങളെ വാങ്ങാന്‍ എത്തില്ലെന്ന് ഉറപ്പായതും ഇത് ഹാച്ചറിയെ പ്രതിസന്ധിയിലാഴ്ത്തും എന്ന് കണ്ടിട്ടാണ് ഈനീക്കം. ചൊവ്വാഴ്ച വരെ ഇവിടെ നിന്നും കോഴികുഞ്ഞുങ്ങളെ നേഴ്സറികള്ക്ക് വില്‍പ്പന നടത്തിയിരുന്നു.
ആഴ്ചയില്‍ 28,000ത്തിന് മുകളില്‍ കോഴികുഞ്ഞുങ്ങളെയാണ് ഇവിടെ ഉത്പ്പാദിപ്പിച്ചിരുന്നത്. എന്നാല്‍ പക്ഷിപ്പനിയുടെ ആശങ്കയില്‍ നിലവില്‍ ഉത്പ്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. കൂടാതെ പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുജനങ്ങളെ ഹാച്ചറിയ്ക്ക് ഉള്ളിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞിട്ടുണ്ട്. ഇതുമൂലം കോഴികുഞ്ഞുങ്ങളുടെ വില്‍പ്പനയെയും സാരമായി ബാധിച്ചിരിക്കുകയാണ്. വിവിധ ജില്ലകളിലെ മു ന്നൂറിനു മുകളില്‍ വരുന്ന നഴ്സറികള്‍ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. കൂടാതെ ഇവിടെ നടന്നിരുന്ന പരിശീലന പരിപാടികളും നിര്‍ത്തിവച്ചിരിക്കുകയാണ്. വിവിധ ഷെഡുകളിലായി 5,000 കാടകളും, 12,500 കോഴികളും ഹാച്ചറിയില്‍ ഇപ്പോള്‍ ഉണ്ട്. ഇവയ്ക്ക് രോഗം പടരാതിരിക്കാനുളള എല്ലാ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: