മഡ്ഗാവ്: നാട്ടിലെ കൊമ്പന്മാര് എതിരാളികളുടെ തട്ടകത്തിലെത്തിയപ്പോള്‍ കുഴിയാനകളായി. ഇന്നലെ ഗോവ എഫ്സിക്കെതിരെ നടന്ന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിന് ഈ ദുര്‍ഗതി നേരിട്ടത്. മഡ്ഗാവിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോവ ബ്ലാസ്റ്റേഴ്സിനെ ചുരുട്ടിക്കെട്ടിയത്.
ഗോവ എഫ്സിക്ക് വേണ്ടി 63, 79 മിനിറ്റുകളില്‍ മിറോസ്ലാവ് സ്ലെപിക്കയും 69-ാം മിനിറ്റില്‍ ആന്ദ്രെ സാന്റോസുമാണ് ഗോളുകള്‍ നേടിയത്. അപരാജിതരായ അഞ്ച് മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ദയനീയ തോല്‍വി. കളിയിലുടനീളം തികഞ്ഞ ആധിപത്യം പുലര്‍ത്തിയ ഗോവക്ക് മുന്നില്‍ കേരള പ്രതിരോധം പലപ്പോഴും ആടിയുലഞ്ഞു. എങ്കിലും ഗോളി ഡേവിഡ് ജെയിംസിന്റെ ചില ഉജ്ജ്വല പ്രകടനങ്ങള്‍ ആദ്യപകുതിയില്‍ ഗോള്‍ നേടുന്നതില്‍ നിന്ന് ഗോവന്‍ താരങ്ങളെ തടഞ്ഞുനിര്‍ത്തി.
വിജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി ഗോവ എഫ്സി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്ന 15 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഒരു സ്ഥാനം പിന്നോട്ടിറങ്ങി. ആടിയുഞ്ഞ പ്രതിരോധവും ഗോളി ഡേവിഡ് ജെയിംസിന്റെ പിഴവുകളുമാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ആദ്യപകുതിയില്‍ മികച്ച ഫോമിലായിരുന്ന ജെയിംസിന് രണ്ടാം പകുതിയിലാണ് പിഴച്ചത്.
കഴിഞ്ഞ കളിയില്‍ നിന്ന് രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് അവസാന എവേ മത്സരത്തില്‍ ഗോവക്കെതിരെ ഇറങ്ങിയത്. സൂപ്പര്‍താരം ഇയാന്‍ ഹ്യൂമിന് പകരം ആന്ദ്രെ ബരിസിച്ചും മിലാഗ്രസ് ഗൊണ്‍സാല്‍വസിന് പകരം ആന്‍ഡ്രൂ ബരിസിച്ചും കളത്തിലിറങ്ങി. കളിക്കളത്തില്‍ ടീമിനെ വിന്യസിക്കുന്നതിലും ബ്ലാസ്റ്റേഴ്സ് ഭേദഗതി വരുത്തി. കഴിഞ്ഞ മത്സരങ്ങളില്‍ 4-3-3 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയതെങ്കില്‍ ഇന്നലെ ഗോവ എഫ്സിക്കെതിരെ 4-4-2 ശൈലിയാണ് അവലംബിച്ചത്.
അതേസമയം ഗോവ എഫ്സി പൂനെ സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയ അതേ ടീമിനെയാണ് ഇറക്കിയത്. മൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനാണ് കളിയിലെ ആദ്യ അവസരം ലഭിച്ചത്. പിയേഴ്സണ്‍ എടുത്ത കോര്‍ണര്‍ ബോക്സിലേക്ക് വളഞ്ഞിറങ്ങിയെങ്കിലും ഉജ്ജ്വലമായ മെയ്വഴക്കത്തോടെ ഗോവ ഗോളി സെദ കുത്തിയകറ്റി. ഏഴാം മിനിറ്റില്‍ ഗോവ ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും പോസ്റ്റ് രക്ഷകനായി. റീബൗണ്ട് പന്ത് പിടിച്ചെടുത്ത സാന്റോസ് പായിച്ച ബുള്ളറ്റ് ഷോട്ട് ഡേവിഡ് ജെയിംസ് കോര്‍ണറിന് വഴങ്ങി ഉജ്ജ്വലമായി രക്ഷപ്പെടുത്തി.
സാന്റോസ് എടുത്ത കോര്‍ണര്‍ അവരുടെ അഫ്ഗാന് താരം ഇസ്ലാം അമിറി തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും സര്‍ക്കസ് അഭ്യാസിയുടെ മെയ്വഴക്കത്തോടെ ഡേവിഡ് ജെയിംസ് വീണ്ടും ടീമിന്റെ രക്ഷകനായി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സിനും ലീഡ് നേടാന്‍ അവസരം ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. പിയേഴ്സണ്‍ തള്ളിക്കൊടുത്ത പന്തുമായി കുതിച്ച് ഗോവന്‍ ബോക്സില്‍ പ്രവേശിച്ച ശേഷം ഗോളിമാത്രം മുന്നില്‍നില്‍ക്കേ ഗോഡ്വിന് ഫ്രാങ്കോ പായിച്ച ഷോട്ട് നേരെ സിദെയുടെ കൈകളിലേക്കായിരുന്നു.
25-ാം മിനിറ്റില്‍ ടോള്‍ഗെ ഒസ്ബയെ പിന്‍വലിച്ച് ഗോവന്‍ കോച്ച് സീക്കോ മിറോസ്ലാവ് സ്ലെപിക്കയെ കളത്തിലിറക്കി ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. 42-ാം മിനിറ്റില്‍ വീണ്ടും ഗോവ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. പിന്നീട് ഇഞ്ചുറി സമയത്തും ബ്ലാസ്റ്റേഴ്സ് ബോക്സില്‍ അപകടം വിതയ്ക്കാന്‍ ഗോവക്ക് കഴിഞ്ഞു. ഗോളി ഡേവിഡ് ജെയിംസിന്റെ പിഴവില്‍ നിന്ന് പന്ത് ലഭിച്ച സാന്റോസ് ബോക്സിന് തൊട്ടുപുറത്തുനിന്ന് പറത്തിയ തകര്‍പ്പന്‍ ഷോട്ട് ഗുര്‍വിന്ദര്‍ സിംഗ് ഗോള്‍ലൈനില്‍ വച്ച് ഹെഡ്ഡ് ചെയ്ത് രക്ഷപ്പെടുത്തി. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി കലാശിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ട് മാറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സ് വരുത്തിയത്. റാഫേല്‍ റോമിക്ക് പകരം സൂപ്പര്‍താരം ഇയാന്‍ ഹ്യൂമും ഗോഡ്വിന് ഫ്രാങ്കോക്ക് പകരം മിലാഗ്രസ് ഗൊണ്‍സാല്‍വസും കളത്തിലിറങ്ങി. എന്നാല്‍ ഈ മാറ്റങ്ങള്‍കൊണ്ടും ബ്ലാസ്റ്റേഴ്സിന് മൈതാനത്ത് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതേസമയം ഗോവ എഫ്സി താരങ്ങള്‍ തുടര്‍ച്ചയായി ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖം വിറപ്പിക്കുകയായിരുന്നു.
61-ാം മിനിറ്റില്‍ ആന്ദ്രെ ബരിസിച്ചിന് പകരം മൈക്കല്‍ ചോപ്രയെ കളത്തിലിറക്കിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. തുടര്‍ച്ചയായ മുന്നേറ്റത്തിനൊടുവില്‍ അവര്‍ 63-ാം മിനിറ്റില്‍ അര്‍ഹതപ്പെട്ട ഗോള്‍ നേടുകയും ചെയ്തു. സാന്റോസ് എടുത്ത ഫ്രീകിക്ക് ബോക്സിലേക്ക് താഴ്ന്നിറങ്ങിയത് അവരുടെ ചെക്ക് റിപ്പബ്ലിക്ക് താരം മിറോസ്ലാവ് സ്ലെപിക്ക നല്ലൊരു വലംകാലന്‍ ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്സ് വല കുലുക്കി.
ആറ് മിനിറ്റിനുശേഷം ഗോവ വീണ്ടും ലീഡ് ഉയര്‍ത്തി. ഇത്തവണ ലക്ഷ്യം കണ്ടത് കളംനിറഞ്ഞു കളിച്ച ആന്ദ്രെ സാന്റോസ്. സ്ലെപിക നല്കിയ പാസ് പിടിച്ചെടുത്ത് റോമിയോ ഫെര്‍ണാണ്ടസ് ബോക്സില്‍ നില്‍ക്കുകയായിരുന്ന സാന്റോസിന് നല്കി. പാസ് സ്വീകരിച്ച സാന്റോസ് ഡേവിഡ് ജെയിംസിനെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചു. പിന്നീട് 79-ാം മിനിറ്റില്‍ മിറോസ്ലാവ് സ്ലെപിക്ക തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി. അവസാന മിനിറ്റുകളില്‍ ഒരു ഗോള്‍ മടക്കാനായി ബ്ലാസ്റ്റേഴ്സ് ആഞ്ഞുപൊരുതിയെങ്കിലും കാര്യമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: