തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയില്‍ അഴിമതിക്കാരും മദ്യക്കച്ചവടക്കാരും. മുന്നണിയിലെ ഘടകകക്ഷി നേതാക്കളാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ രണ്ടുപേര്‍ അഴിമതിക്കാരാണെന്നു കേരള കോണ്‍ഗ്രസ്(ബി) നേതാവ് ആര്. ബാലകൃഷ്ണപിള്ള വെളിപ്പെടുത്തി.
മന്ത്രിസഭയില്‍ ബാര്‍ ഉടമകളും ഉണ്ടെന്ന ആരോപണം കേരള കോണ്‍ഗ്രസ്(എം) നേതാവ് ആന്റണി രാജുവും ഉയര്‍ത്തിയിട്ടുണ്ട്. മുന്നണിയുടെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതര ആരോപണങ്ങളാണ് ഇരുവരും ഉയര്‍ത്തിയത്. അനധികൃത സ്വത്തു സമ്പാദനത്തിനു സസ്പെന്‍ഷനിലായ ടി.ഒ. സൂരജിനെക്കാള് അഴിമതിക്കാരായ രണ്ടു കാട്ടുപോത്തുകള്‍ ഉണ്ടെന്നും അവരുടെ പേരുകള്‍ നിയമസഭയില്‍ പ്രഖ്യാപിക്കുമെന്നും കഴിഞ്ഞദിവസം കെ. .ബി. ഗണേഷ് കുമാര്‍ എംഎല്‍എ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവര്‍ ഉദ്യോഗസ്ഥരാണോ മന്ത്രിമാരാണോയെന്ന സൂചന അദ്ദേഹം നല്‍കിയിരുന്നില്ല. അക്കാര്യത്തിലെ അവ്യക്തത നീക്കിയാണു പാര്‍ട്ടി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള രംഗത്തെത്തിയത്.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ രണ്ട് അഴിമതിക്കാരുടെ പേരുകള്‍ മുഖ്യമന്ത്രിക്കു എഴുതി നല്‍കിയതാണ്. എന്നിട്ടും ഒരു നടപടിയും ഇനിയും ഉണ്ടായിട്ടില്ല. തത്കാലം അവരുടെ പേരുകള്‍ പുറത്തുപറയുന്നില്ല. എന്നാല്‍ സാഹചര്യം നിര്‍ബന്ധിച്ചാല്‍ ആ പേരുകള്‍ വെളിപ്പെടുത്തുമെന്നും ബാലകൃഷ്ണ പിള്ള മാധ്യമങ്ങളോടു പറഞ്ഞു. ബാറുടമകളുടെ വോട്ടുവേണ്ടെന്ന കെപിസിസി പ്രസിഡന്റ് വി. .എം. സുധീരന്റെ പ്രസ്താവനയോടു പ്രതികരിക്കവേയാണു ബാറുടമകള്‍ മന്ത്രിസഭയിലുള്ള കാര്യം ആന്റണി രാജു തുറന്നുകാട്ടിയത്.
മദ്യമുതലാളിമാരുടെ വോട്ട് വേണ്ടെന്നു പറയുന്ന കെപിസിസി പ്രസിഡന്റ്, മന്ത്രിസഭയില്ബാറുടമകളുള്ള കാര്യം അറിഞ്ഞില്ലേ. സ്വന്തം മന്ത്രിയുടെ വോട്ടു വേണ്ടെന്നാണോ സുധീരന് പറയുന്നതെന്നും ആന്റണി രാജു ചോദിച്ചു. ഘടകകക്ഷി നേതാക്കള്‍തന്നെ ഉയര്‍ത്തിവിട്ട ഈ ആേരാപണങ്ങള്ക്കു മുന്നണി നേതൃത്വം ഇനി മറുപടി പറയേണ്ടിവരും. ചില മന്ത്രിമാര്‍ അഴിമതി ആരോപണം േനരിടുമ്പോഴാണ് ഇവരുടെ വെളിപ്പെടുത്തല്‍കൂടി പുറത്തുവരുന്നത്. മന്ത്രിസഭയില്‍ അഴിമതിക്കാരില്ലെന്നും എല്ലാവരിലും വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹത്തിനെ രേഖാമൂലം തന്നെ കാര്യം ധരിപ്പിച്ചതായി ഒരു ഘടകകക്ഷി നേതാവ് വെളിപ്പെടുത്തുന്നത്. മദ്യനയത്തിലൂടെ സര്‍ക്കാര്‍ സമൂഹത്തിന്റെ കയ്യടി നേടുമ്പോഴാണ് ആ നയം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബാറുടമകളില്‍ ഒരാള്‍ മന്ത്രിസഭയില്‍തന്നെ അംഗമാണെന്ന ആരോപണവും ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: