കിഴക്കമ്പലം: ബിജെപി മുന്‍ സംസ്ഥാന സമിതിയംഗവും ജില്ലാ അദ്ധ്യക്ഷനും സ്വയംസേവകനുമായിരുന്ന ടി. എസ്. രവീന്ദ്രനാഥിനെ അനുസ്മരിച്ചു.
ബിജെപി കുന്നത്തുനാട് നിയോജകമണ്ഡലം സമിതിയുടെ ആഭിമുഖ്യത്തില്‍ പട്ടിമറ്റം പ്രിയദര്‍ശിനി ഹാളില്‍ കൂടിയ അനുശോചനയോഗം ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി. എം. വേലായുധന്, ടി. എസ്. രവീന്ദ്രനാഥിന്റെ ചിത്രത്തില്‍ പുഷ്പങ്ങളര്‍പ്പിച്ച് ഉദ്ഘാടനം ചെയ്തു. ബിജെപി കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് വി. എന്‍. വിജയന് അധ്യക്ഷത വഹിച്ചു. സമകാലീന കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി ഇന്നത്തെ തലമുറയ്ക്ക് ലഭിക്കുന്ന അംഗീകാരം മുന്‍തലമുറയില്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍ നല്കിയ ത്യാഗത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു കാലത്ത് ഇതര രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമാകാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ സ്വയം സേവകനായി പ്രവര്‍ത്തനമാരംഭിച്ച രവീന്ദ്രനാഥ് നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിത വ്രതമായിരുന്നു, താന്‍ ഏറ്റെടുത്ത പ്രവര്‍ത്തികളില്‍ വ്യക്തി മുദ്രപതിപ്പിച്ച് തന്റെ ആദര്‍ശം പ്രവര്‍ത്തകരില്‍ എത്തിക്കുകയെന്നത്. ബിജെപിയുടെ വളര്‍ച്ചയ്ക്ക് വളരെയധികം സംഭാവന നല്കിയ വ്യക്തിത്വമാണ് രവീന്ദ്രനാഥിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, ഉപാദ്ധ്യക്ഷന്‍ എം.രവി, ആര്‍എസ്എസ് പെരുമ്പാവൂര്‍ വ്യവസ്ഥാ പ്രമുഖ് എം.ബി. സുരേന്ദ്രന്, ബാലഗോകുലം സംസ്ഥാന കാര്യകാരി എം.എ. അയ്യപ്പന്, ബിഎംഎസ് ജില്ലാസെക്രട്ടറി പി.എസ്. വേണുഗോപാല്‍, പി.പി. ശശി, ബിജെപി സംസ്ഥാനസമിതിയംഗം കെ. ചന്ദ്രമോഹന് എന്നിവര്‍ സംസാരിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി സി.പി. രവി സ്വാഗതവും ബിജെപി കുന്നത്തുനാട് നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: