കൊട്ടാരക്കര: കുട്ടിയുടെ ചരട് കെട്ട് കാണാന്‍ ജയില്‍ചാടിയ കള്ളനെ വീടിനു സമീപം കടയ്ക്കല്‍ എസ്ഐ കബീര്‍ പിടികൂടി. ആഭ്യന്തരമന്ത്രി കൊട്ടാരക്കരയില്‍ എത്തുന്നതിന് തൊട്ട് മുന്‍പ് നടന്ന ജയില്‍ചാട്ടം പോലീസിലെയും ജയില്‍ അധികൃതരെയും ഏറെ നേരം വട്ടം ചുറ്റിച്ചു. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് സംഭവം.
മോഷണകേസില്‍ കടയ്ക്കല്‍ പോലീസ് രണ്ടുമാസം മുന്‍പ് അറസ്റ്റ് ചെയ്ത് കൊട്ടാരക്കര സബ്ബ്ജയിലില്‍ റിമാന്‍ഡ് ചെയ്ത കടയ്ക്കല്‍ ആറ്റൂര്‍ മുസഌംപള്ളിക്ക് സമീപം വാടക്ക് താമസിക്കുന്ന അനീഷ്(21) ആണ് ജയില്‍ ചാടിയത്. രാവിലെ പച്ചക്കറി അരിയാനായി വനിതാസെല്ലിന് സമീപം എത്തിയ ഇയാള്‍ ഇതുവഴിയുള്ള മതില് വഴി രക്ഷപെടുകയായിരുന്നു. സംഭവം അറിഞ്ഞ് ജയില്‍ അധികൃതരും പോലീസും വ്യാപകതിരച്ചില്‍ നടത്തുന്നതിനിടയില്‍ ഡ്യൂട്ടിക്കായി സ്റ്റേഷനിലെക്ക് കാറില്‍ വരികയായിരുന്ന എസ്ഐ കബീര്‍ ആറ്റൂര്‍ മുസഌംപള്ളിക്ക്് സമീപത്തുകൂടി ഓട്ടോയില്‍ പോകുന്ന പ്രതിയെ പിന്തുടര്ന്ന് കീഴ്പെടുത്തുകയായിരുന്നു.
തെങ്ങ് കയറ്റ തൊഴിലാളിയായ ഇയാളെ രണ്ട് മാസം മുമ്പാണ് ഇതെ എസ്ഐ തന്നെ മൊബൈല്‍ മോഷണകേസില്‍ അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ ജയിലില്‍ കിടക്കുന്ന സമയത്ത് ഭാര്യപെണ്കുഞ്ഞിനെ പ്രസവിച്ചു. ഇന്നലെ കുട്ടിയുടെ ചരട് കെട്ടായിരുന്നു. അതിലും സംബന്ധിച്ചശേഷം രക്ഷപെടാനായിരുന്നു പദ്ധതി.
തട്ടത്തുമലയില്‍ ബസിറങ്ങിയ ശേഷം വീട്ടിലെത്തി അച്ഛനെ കണ്ടശേഷം കിളിമാനൂര്‍ ചന്തയില്‍ പോയിരുന്ന അമ്മയെ കണ്ട് കാശ് വാങ്ങാനായി പോകുമ്പോഴായിരുന്നു അറസ്റ്റെന്ന് എസ്ഐ പറഞ്ഞു. കസ്റ്റഡിയിലായ പ്രതിയെ കൊട്ടാരക്കര പോലീസിന് കൈമാറും. ആഭ്യന്തര മന്ത്രി എത്തുന്നതിന് മുന്‍പ് ജയില്‍ ചാടിയ ആളിനെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: