മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ പണിത പഴശ്ശിരാജ സ്മൃതിമന്ദിര ഉദ്ഘാടന പരിപാടികള്‍ പാര്‍ട്ടി പരിപാടികളാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിലാണ് നഗരസഭ പഴശ്ശിയിലെ ചരിത്രമുറങ്ങുന്ന പഴശ്ശിരാജാവ് ഉപയോഗിച്ചിരുന്ന കുളത്തില്‍ തൂണുകള്‍ നാട്ടി അതിന് മുകളില്‍ പഴശ്ശി സ്മാരകമന്ദിരമെന്ന പേരില്‍ ഒരു ചെറിയ കെട്ടിടം പണിതത്.
എന്നാല്‍ ചരിത്രമുറങ്ങുന്ന തിരുശേഷിപ്പായി പരിപാലിച്ചുപോരേണ്ട തലശ്ശേരി-മൈസൂര്‍ പാതക്കരികിലെ ഈ കുളം അപ്പാടെ നിലനിര്‍ത്തി പരിപാലിക്കുന്നതിന് പകരം ഇതിനെ വികൃമാക്കാനാണ് നഗരസഭ ശ്രമിച്ചത്. ഇതിനെതിരെ അന്നുതന്നെ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. പഴശ്ശിയുടെ മണ്ണില്‍ത്തന്നെ പാതയോരത്ത് വിശാലമായ സ്ഥലം ശേഷിക്കെയാണ് നഗരസഭ അവിടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആധുനിക രീതിയിലുള്ള മന്ദിരം പണിയുന്നതിന് പകരം ചരിത്രക്കുളത്തിന് മുകളില്‍ ചെറിയൊര കെട്ടിടം പണിത് തടിതപ്പുന്നത്.
പഴശ്ശി സ്മാരകത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സിപിഎം ഭരിക്കുന്ന മട്ടന്നൂര്‍ നഗരസഭ ഇന്ന് മുതല്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ പരിപാടികളിലെല്ലാം സ്വന്തം പാര്‍ട്ടിക്കാരെയും സില്‍ബന്തികളെയും തിരുകിക്കയറ്റി പഴശ്ശിരാജാവിനെയും അതിനോടൊപ്പമുള്ള ചരിത്ര നേട്ടങ്ങളെയും തങ്ങളുടേതാക്കിത്തീര്‍ക്കാനാണ് നഗരസഭാ ഭരണത്തിലൂടെ സിപിഎം ശ്രമം. 25 ന് നഗരസഭയിലെ മട്ടന്നൂര്‍ പഴശ്ശിരാജ കോളേജ് അടക്കമുള്ള 13 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചരിത്രവിജ്ഞാന സദസ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവിടെയെല്ലാം പ്രഭാഷണത്തിനായി സ്വന്തം പാര്‍ട്ടിക്കാരെയും അനുഭാവികളെയുമാണ് തിരുകിക്കയറ്റിയിരിക്കുന്നത്. അപവാദമായി ഒന്നുരണ്ടുപേര് പുറത്തു നിന്ന് ഉണ്ടെന്ന് മാത്രം.
പഴശ്ശിരാജയുടെ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടം നന്നായി പഠിച്ചവരും അത് അവതരിപ്പിക്കാനും കഴിവുള്ളവരെ പടിക്ക് പുറത്താക്കിയാണ് നഗരസഭയുടെ പ്രത്യേകം ക്ലാസ് നല്‍കിയുള്ള പ്രഭാഷകരുടെ തെരഞ്ഞെടുപ്പ്. ഇവരെല്ലാം ചേര്‍ന്ന് പഴശ്ശിയുടെ ചരിത്രത്തെ തങ്ങള്‍ക്കനുസരിച്ച് വളക്കുകയും ഒടിക്കുകയും ചെയ്യുമെന്നുറപ്പാണ്. മുന്‍ എംഎല്‍എ കെ.കെ.ശൈലജ ടീച്ചര്‍ പരിപാടിയില്‍ രണ്ട് സ്ഥലത്ത് ഇടം നേടിയപ്പോള്‍ മറ്റ് മുന്‍ എംഎല്‍എമാര്‍ ആരും തന്നെ ചിത്രത്തിലില്ല. പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലെ കൗണ്‍സിലര്‍മാരെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചരിത്രസെമിനാറില്‍ സ്ഥലം കൗണ്‍സിലറെ ഉള്‍പ്പെടുത്തിയില്ല എന്ന് യുഡിഎഫുകാരും ആരോപിക്കുന്നു. പരിപാടി നടക്കുന്ന മറ്റ് സ്ഥലങ്ങളിലെ കൗണ്‍സിലര്‍മാര്‍ സിപിഎമ്മുകാരായതുകൊണ്ടാണ് അവരെ ഉള്‍പ്പെടുത്തിയതെന്നും എന്നാല്‍ ചരിത്രസെമിനാര്‍ നടക്കുന്ന സ്ഥലത്തെ കൗണ്‍സിലര്‍ കോണ്‍ഗ്രസ്സുകാരനായതുകൊണ്ടാണ് അവഗണനയെന്നും യുഡിഎഫ് ആരോപിക്കുന്നു. പരിപാടിയുടെ ബ്രോഷറിലെ പഴശ്ശിരാജയുടെ ചരിത്രത്തെക്കുറിച്ചും പരക്കെ ആക്ഷേപമുണ്ട്. ചരിത്രരേഖകളില്‍ പറയുന്ന രീതിയിലല്ല പഴശ്ശിരാജാവിനെ ഛായാചിത്രത്തില്‍ അവതരിപ്പിച്ചതെന്നും ചരിത്രത്തോട് ഒട്ടും നീതിപുലര്‍ത്തുന്നതല്ല ചിത്രമെന്നും പരക്കെ ആക്ഷേപമുണ്ട്.
ബിജെപി അടക്കമുള്ള ഹിന്ദു സംഘടനകളെയും പരിപാടിയില്‍ നിന്നും പൂര്‍ണ്ണമായും മാറ്റി നിര്‍ത്തിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി നടക്കുന്ന ആദരിക്കല്‍ ചടങ്ങിലും സിപിഎം കാഴ്ചപ്പാടുള്ളവരെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍ പരിപാടിയുടെ ഉദ്ഘാടനത്തിന് ലീഗ് മന്ത്രിയെ ക്ഷണിച്ചതും വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: