തിരുവല്ല: കരാര്‍ കാലാവധി കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിട്ടിട്ടും കെഎസ്ആര്‍ടിസി ഷോപ്പിംഗ്കോംപ്ലക്സ് നിര്‍മ്മാണം പൂര്‍ത്തിയായില്ല. കഴിഞ്ഞ ജൂണ്‍ 30ന് മുമ്പായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ പ്രഖ്യാപിച്ചിട്ട് മാസം ഏഴു കഴിഞ്ഞു. ആ വാക്കും പാലിക്കപ്പെട്ടില്ല.
കരാര്‍ കമ്പനിക്ക് പണം നല്‍കുന്നതിന് കാലതാമസം ഉണ്ടായതുമൂലമാണ് നിര്‍മ്മാണം ഇഴഞ്ഞുനീങ്ങാന്‍ ഇടയാക്കുന്നതെന്നാണ് സൂചന. ഷോപ്പിംഗ് കോംപ്ലക്സിന്റെ സിവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സാനിട്ടേഷന്‍, മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി 2010 ഓഗസ്റ്റ് 2ന് നരേഷ് ട്രേഡേഴ്സ് എന്ന കമ്പനിയാണ് ഏറ്റെടുത്തത്. 2012 ജനുവരി 15ന് നിര്‍മ്മാണം പൂര്‍ത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ട് രണ്ട് വര്‍ഷവും പത്തുമാസവും പിന്നിട്ടു. നിര്‍മ്മാണം വൈകുന്നതില്‍ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. രാഷ്ട്രീയ ചേരിപ്പോരുകളാണ് നിര്‍മ്മാണം വൈകുന്നതിന് ഇടയാക്കിയത്. എംഎ ല്‍എയെ പ്രതിക്കൂട്ടിലാക്കാന്‍ കേരളകോണ്‍ഗ്രസ്സ് ശ്രമിക്കുമ്പോള്‍ ഇത് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് മാത്യു ടി തോമസ് എംഎല്‍എ നടത്തിയത്.
ജൂണ്‍ 30ന് മുമ്പായി നിര്‍മ്മാണം പൂര്‍ത്തിയാകില്ലെന്ന് എംഎല്‍എയ്ക്കും മന്ത്രിക്കും വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും നിയമസഭയില്‍ പ്രസ്താവന നടത്തി ജനങ്ങളുടെ കണ്ണില്‍ മണ്ണിടുവാനാണ് ജനപര്തിനിധികള്‍ ശ്രമിച്ചത്. പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ബാക്കി നില്‍ക്കുകയാണ്. ഇനി മൂന്ന് മാസമെങ്കിലും കഴിയാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് നിര്‍മ്മാണ കമ്പനിയുടെ തൊഴിലാളികള്‍തന്നെ പറയുന്നു.
നഗരത്തില്‍ മാററി മാറി വരുന്ന ഗതാഗത പരിഷ്ക്കാരങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന ജനം ബസ്സിന്റെ സ്റ്റോപ്പ് ഏതെന്ന് അറിയാതെ നഗരത്തിലൂടെ അലഞ്ഞു തിരിയുകയാണ്. സ്ഥിരമായ ഒരു യാത്രാസംവിധാനം ഒരുദിവസം മുമ്പെങ്കിലും വരണമെന്ന് ആഗ്രഹിക്കുന്ന തിരുവല്ലയിലെ യാത്രക്കാര്‍ക്ക് മന്ത്രിയിലും എംഎല്‍എയിലുമുള്ള വിശ്വാസവും നഷ്ടപ്പെട്ടു.
ഇലയ്ക്കും മുള്ളിനും കേടില്ലാത്ത തരത്തിലായിരുന്നു മന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന. പണി വൈകിയത് കരാറുകാരന്റെയോ കെടിഡിഎഫ്സിയുടെയോ കുറ്റം കൊണ്ടല്ല. മറ്റു പല കാരണങ്ങളാലുമാണ്. സ്ഥലം വിട്ടുകിട്ടാനുണ്ടായ കാലതാമസവും അവിടെനിന്ന് മണ്ണുനീക്കുന്ന പ്രവര്‍ത്തനങ്ങള്‍ വൈകിയതും നിര്‍മ്മാണം താമസിക്കുവാന്‍ ഇടയായി. സ്ഥലം വിട്ടുകിട്ടാനുണ്ടായ കാലതാമസവും ഗാരേജ് കെട്ടിടത്തിന്റെ ഫൗണ്ടേഷന് ഭാഗങ്ങളും പ്രധാനകെട്ടിടവും പൊളിച്ചുനീക്കാന്‍ കാലതാമസംനേരിട്ടു. മഴ മൂലം മണ്ണിടിഞ്ഞിതും അത് നേരിടാന്‍ അധികജോലി ചെയ്യേണ്ടി വന്നതും നിര്‍മാണം താമസിക്കാന്‍ കാരണമായി. മള്‍ട്ടിപ്ലക്സ് ഉള്‍പ്പെടുത്തുന്നതിന് കെട്ടിടത്തിന്റെ പ്ലാനിലും മാറ്റം വരുത്തേണ്ടിവന്നു. പത്താം നിലയിലെ ഷട്ടറിന്റെ ജോലികള്‍ മള്‍ട്ടിസ്റ്റേജ് ഫ്രെയിംകൊണ്ട് ചെയ്യേണ്ടിവന്നു. കെട്ടിടത്തിന്റെ അടിത്തറയില്‍ നിറയ്ക്കാന്‍ ആവശ്യത്തിന് പാറപ്പൊടി ലഭിച്ചില്ല.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ റൂമുകളുടെ രൂപകല്‍പ്പന, വൈദ്യുതീകരണ ജോലികള്‍ എന്നിവ ഉള്‍പ്പെടുത്തി പ്ലാനില്‍ മാറ്റംവരുത്തി കെഎസ്ആര്‍ടിസിയുടെ അംഗീകാരം ലഭിക്കാനും കാലതാമസം നേരിട്ടു.
പദ്ധതിപ്രവര്‍ത്തനങ്ങളുടെ അവസാനഘട്ടത്തില്‍ ടാങ്കിന് വേണ്ടി കുഴി എടുത്തപ്പോള്‍ മണ്ണ് നീക്കം ചെയ്യുന്നതിനും അത് പുറത്തേക്ക് കൊണ്ടുപോകുന്നതിന് പോലീസിന്റെ ഭാഗത്തു നിന്ന് തടസമുണ്ടാവുകയും ചെയ്തു. അധികമുള്ള മണ്ണ് നീക്കുന്നതിന് റവന്യുവകുപ്പിന്റെ ഭാഗത്തു നിന്ന് അനുമതികിട്ടാനും വൈകി.
ഇതെല്ലാം കെട്ടിടത്തിന്റെ പണി അനന്തമായി നീണ്ടു പോകുന്നതിന് കാരണമായി എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ തിരുവല്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് നിര്‍മ്മാണം വൈകുന്നതിന് കാരണമായതെന്നതാണ് യാഥാര്‍ത്ഥ്യം.
കരാറുകാരനെ സഹായിക്കുന്ന തരത്തിലാരുന്നു മന്ത്രിയുടെ മറുപടികളിലേറെയും. കരാര്‍ കാലാവധി കഴിഞ്ഞിട്ട് ഏതാണ്ട മൂന്നുവര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. നിര്‍മ്മാണം ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടത് ആറുമാസം മാത്രമായിരുന്നു.
കരാര്‍ അവസാനിക്കേണ്ട സമയവും കഴിഞ്ഞ് മൂന്നുവര്‍ഷവും കൂടി നിര്‍മ്മാണം മുന്നോട്ട് പോയതിന് ഈവക കാരണങ്ങളൊന്നും ന്യായീകരണമല്ല. ഇടതു വലതു കക്ഷികളുടെ രാഷ്ടീയ നിലപാടുകളും തല്ലിക്കൂട്ട് സമരങ്ങളുമൊക്കെ നിര്‍മ്മാണം വൈകിയതിന് കാരണങ്ങളാണെന്ന് തിരുവല്ലയിലെ ജനങ്ങള്‍ക്ക് പകല്‍പോലെ വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: