തലശ്ശേരി: ഭാരതത്തില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന രാഷ്ട്രീയ സ്വയംസേവക സംഘം സേവാ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുകയാണെന്ന് ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന് പറഞ്ഞു. മാര്‍ക്സിസ്റ്റ് ക്രിമിനല്‍ സംഘം പതിയിരുന്ന് ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ മനോജ് കുമാറിന്റെ നാമധേയത്തില്‍ നായനാര്‍ റോഡില്‍ ആരംഭിച്ച സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1925 ല്‍ ഡോ.ഹെഡ്ഗേവാര്‍ ആരംഭിച്ച പ്രസ്ഥാനം ഇന്ന് നവതിയിലെത്തിയപ്പോള് ദേശസ്നേഹികള്‍ അഭിമാനത്തോടെ പറയുന്നത് ഭാരതഭരണം സംഘബന്ധുക്കളുടെ കരങ്ങളില്‍ സുരക്ഷിതമായിരിക്കുന്നു എന്നാണ്.
1940 വരെ ഡോക്ടര്‍ജി ഭാരതമാകെ സംഘശാഖകളും സ്വയംസേവകെയും സൃഷ്ടിക്കാനാണ് ശ്രമിച്ചത്. തുടര്‍ന്ന് 1940 മുതല്‍ 1967 വരെ സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വള്‍ക്കര്‍ ദേശസ്നേഹികളായ വിദ്യാര്‍ത്ഥികളെയും തൊഴിലാളികളെയും രാഷ്ട്രീയ പ്രസ്ഥാനത്തെയും മറ്റു വിവിധ സംഘടനകള്‍ക്കും രൂപം നല്‍കുകയും വളര്‍ത്തിയെടുക്കുകയുമായിരുന്നു. അങ്ങിനെ രൂപീകൃതമായ ഭാരതീയ ജനസംഘമാണ് പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയായി രാജ്യത്ത് പടര്‍ന്ന് പന്തലിച്ചത്. അന്ന് ഗുരുജി സ്വപ്നം കണ്ട തൊഴിലാളി സംഘടന ഇന്ന് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി മാറിയിട്ട് കാലമേറെയായി. ഇന്നിപ്പോള്‍ ഗുരുജിയുടെ മറ്റൊരു സ്വപ്നമായ ഭാരതീയ ജനതാപാര്‍ട്ടി രാജ്യത്തെ ഒറ്റക്ക് ഭരിക്കാന്‍ ആവശ്യമായ ശക്തി നേടിയിരിക്കുകയാണ്. സംഘത്തിന്റെ ദീര്‍ഘദൃഷ്ടിയോടെയുള്ള കാഴ്ചപ്പാടും നിസ്വാര്‍ത്ഥരായ സ്വയം സേവകരുടെ അര്‍പ്പണബോധവുമാണ് ഇതിന്റെയൊക്കെ ആധാരശില.
1967 മുതല്‍ സര്‍സംഘചാലക് ആയിരുന്ന ദേവറസ്ജി സേവാ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതാവട്ടെ ഇന്ന് ഭാരതം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിലുള്ള സേവാപ്രവര്‍ത്തനങ്ങള്‍ ഇല്ലാത്ത ഒരൊറ്റ ഗ്രാമം പോലും ഇന്ന് ഭാരതത്തിലില്ല. അതിലൊരു ശാഖയാണ് സ്വര്‍ഗ്ഗീയ മനോജ് കുമാറിന്റെ നാമധേയത്തില്‍ ആരംഭിച്ചിരിക്കുന്നത്. ഈ സേവാകേന്ദ്രത്തിന് ഇന്നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണമെന്ന് മാത്രമല്ല, മറ്റുള്ളവര്‍ക്ക് മാതൃകയായി മാറണമെന്നും ചന്ദ്രശേഖര്‍ജി ആഹ്വാനം ചെയ്തു.
ഉദ്ഘാടന സദസ്സില്‍ വി.ബാലകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.കെ.പ്രവീണ്‍ സ്വാഗതം പറഞ്ഞു. നേരത്തെ സേവാകേന്ദ്രത്തില്‍ ഫോട്ടോ അനാച്ഛാദനവും നടത്തി. താലൂക്ക് സംഘചാലക് എം.കെ.ശ്രീകുമാരന്‍ മാസ്റ്റര്‍, അഡ്വ.ആര്.ജയപ്രകാശ്, കെ.പ്രമോദ്, ഒ.രാകേഷ്, പി.വി.ശ്യാം മോഹന്‍ തുടങ്ങി ആര്‍എസ്എസ് വിഭാഗ്-ജില്ലാ-താലൂക്ക് നേതാക്കളും വിവിധ ക്ഷേത്രപ്രവര്ത്തകരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: