പാലക്കാട്: അര്‍ധവാര്‍ഷിക പരീക്ഷക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ എല്‍ പി, യു പി വിഭാഗത്തിലെ മാറിയ പാഠ പുസ്തകങ്ങളുടെ രണ്ടാം ഭാഗത്തിലെ പല പുസ്തകങ്ങളും ഇനിയും എത്തിയില്ല.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ രണ്ടാം ഭാഗത്തിലെ ഇംഗ്ലീഷ്, കണക്ക്, പരിസര പഠനം, ഉള്‍പ്പെടെയുള്ള പുസ്തകങ്ങളാണ് ഇനിയും പല സ്കൂളുകളിലും എത്താത്തത്.
ഒന്നാംഭാഗംത്തിന്റെ അവസാനഭാഗം പൂര്‍ത്തിയായി വരുന്നു. അര്‍ധവാര്‍ഷിക പരീക്ഷക്ക് രണ്ടാം ഭാഗ ചില പാഠങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്.
പരീക്ഷ ഡിസംബര്‍ 11 മുതല്‍ ആരംഭിക്കാനിരിക്കേ പുസ്തകങ്ങള്‍ എത്താത്തതില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.
നേരത്തെ സര്‍ക്കാര്‍ പ്രസില്‍ നിന്നാണ് പുസ്തകങ്ങള്‍ അച്ചടിച്ചിരുന്നത്.ഇതു മാറ്റിയതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഇതിന് പുറമെ അര്‍ധവാര്‍ഷിക പരീക്ഷ എത്തിയിട്ടും ഒന്നാം ക്ലാസിലെ അധ്യാപകര്‍ക്കുളള കൈപുസ്തകവും എത്തിയിട്ടില്ല.
എല്‍ പി, യു പി ക്ലാസുകളിലെ രണ്ടാംഭാഗം എത്താത്തതിനാല്‍ ഗൈഡുകാരും വിദ്യാഭ്യാസ മാസികക്കാരും വെട്ടിലായി. മറ്റ് പുസ്തകങ്ങളുടെ അര്‍ധവാര്‍ഷിക പരീക്ഷയുടെ ഗൈഡുകളും മാസികളും പുറത്തിറങ്ങിയെങ്കിലും ഈ പുസ്തകങ്ങളുടെ ഇനിയും ഇറങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: