കൊട്ടാരക്കര: ജില്ലയുടെ കായികക്കുതിപ്പിന് ഗതിവേഗം തേടി നാളെയുടെ താരങ്ങളെ കണ്ടെത്താന്‍ മൂന്ന് ദിനങ്ങളായി കൗമാരതാരങ്ങള്‍ നടത്തിയ കുതിപ്പിന് സമാപനമായി. സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും റിലെ മത്സരത്തോടെയാണ് മേളക്ക് സമാപനമായത്. 176 പോയിന്റ് നേടി പുനലൂര്‍ ഉപജില്ല മറ്റു ഉപജില്ലകളെ പിന്നിലാക്കി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കൊല്ലം 97.25 പോയിന്റ് നേടി മൂന്നാമതായി. 100.25 പോയിന്റുകളുമായി ചാത്തന്നൂര്‍ രണ്ടാം സ്ഥാനം നേടി. ചാമ്പ്യന്മാരായ പുനലൂര്‍ 16 സ്വര്‍ണ്ണവും 21 വെള്ളിയും 12 വെങ്കലവും നേടി തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. രണ്ടാമതെത്തിയ ചാത്തന്നൂര്‍ 11 സ്വര്‍ണ്ണം 11 വെള്ളി, 10 വെങ്കലം എന്നിവ നേടി.
സ്കൂള്‍ വിഭാഗത്തില്‍ 72 പോയിന്റുകള്‍ നേടി പുനലൂര്‍ സെന്റ് ഗെരോറ്റി എച്ച്എസ്എസ് ചാമ്പ്യന്മാരായി. 6 സ്വര്‍ണ്ണവും 13 വെള്ളിയും, 3 വെങ്കലവുമാണ് അവരുടെ സമ്പാദ്യം. 40 പോയിന്റ് നേടി പുനലൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ രണ്ടാമതും 37 പോയിന്റ് നേടി കൊട്ടിയം എന്‍എസ്എം സ്കൂള്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. സബ്ബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലം സായിയിലെ ശ്രാവണ്ഗിരി 80 മീറ്റര്‍ ഹര്‍ഡില്‍സിലും ലോംഗ്ജംപിലും ഒന്നാമതെത്തി വ്യക്തിഗത ചാമ്പ്യനായി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 200, 400 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തി ഏരൂര്‍ ഗവണ്മെന്റ് സ്കൂളിലെ ജിബി റജിയും ജൂനിയര്‍ ആണ്‍വിഭാഗത്തില്‍ 1500, 3000 ഓട്ടത്തില്‍ വിജയിച്ച് ഭൂതകുളം ഗവണ്മെന്റ് സ്കൂളിലെ ഹരികൃഷ്ണന്.എസും ചാമ്പ്യന്മാരായി. ജൂനിയര്‍ പെണ് വിഭാഗത്തില്‍ ട്രിപ്പിള്‍ ജംപ്, ഹൈജംപ്, 100 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയില്‍ ഓന്നാമതെത്തി കൊട്ടിയം എന്എസഎം സ്കൂളിലെ ശ്രീലക്ഷ്മി ചാമ്പ്യനായി.
സീനീയര്‍ ആണ്‍വിഭാഗത്തില്‍ 400, 200, 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയില്‍ ഒന്നാമതെത്തി പുനലൂര്‍ ബോയ്സ് സ്കൂളിലെ അനുബാബുവും പെണ്‍വിഭാഗത്തില്‍ 400, 800, 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയില്‍ വിജയിച്ച് കൊല്ലം സായിയിലെ മേരി ജാക്വിലിനും വ്യക്തിഗത ചാമ്പ്യന്മാരായി.
റെക്കാര്‍ഡുകള്‍ ഭേദിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെങ്കിലും തങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുതിയ സമയം കുറിച്ചാണ് പലരും മടങ്ങിയത്. മത്സരം കാണാന്‍ കായികപ്രേമികളുടെ വലിയ തിരക്കാണ് ഇന്നലെയും അനുഭവപ്പെട്ടത്. കായികരംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു പദ്ധതിയും ഇല്ലെന്നതിന് മേള സാക്ഷിയായി.
പരിശീലനം നടത്താന്‍ ഗ്രൗണ്ടില്ലാതെ കഷ്ടപെടുന്നവര്‍, ബൂട്ട് മേടിക്കാന്‍ കാശില്ലാത്തവര്‍, പരിശീലനത്തിന് നല്ല കോച്ചിനെ കിട്ടാത്തവര്‍ ഇങ്ങനെ നീളുന്നു താരങ്ങളുടെ പരാതികള്‍. യഥാര്‍ത്ഥ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചാല്‍ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായി അവര്‍ മാറും.എന്നാല്‍ ഇവരെ കണ്ടെത്താനോ പ്രോത്സാഹിപ്പിക്കാനോ ആരും മിനക്കാടാറില്ലെന്ന് മേള തെളിയിച്ചു. കഷ്ടപ്പാടിനിടയിലും സ്വയം ആര്‍ജിച്ച കഴിവുമായി മത്സരിച്ച് ഒന്നാമതെത്തിയവര്‍ നിരവധിയാണ്. ഇവരാണ് മേളയുടെ യഥാര്‍ത്ഥ താരങ്ങള്‍.
വൈകിട്ട് നടന്ന സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ജഗദമ്മ ഉദ്ഘാടനം ചെയ്തു. പരിമിതികള്‍ക്കിടയിലും മേള ഗംഭീരമായി നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സംഘാടകസമിതി. മേളയില്‍ ആദ്യമായി നടപ്പാക്കിയ ഭക്ഷണവും പരാതികള്‍ക്കിട നല്‍കാതെ വിതരണം നടത്താന്‍ കഴിഞ്ഞു. കായികമേളക്ക് ഇന്ന് കൊടിയിറങ്ങുമ്പോള്‍ തിങ്കളാഴ്ച ശാസ്ത്രമേളക്ക് കൊടിഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: