ചേര്‍ത്തല: റവന്യു ജില്ലാ സ്കൂള്‍ കായിക മേളയില്‍ കായികാധ്യാപകരുടെയും ഉദ്യോഗാര്‍ഥികളുടെയും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഉദ്ഘാടന സമ്മേളനവും മത്സരങ്ങളും തടസപ്പെട്ടു. ശനിയാഴ്ച ആരംഭിച്ച കായിക മേളയിലാണ് കായികാധ്യാപകരുടെയും ഉദ്യോഗാര്‍ഥികളുടെയും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് ഉദ്ഘാടന സമ്മേളനവും കായിക മത്സരങ്ങളും തടസപ്പെട്ടത്. പ്രതിഷേധസമരം ശക്തമായതിനെത്തുടര്‍ന്ന് പി. തിലോത്തമന് എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാ ഹരിയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ജിമ്മി കെ. ജോസും സമരക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് പ്രതിഷേധസമരം അവസാനിപ്പിച്ചതും മത്സരങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞതും.
രാവിലെ മത്സരം ആരംഭിക്കുന്നതിനുമുന്‍പു തന്നെ മുപ്പതോളം വരുന്ന കായിക അധ്യാപകരും ഉദ്യോഗാര്‍ഥികളും പ്രതിഷേധവുമായി എത്തി. മത്സരങ്ങള്‍ക്ക് മുന്നോടിയായി സമ്മേളനം ആരംഭിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രധാന വേദിക്ക് മുന്നിലായി സമരക്കാര്‍ മുദ്രാവാക്യം വിളികളുമായി സംഘടിച്ച് കുത്തിയിരുന്നു. തുടര്‍ന്ന് ബഹളം നടക്കുന്നതിനിടയില്‍ സമ്മേളന നടപടികള്‍ ആരംഭിച്ചെങ്കിലും ഇടയ്ക്ക് നിര്ത്തിവെയ്ക്കെണ്ടിവന്നു. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പി. തിലോത്തമന് എംഎല്‍എ വരുന്ന നിയമസഭാ സമ്മേളനത്തില്‍ കായികാധ്യാപകരുടെ വിഷയം സബ്മിഷനായി ഉന്നയിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സമരക്കാര്‍ക്ക് ഉറപ്പുനല്‍കി.
ജില്ലയില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെ പരിശീലനം നല്കി കായികാധ്യാപകരായി നിയമിക്കുവാനുള്ള ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ഡിഡിഇ ജിമ്മി കെ.ജോസ് സമരക്കാരെ അറിയിച്ചു. തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞുപോയത്. കായികാധ്യാപകരായ ബ്രിജിത്ത്, ലോയിസ്, സുജീഷ്, ആശ, ആല്‍ബര്‍ട്ട്, ബിനുമോന്, സിത്താര, സാലി തുടങ്ങിയവര്‍ പ്രതിഷേധസമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: