കൊച്ചി: വെറും ഒരു സെക്കന്റുകൊണ്ട് 800 എംബിയുള്ള സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ബ്രോഡ്ബാന്റ് കണക്ഷന് വരുന്നു. പുതുതലമുറയിലെ ഏറ്റവും വേഗമേറിയ 5ജി നെറ്റ്വര്‍ക്ക് വഴിയായിരിക്കും അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാവുക. കൊറിയ, ജപ്പാന്, അമേരിക്ക കൂടാതെ പല നെറ്റ് വര്‍ക്ക് കമ്പനികളും 5ജി എന്ന ആശയത്തിനു പിന്നാലെയാണ്.
ടെലികോം രംഗത്ത് ലോകത്തുതന്നെ മുന്‍നിരയിലുള്ള കമ്പനികളിലൊന്നായ സ്വീഡനിലെ എറിക്സണും തങ്ങളുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. 2ജിയും 3ജിയും 4ജിയും ഒക്കെ പിന്നിട്ട് 5ജിയിലേക്കാണ് ഇനി തങ്ങളുടെ മുന്നേറ്റം എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
2020ഓടെ 5ജി ജനങ്ങളിലെത്തുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യയില്‍ അത് സാധ്യമാകൂ. 3ജിയും 4ജിയും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ഇപ്പോള്‍ത്തന്നെ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധ്യമായിട്ടില്ല എന്നതാണ് വസ്തുത.
പല സ്ഥലങ്ങളിലും പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങള്‍ ലഭ്യമാകുന്ന ഇന്റര്‍നെറ്റിന് ഒച്ചിഴയുന്ന വേഗമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ജനങ്ങള്‍ 2030 ആകുമ്പോഴേക്കും അതിവേഗ ഇന്റര്‍നെറ്റിനെക്കുറിച്ച് ചിന്തിച്ചാല്‍ മതിയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: