പാരിപ്പള്ളി: നടയ്ക്കല്‍ സ്വദേശിയായ പതിനഞ്ചുകാരിയെ കുത്തിക്കൊന്ന ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. നടയ്ക്കല്‍ മന്യ ഭവനില്‍ മണികണ്ഠനെ(33)ആണ് ചാത്തന്നൂര്‍ എസിപി മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നലെ പിടികൂടിയത്.
കഴിഞ്ഞ ആറിന് അയല്‍വാസിയും കശുവണ്ടിതൊഴിലാളിയുമായ സൗമ്യ ഭവനില്‍ സൗമ്യയുടെ (15) വീട്ടിലെത്തിയ പ്രതി യുവതിയെ കടന്ന് പിടിക്കുകയും തുടര്‍ന്ന് കുതറി ഓടാന്‍ ശ്രമിക്കുന്നതിനിടെ കത്തി കൊണ്ട് വയറ്റില്‍ കുത്തുകയുമായിരുന്നു. അബോധാവസ്ഥയിലായ സൗമ്യയെ അയല്‍വാസിയും മണികണ്ഠന്റെ സഹോദരിയുമായ വസന്തയാണ് കുത്തേറ്റ വിവരം മറച്ചുവച്ച് ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം കഴിഞ്ഞാണ് വീട്ടുകാര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് കഴിഞ്ഞ തിങ്കളാഴ്ച മരണമടഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ നിലമേല്‍ കൈതോട് സലിമിന്റെ റബ്ബര്‍ പുരയിടത്തിലെ ഷെഡില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ വ്യാഴാഴ്ച വെളുപ്പിനാണ് പിടികൂടിയത്.
മണികണ്ഠന് നിരവധി കേസുകളില്‍ പ്രതിയാണെന്നും സംഭവത്തില്‍ വസന്തയുടെ പങ്കിനെപറ്റി അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
അന്വേഷണത്തിന് എസിപിയെ കൂടാതെ പരവൂര്‍ സിഐ ബിജു, എസ്ഐ മാരായ വിജയന്, ബിജു എന്നിവര്‍ നേതൃത്വം നല്കി. പ്രതിയെ ഇന്നലെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: