ചെങ്ങന്നൂര്‍: ചെറിയനാട് വീട് അഗ്നിക്കിരയായി. പത്ത് ലക്ഷം രൂപയുടെ നാശനഷ്ടം. ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചെറിയനാട് പതിമൂന്നാം വാര്‍ഡില്‍ കളീക്കല്‍ പടീറ്റേതില്‍ ഗോപാലകൃഷ്ണക്കുറുപ്പിന്റെ (62) വീടാണ് പൂര്‍ണമായും കത്തിനശിച്ചത്. 13 ഉച്ചയ്ക്ക് 2.30നാണ് സംഭവം. അപകടം നടക്കുമ്പോള്‍ ഗോപാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ രാധാമണി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഗോപാലകൃഷ്ണക്കുറുപ്പ് മകന് നന്ദകുമാറിന്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി മാവേലിക്കരയിലേക്ക് പോയിരിക്കുകയായിരുന്നു. രാധാമണി സമീപമുളള പറമ്പില്‍ നില്ക്കുമ്പോള് വീടിനുള്ളില്‍നിന്നും പുക ഉയരുകയും പെട്ടന്ന് തന്നെ തീ പടരുകയുമായിരുന്നു.
മൂന്ന് മുറികളും, വര്‍ഷങ്ങള്‍ പഴക്കമുളള തടികൊണ്ട് നിര്‍മ്മിച്ച അറയും നിരയും പൂര്‍ണ്ണമായും കത്തിനശിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ നിന്നും അഗ്നിശമനസേനയും, പോലീസും സ്ഥലത്തെത്തി ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീഅണച്ചത്. ഇവരെത്തിയ ഉടനെ തീ ആളിപ്പടരുന്ന അടുക്കളമുറിക്കുള്ളില് നിന്നും രണ്ട് ഗ്യാസ് സിലണ്ടറുകള്‍ നീക്കം ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നീക്കംചെയ്യുമ്പോള്തന്നെ ഇവയില്‍ ഒന്നിന് ചെറിയതോതില്‍ ചോര്‍ച്ചയും ഉണ്ടായിരുന്നു.
റ്റിവി, ഫ്രിഡ്ജ്, ഫോണ്‍, മൂന്ന് കട്ടിലുകള്‍, വസ്ത്രങ്ങള്‍, വിലപ്പെട്ട രേഖകള്‍ തുടങ്ങി വീടിനുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. എന്നാല്‍ അലമാരിയില്‍ സൂക്ഷിച്ചിരുന്ന അരലക്ഷം രൂപ അഗ്നിശമനസേനാ അംഗങ്ങളുടെ അവസരോചിതമായ ഇടപെടല്‍മൂലം വീട്ടുകാര്‍ക്ക് തിരികെ ലഭിച്ചു. സംഭവം കണ്ടുനിന്ന രാധാമണിക്ക് ബോധക്ഷയം ഉണ്ടാവുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: