മാവേലിക്കര: ജില്ലയുടെ തെക്കന്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മതതീവ്രവാദ സംഘടനകള്‍ക്കൊപ്പം വര്‍ദ്ധിച്ചു വരുന്ന മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് എന്‍ഐഎ അന്വേഷിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുറത്തികാട്, വള്ളികുന്നം, പ്രദേശങ്ങളിലാണ് മാവോയിസ്റ്റ് പോസ്റ്ററുകളും നോട്ടീസുകളും പ്രചരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ജില്ലയുടെ തെക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമാകുന്നതിനെ തുടര്‍ന്നാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നത്. അടുത്ത ദിവസം തന്നെ മാവേലിക്കരയില്‍ എത്തുന്ന എന്‍ഐഎ സംഘം കേസിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും പോസ്റ്ററുകളും നോട്ടീസുകളും പ്രചരിച്ച സ്ഥലങ്ങള്‍ പരിശോധിക്കുകയും ചെയ്യും. വള്ളികുന്നം പഞ്ചായത്തില്‍ മലമേല്‍ ചന്ത, കുറത്തികാട് ജങ്ഷനു സമീപം, ചുനക്കര വടക്ക് പ്രദേശങ്ങളിലാണ് സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ടം പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരില്‍ കഴിഞ്ഞ ദിവസം പോസ്റ്ററുകളും നോട്ടീസുകളും പ്രചരിച്ചത്. കുറത്തികാട്ട് മാസങ്ങള്‍ക്ക് മുന്‍പ് കൈയെഴുത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു.
രണ്ടുമാസം മുന്‍പ് തീവ്ര സ്വഭാവമുള്ള സംഘടനയുടെ രാത്രികാല ക്യാമ്പ് വെട്ടിയാറിലെ ഒരു കേന്ദ്രത്തില്‍ നടന്നതിനെ കുറിച്ചും സംഘം അന്വേഷിക്കും. നേരത്തെ തഴക്കര, വെട്ടിയാര്‍, മാങ്കാംകുഴി പ്രദേശങ്ങളിലും മാവോയിസ്റ്റ് പോസ്റ്ററുകള്‍ പതിച്ചിരുന്നു. 2012 ഡിസംബറില്‍ 28ന് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മക്കള്‍ ഉള്‍പ്പെടെ ഏഴുപേരെ മാവേലിക്കരയിലെ ഒരു ലോഡ്ജില്‍ രഹസ്യ യോഗത്തിനിടെ പോലീസ് പിടികൂടിയ കേസും എന്‍ഐഎയാണ് അന്വേഷിക്കുന്നത്. ചാരുംമൂട്, ആദിക്കാട്ടുകുളങ്ങര, വള്ളികുന്നം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മതതീവ്രവാദ സംഘടനകള്‍ക്കൊപ്പം വര്‍ദ്ധിച്ചു വരുന്ന മാവോയിസ്റ്റ് സാന്നിദ്ധ്യത്തെ അന്വേഷണ സംഘങ്ങള്‍ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഇടതു തീവ്രസ്വഭാവമുള്ള സംഘടനകളുമായി ഡിഎച്ച്ആര്‍എം, മുസ്ലിം തീവ്രവാദ സംഘടനകള്‍ എന്നിവ സഹകരിക്കുന്നതായും അന്വേഷണ സംഘങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: