ഇരിങ്ങാലക്കുട : നൂറിലേറെ വനിതകള്‍ അണിനിരന്ന പരമ്പരാഗത ശൈലിയിലെ വലിയ തിരുവാതിര പടിയൂരിലെ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. തനിമ മെഗാ തിരുവാതിരയുടെ ഭാഗമായി ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ചേലൂര്‍ സെന്റ് മേരീസ് സ്കൂള്‍ അങ്കണത്തില്‍ അരങ്ങേറിയ തിരുവാതിര സി.എന്‍ ജയദേവന് എം.പി ഉദ്ഘാടനം ചെയ്തു.
നളചരിതത്തിലെ ‘അംഗനേ ഞാന്‍ അങ്ങുപോകതെങ്ങിനേ…’ എന്നു തുടങ്ങുന്ന ഗാനത്തോടൊപ്പം പ്രായം മറന്ന് മുത്തശ്ശിമാര്തൊട്ട് കുട്ടികള്‍വരെയുള്ളവര്‍ തിരുവാതിര ചുവടുകള്‍ വച്ചപ്പോള്‍ സ്കൂള്‍ അങ്കണം നിറഞ്ഞു തുളുമ്പി. തിരുവാതിര അധ്യാപിക ജിത ബിനോയിയുടെ നേതൃത്വത്തില്‍ രണ്ട് മാസത്തിലേറെ നീണ്ട പരിശീലനത്തിന് ശേഷമാണ് ഞായറാഴ്ച ഇവര്‍ അരങ്ങിലെത്തിയത്. കഥകളിപ്പദത്തില്‍ തുടങ്ങി മംഗളം പാടി കളിക്കാര്‍ തിരുവാതിര ചുവടുകള്‍ അവസാനിപ്പിച്ചപ്പോള്‍ നാട്ടുകാരടക്കമുള്ള നൂറുകണക്കിനാളുകള്‍ കാഴ്ച്ചക്കാരായി. തനിമ ചെയര്‍മാനും ഇരിങ്ങാലക്കുട എം.എല്‍.എയുമായ അഡ്വ. തോമസ് ഉണ്ണിയാടന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ ശ്രീകുമാര്‍, ബെന്‍സി ഡേവിഡ്, ഭരതന് കണ്ടേങ്കാട്ടില്‍, സുബ്രഹ്മണ്യന് മുതുപറമ്പില്‍, കെ.സി ബിജു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ലോഹിതാക്ഷന് സ്വാഗതവും, ജിത ബിനോയ് നന്ദിയും പറഞ്ഞു. ലോക റെക്കോഡ് ലക്ഷ്യമാക്കി നാലായിരത്തിലധികം കലാകാരികള്‍ അണിനിരക്കുന്ന 15 മിനിറ്റ് ദൈര്‍ഘ്യമുള്ള മെഗാ തിരുവാതിര 2015 ഫെബ്രുവരി ആദ്യവാരത്തില്‍ ആരംഭിക്കുന്ന തനിമയില്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: