മദ്യം കുടുംബങ്ങളെ എങ്ങനെ അണുവിസ്ഫോടനം നടത്തി തകര്‍ക്കുന്നു എന്ന് നമ്മള് അറിയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. കണ്ണീരിന്റെ ഭാരതപ്പുഴയില്‍ ചില തുരുത്തുകള്‍ നമ്മെ ആശ്വസിപ്പിക്കുമെങ്കിലും നിരാലംബരുടെ, നിസ്സഹായരുടെ പ്രാണന് പോകുന്ന നിലവിളികള്‍ നമ്മഎന്നുഅസ്വസ്ഥപ്പെടുത്തിക്കൊണ്ടേയിരുന്നു.
ഒടുവില്‍ മദ്യത്തിനെതിരെയുള്ള രാഷ്ട്രീയം വിജയം കണ്ടുവെന്ന് അഭിമാനിച്ചിരിക്കുമ്പോള്‍ ഇതാ അതേ മദ്യം രാഷ്ട്രീയ ഭീഷ്മാചാര്യരെപ്പോലും ശരശയ്യയില്‍ കിടത്താന്‍ അവസരമൊരുക്കിയിരിക്കുന്നു. ലഹരിയുടെ വഴികളില്‍ പൂത്തിറങ്ങുന്നത് എന്തെന്നതിനെക്കുറിച്ച് ഒരു തിട്ടവുമില്ലാതായിരിക്കുന്നു. മദ്യം മദംപൊട്ടി വരുമ്പോള്‍ തളയ്ക്കാന്‍ ആരുണ്ടാവുമെന്ന ആധി കുടുംബിനികളില്‍ കൂടിവരികയാണ്.
മദ്യത്തിന്റെ പണമില്ലാതെ എങ്ങനെ വികസനം എന്ന് പരസ്യമായി ചോദിക്കുന്നില്ലെങ്കിലും മൗനമായി അതൊക്കെ ഭരണക്കാര്‍ നിരന്തരം ഉയര്‍ത്തുന്നുണ്ടെന്ന് അറിയുക.
ജനങ്ങളെ പൊന്നുപോലെ നോക്കുന്ന രാഷ്ട്രീയകക്ഷിയെയും മദ്യം മറ്റൊരുതരത്തില്‍ പിടികൂടിയതാണ് ഏറ്റവും ഒടുവിലത്തെ ലഹരിനില. കേരളത്തിന്റെ സ്വന്തം ധനമന്ത്രിയെ കോഴക്കഥയില്‍ മലര്‍ത്തിയടിച്ച വിദ്വാനെ ഒതുക്കാനാവാതെ ഭരണപക്ഷം വിയര്‍ത്തുകുളിച്ചു നില്‍ക്കെയാണ് നമ്മുടെ വിപ്ലവ കക്ഷിയില്‍ അടികലശല്‍ തുടങ്ങിയത്.
മാണിച്ചായന് പണം കൊടുത്തു എന്ന ആരോപണം ആര് അന്വേഷിക്കണമെന്നതാണ് പ്രശ്നം. നേരറിയാന്‍ സിബിഐ മതിയെന്ന് നേരിന്റെ നേര്‍വഴിയിലൂടെ മാത്രമേ സഞ്ചരിക്കൂ എന്ന് വാശിപിടിക്കുന്ന മഹിതാശയന് പറയുന്നു. അതിനെ കടുംവെട്ട് വെട്ടിയാണ് പാര്‍ട്ടി നേതാവ് നിലപാടു തറയില്‍ ഉറച്ചു നില്‍ക്കുന്നത്.
സിബിഐ എന്ന മൂന്നക്ഷരം നടേ പറഞ്ഞ മൂപ്പര്‍ക്ക് പഥ്യമാവുന്നതിന്റെ പൊരുള്‍ അന്നം കഴിക്കുന്ന സകലമാന പേര്‍ക്കും അറിയാം. പാര്‍ട്ടി നേതാവിന് അത് എന്നേ ചതുര്‍ത്ഥിയുമാണ്. ഇത്തരമൊരു മഹനീയ അവസരം ഉണ്ടാക്കിത്തന്നതിന് ഉമ്മച്ചനും സംഘവും എകെജി സെന്ററിന്റെ പടിവാതില്‍ക്കലെത്തി മൂന്നു തവണ ഇന്‍ക്വിലാബ് വളിച്ചാല്‍ ജനാധിപത്യമര്യാദ പാലിക്കുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയാവും അദ്യം.
പ്രതിപക്ഷ നേതാവിന്റെ അജണ്ട പെട്ടെന്നൊരു നാളില്‍ പൊട്ടിമുളച്ചതല്ല എന്ന് മാര്‍ക്സിസ്റ്റ്് ചിന്തകനും എഴുത്തുകാരനുമായ വി. അരവിന്ദാക്ഷന് പറയുന്നുണ്ട്. ചാത്തുണ്ണിമാസ്റ്റര്‍ എന്ന മനുഷ്യ സ്നേഹിയായ രാഷ്ട്രീയ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുകച്ചു പുറത്തുചാടിച്ചതിന്റെ ഉള്ളറക്കഥകളുമായി പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പി(നവം.09)ല്‍ അതുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള ലയനം അനിവാര്യമാണെന്ന പക്ഷക്കാരനായിരുന്നു ചാത്തുണ്ണിമാസ്റ്റര്‍. ദീര്‍ഘവീക്ഷണത്തോടെ അക്കാര്യം ചര്‍ച്ച ചെയ്തതിന്റെ പേരില്‍ ജനശക്തി ഫിലിംസുമായി ബന്ധപ്പെടുത്തി സാമ്പത്തികാരോപണം ഉയര്‍ത്തി അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
അതില്‍ ഇഎംഎസും അച്യുതാനന്ദനും വഹിച്ച പങ്കിനെക്കുറിച്ചുള്ള പരാമര്‍ശം അരവിന്ദാക്ഷന് നടത്തുന്നുണ്ട്. 20 പേജില്‍ ശിഖ മോഹന്‍ദാസ് തന്മയത്വത്തോടെ അത് വരച്ചിടുന്നു. ചാത്തുണ്ണിമാസ്റ്ററെ ചതിച്ചതാരൊക്കെ? എന്ന തലക്കെട്ടില്‍ ചതിയുടെ നീണ്ട തിരക്കഥ വായിക്കാം. 2005 ല്‍ ജയപാലമേനോന്‍ പ്രസിദ്ധീകരിച്ച ഒളിമങ്ങാത്ത ഓര്‍മ്മകള്‍ എന്ന പുസ്തകത്തില്‍ ജനശക്തി ഫിലിംസ് എന്ന പേരില്‍ ഒരധ്യായം തന്നെയുണ്ട്.
ചാത്തുണ്ണിമാസ്റ്ററെക്കുറിച്ച് അരവിന്ദാക്ഷന്റെ നിരീക്ഷണം: ചാത്തുണ്ണി മാഷ് അത്തരത്തിലുള്ള ആളല്ലെന്ന് എനിക്ക് യാതൊരു സംശയവുമില്ല. ഞാനും ചാത്തുണ്ണിമാഷും തമ്മില്‍ നല്ല അടുപ്പമായിരുന്നു. അസാമാന്യ കഴിവുള്ള ആളായിരുന്നു. അങ്ങേര് ഇവിടെ വരാറുണ്ട്. അങ്ങേര്‍ക്കും അവസാനം ഏറ്റവും അടുത്തു പെരുമാറുന്ന ആള്‍ക്കാരുപോലും തുരങ്കം വെക്കാന്‍ നോക്കുന്നു എന്നൊരു സൂചന കിട്ടിയിട്ടുണ്ട്. വല്ലാതെ വിഷമിച്ചിട്ടുണ്ട് ആള്…………… ചാത്തുണ്ണിമാഷെ തുരത്തുന്നതിന് പാര്‍ട്ടിയില്‍ മുന്‍കൈ എടുത്ത ആള് മരിച്ചു. മരിച്ചവരെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ പറയില്ല.
അച്യുതാനന്ദന് ആളൊരു ചാണക്യനാ. മറ്റുള്ളവരെ അഴിമതിക്കാരനാക്കുക. ഈ രോഗം ഇപ്പോഴും അദ്ദേഹത്തില്‍ നിന്നും വിട്ടു പോയിട്ടില്ല. അയാളൊന്നാമനാവണം. ~ഒന്നാമനാകാന്‍ മറ്റവനെ രണ്ടാമതാക്കിയേ അടങ്ങൂ എന്ന് വാശിപിടിച്ചാല്‍ എന്തോ ചെയ്യും? സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് പാര്‍ട്ടി നേതാവു പറയുമ്പോള്‍ അല്ല കടിയ്ക്കുന്ന ശ്വാനന് തന്നെ എന്ന പിടിവാശിയിലാണ് പ്രതിപക്ഷ നേതാവ്.
ഉള്ളിലെ അജണ്ട വ്യക്തമല്ലേ? പാര്‍ട്ടിയില്‍ മുന്നിലെത്തുമെന്ന് കണ്ടാല്‍ സാമ്പത്തിക ആരോപണമുള്‍പ്പെടെയുള്ള വാരിക്കുന്തം കൊണ്ടാവും കുത്ത്. സാധാരണ അണിയാണെങ്കില്‍ അരിവാള്‍ ധാരാളം. ഏതായാലും അരവിന്ദാക്ഷന്റെ അഭിപ്രായം അറിയാതെ തന്നെ മലയാള മനോരമയില്‍ ശിവ ആയത് മൂന്നാലു വരകളിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. അടിവരുന്ന വഴിയും അടി കൊടുക്കുന്ന വഴിയും (മനോരമ നവം.05) എത്ര ഹൃദ്യം.
ജനപക്ഷം എന്താണെന്ന് സുധീരനോളം ആരും അറിഞ്ഞിട്ടുണ്ടാവില്ല. അത് ഭരണക്കാരെ, പ്രത്യേകിച്ച് ഉമ്മച്ചനെ അനുഭവിപ്പിച്ചുകൊടുക്കാനാണ് മേപ്പടിയാന് കാസര്‍കോട് നിന്ന് ഒരു യാത്ര ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനത്തിന് മുഖ്യനെ ക്ഷണിച്ചതിലൂടെ കാര്യം പറയാതെ പറഞ്ഞുപോകുന്നു സുധീരന്. എന്നാല്‍ രാഷ്ട്രീയത്തിന്റെ ചുഴിയും ചുറ്റും കണ്ടറിഞ്ഞ മുഖ്യന് സിപിഎമ്മിനെതിരെ നാലു വര്‍ത്തമാനം പറഞ്ഞ് സുധീരനിട്ട് ഒരു കൊട്ടുംകൊടുത്തു, ആരുമറിയാതെ.
ഇത് കാലികവട്ടത്തിന് വെറുതെ തോന്നിതയൊന്നുമല്ല കേട്ടോ. ഇതാ മുഖ്യന് ഉവാച: അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് കേരളത്തിലും ബംഗാളിലും ഇടതുപക്ഷത്തിന്റെ വിനാശത്തിനു കാരണം. യാഥാര്‍ത്ഥ്യബോധത്തോടെ രാഷ്ട്രീയത്തെ വിലയിരുത്താന്‍ സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ തയാറാകണം. വെരി കറക്റ്റ്. ഇനി ഇതേ ലോജിക്ക് നരേന്ദ്രമോദിയുടെ പാര്‍ട്ടിയുടെ പക്ഷത്തേക്ക് വെക്കുക. അപ്പോള്‍ ഇങ്ങനെ പറഞ്ഞുകൂടേ? അന്ധമായ ബിജെപി വിരോധമാണ് രാജ്യത്തൊന്നടങ്കം കോണ്‍ഗ്രസിന്റെ വിനാശത്തിനു കാരണം.
യാഥാര്‍ത്ഥ്യബോധത്തോടെ രാഷ്ട്രീയത്തെ വിലയിരുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തയാറാവണം. എന്തേ ലോജിക്ക് ഒരാള്‍ക്ക് മാത്രമേ ആകാവൂ എന്നുണ്ടോ? ഇനി ഉമ്മച്ചന് സുധീരനോട് പറയാതെ പറഞ്ഞത്: അന്ധമായ ഉമ്മന്‍ചാണ്ടി വിരോധം സുധീരന്റെ വിനാശത്തിന് കാരണമാവും. യാഥാര്‍ത്ഥ്യ ബോധത്തോടെ രാഷ്ട്രീയത്തെ വിലയിരുത്തിയാല്‍ ജനപക്ഷയാത്രകൊണ്ട് ഗുണമുണ്ടാവും. ഇങ്ങനെയും വിചാരിച്ചുകൂടേ വായനക്കാരേ. മനോരാജ്യത്തിലെന്തിന് അര്‍ധരാജ്യം എന്നല്ലേ?
എന്തുകൊണ്ട് നരേന്ദ്രമോദിയും അദ്ദേഹം ഉള്‍പ്പെട്ട പാര്‍ട്ടിയും ജനഹൃദയങ്ങളെ ഹഠാദാകര്‍ഷിക്കുന്നു എന്നതിന് ചെറിയൊരു ഉദാഹരണം നവം.02 ന്റെ സണ്‍ഡെ എക്സ്പ്രസ് മാഗസിനില്‍ കാണാം. അതിന്റെ മുഖലേഖനം ഇപ്രകാരം വായിക്കാം. ദ ഐക്കണ്‍ റിനൈസന്‍സ്. നവോത്ഥാനത്തിന്റെ വിഗ്രഹം എന്നോ മാറ്റത്തിന്റെ കാറ്റ് എന്നോ മനംപോലെ വായിക്കാം. പ്രഥുല്‍ ശര്‍മ്മയുടെതാണ് രണ്ടുപേജ് വരുന്ന പഠനാര്‍ഹമായ കുറിപ്പ്. ഭാരതത്തിന്റെ അസ്തിത്വത്തില്‍ ദൃഢതയോടെ കിടക്കുന്ന, അവഗണിക്കപ്പെട്ട വീരനായകന്മാരെ തിരിച്ചറിയാനും അവരെ ആദരിക്കാനും എന്‍ഡിഎ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇറങ്ങിപ്പുറപ്പെടുന്നതിന്റെ വാചാലമായ സംഭവഗതികളാണ് ലേഖനത്തിലുള്ളത്.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, റാണി മാ ഗൈഡിനില്യു, വിവേകാനന്ദന്, ശ്യാമപ്രസാദ് മുഖര്‍ജി, നാനാജി ദേശ്മുഖ്, ഹേംചന്ദ്രവിക്രമാദിത്യ, ഷഹീദ് അഷ്ഫഖുള്ളഖാന്‍, ശ്രീനാരായണഗുരു, അരബിന്ദൊ, രാജേന്ദ്രചോള, മഹാത്മാ അയ്യങ്കാളി എന്നിവരുടെ കര്‍മധീരതയുടെ പ്രകാശവര്‍ഷങ്ങളിലേക്ക് കണ്ണെറിയാന്‍ ജനസഹസ്രങ്ങളെ പ്രേരിപ്പിക്കുന്ന അത്യുദാത്തമായ പ്രവര്‍ത്തന പദ്ധതിയാണ് എന്‍ഡിഎ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. അകറ്റപ്പെടുന്ന രാഷ്ട്രീയത്തില്‍ നിന്ന് ആശ്ലേഷിച്ചടുപ്പിക്കുന്ന രാഷ്ട്രീയത്തിലേക്കുള്ള സ്വച്ഛന്ദവും സൗഭ്രാത്രതുല്യവുമായ യാത്രയാണ്് അത്. അതുകൊണ്ടുതന്നെ ഉമ്മച്ചനെ പോലുള്ള ക്ഷുദ്രരാഷ്ട്രീയ തിമിരബാധിതര്‍ക്ക് അതിന്റെ ഉള്ളുറപ്പ് കാണാനാവില്ല.
കഴുകനായിട്ട് കാര്യമെന്ത് കബന്ധരുചിയല്ലേ പഥ്യം! അഭിമാനം ആകാശത്തോളമുയര്‍ത്തുന്ന ലേഖനമാണത്.
പരസ്യചുംബനക്കാര്‍ക്കും അവരെ ചുറ്റിപ്പറ്റിയുള്ളവര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്നു ഇത്തവണത്തെ (നവം 09) കലാകൗമുദി വാരിക. സര്‍വരാജ്യത്തൊഴിലാളികളെ സംഘടിപ്പിക്കാനിറങ്ങിത്തിരിച്ചവരുടെ കുട്ടിപ്പട്ടാളവും ഇന്നാര്‍ത്തുവിളിക്കുന്നത് സര്‍വരാജ്യ ചുംബനക്കാരേ സംഘടിക്കുവിന്‍ എന്നാണല്ലോ.
തനിക്കും കുടുംബത്തിനും ഒന്നും നഷ്ടപ്പെടാനില്ല, അന്യന്റെ പെണ്‍കുട്ടിയും, ആണ്‍കുട്ടിയും വഴിതെറ്റിയാലെന്ത് എന്ന് കരുതുന്ന നേതാക്കന്മാര്ക്ക് മേപ്പടി മുദ്രാവാക്യം എപ്പോഴും വിളിക്കാം. ഇടയ്ക്ക് ബസുമൊശായിയുടെ നാട്ടിലേക്കൊന്നു നോക്കുകയും വേണം എന്നേയുള്ളു. സ്കൂളുകളില്‍ പട്ടിക്കൂടു പണിഞ്ഞുവെച്ചതുകൊണ്ട് കാര്യമൊന്നുമില്ല. വീട്ടില്‍ ഓരോ കണ്ണിച്ചൂരല്‍ വെച്ചാല്‍ അത് ഗുണം ചെയ്യുമെന്ന് സാദരം ഓര്‍മ്മിപ്പിച്ചുകൊണ്ട് നന്ദി, നമസ്കാരം !
പ്രതികരിക്കാൻ ഇവിടെ എഴുതുക: