എരുമേലി: ശബരിമല തീര്‍ത്ഥാടന പാതയിലെ ഗതാഗത സഞ്ചാരത്തിന് വന്‍ അപകടഭീഷണി ഉയര്‍ത്തി നിന്ന മണ്‍തിട്ട വര്‍ഷങ്ങളായുള്ള ജനകീയ പ്രതിഷേധത്തിനൊടുവില്‍ പോലീസ് കാവലില്‍ എടുത്തുമാറ്റി. എരുമേലി ടൗണില്‍ ചെമ്പത്തുങ്കല്‍ പാലത്തിന് സമീപത്തായി സ്വകാര്യ വ്യക്തിയുടെ വക മണ്‍തിട്ടയാണ് താലൂക്ക് സര്‍വ്വേയര്‍ അളന്നു തിട്ടപ്പെടുത്തി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് എടുത്തുമാറ്റിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അപകടത്തിന് വഴിയൊരുക്കിനിന്ന മണ്‍തിട്ട എടുത്തുമാറ്റണമെന്ന ആവശ്യം ഉയര്‍ന്നുവെങ്കിലും ചില ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ നടപടി വൈകിപ്പിക്കുകയായിരുന്നു. ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ നേരിട്ടെത്തി മണ്‍തിട്ട എടുത്തുമാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞദിവസം നടന്ന തീര്‍ത്ഥാടന അവലോകന യോഗത്തില്‍ ശബരിമല അയ്യപ്പസേവാ സമാജം പ്രശ്നം ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് എംഎല്‍എ, കളക്ടര്‍, മറ്റ് റവന്യൂ ഉന്നതാധികാരികളുടെ നിര്‍ദ്ദേശാനുസരണം മണ്‍തിട്ട എടുത്തുമാറ്റാന്‍ തീരുമാനമാവുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെ സര്‍വ്വേയര്‍ സ്ഥലത്തെ രണ്ടു സെന്റോളം വരുന്ന മണ്‍തിട്ട അളന്നു തിട്ടപ്പെടുത്തി. ഇത് എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ സ്വകാര്യ വ്യക്തിയെ പിഡബ്യൂഡി അധികൃതര്‍ സമീപിച്ചെങ്കിലും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായില്ലെന്ന് പിഡബ്യൂഡി എഇ മോളമ്മ പറഞ്ഞു. എരുമേലി എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘത്തിന്റെ സാന്നിദ്ധ്യത്തിലാണ് മണ്‍തിട്ട എടുത്തുമാറ്റിയത്. റോഡരികിലെ മണ്‍തിട്ട എടുത്തുമാറ്റിയതിലൂടെ ശബരിമല പാതയുടെ വികസനം കുറച്ചുകൂടി വേഗത കൈവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: