ലണ്ടന്‍: ഭാരത ടൂറിസം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ വന്‍ വളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്ര സാംസ്കാരിക ടൂറിസം സഹമന്ത്രി ശ്രീപദ് യശോ നായിക് പ്രസ്താവിച്ചു. ലഘൂകരിച്ച വിസാ നിയമങ്ങള്‍, ടൂറിസം ഉല്പന്നങ്ങളുടെ വികസനം, ആകര്‍ഷകമായ വിപണി സംരംഭങ്ങള്‍ എന്നിവ വിനോദ സഞ്ചാര വളര്‍ച്ചയ്ക്ക് സഹായകമായ ഘടകങ്ങളാണെന്ന് ലണ്ടനില്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുത്തു സംസാരിക്കവേ കേന്ദ്രമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ ഭാരതത്തിലേക്കുള്ള വരവില്‍ പ്രതിവര്‍ഷം ആറുമുതല്‍ ഏഴു ശതമാനം വരെ വര്‍ധന ഉണ്ട്. 2013-ല്‍ ഭാരത സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം ഏഴ് ദശലക്ഷം വരും.
2012 നെ അപേക്ഷിച്ച് 5.9 ശതമാനം വളര്‍ച്ച. ഇക്കൊല്ലം സപ്തംബര്‍ വരെ വിദേശ വിനോദസഞ്ചാരികളുടെ വരവില്‍ 7.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
നിരവധി രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കുവേണ്ടി വിനാദസഞ്ചാര മന്ത്രാലയം, വിസ ഓണ്‍ അറൈവല്‍ ഹോട്ടലുകളുടേയും റസ്റ്റോറന്റുകളുടേയും ക്ലാസിഫിക്കേഷന്‍-റീക്ലാസിഫിക്കേഷന്‍ നടപടിക്രമങ്ങളുടെ ലഘൂകരണം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതിനുപുറമെ ടൂറിസം മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ചൈനീസ്, അറബിക്, ഫ്രഞ്ച്, ജര്‍മന്‍, കൊറിയന്‍, ജാപ്പനീസ് ഭാഷകളിലേക്ക് തര്‍ജിമ ചെയ്തിട്ടുണ്ട്.
വിസ ഓണ്‍ അറൈവല്‍ സ്കീം, ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ എന്നിവ 12 രാജ്യങ്ങള്‍ക്ക് ബാധകമാക്കിയപ്പോള്‍ വിനോദസഞ്ചാരികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2014 ജനുവരി മുതല്‍ സപ്തംബര്‍ വരെ 19290 വിസ ഓണ്‍ അറൈവല്‍ ആണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 39.2 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ബ്രിട്ടണ് വിപണി ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളില്‍ 11.63 ശതമാനവും ബ്രിട്ടീഷുകാരാണ്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു പുറമെ ഇന്ത്യയില്‍ നിന്നും കേരളം ഉള്‍പ്പടെ 47 പ്രദര്‍ശകര്‍ മേളയിലുണ്ട്.
ഐറ്റിടിസി, ഇന്ത്യന്‍ റെയില്‍, ഐആര്‍സിറ്റിസി ഉള്‍പ്പടെ മൊത്തം 172 ഇന്ത്യന്‍ കമ്പനികളാണ് ഇന്ത്യന്‍ പവിലിയണില്‍ ഉള്ളത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നഗരമായ വാരണാസിയും മധ്യപ്രദേശിലെ സാച്ചിയിലെ സ്തൂപവുമാണ് ഇന്ത്യന്‍ പവലിയനിലെ പ്രധാന ആകര്ഷണങ്ങള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: