വള്ളികുന്നം: കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍ ബാങ്കിടപാടുകളില്‍ സിഡിഎസ് ഭാരവാഹികള്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി ആരോപണം. പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകള്‍ അറിയാതെ 2009-2010 കാലയളവില്‍ സിഡിഎസ് ചുമതലക്കാര്‍ ലക്ഷകണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയതായിട്ടാണ് ആരോപണം.
കുടുംബശ്രീ അംഗങ്ങളുടെ പേരില്‍ 2007ല്‍ ദേശസാത്കൃത ബാങ്ക് ശാഖയില്‍ നിന്നും വള്ളികുന്നം കടുവിനാല്‍ വരദ കുടുംബശ്രീ യൂണിറ്റ് 25,000 രൂപ വായ്പ എടുക്കുകയും 2009ല്‍ ഇത് തിരികെ അടയ്ക്കുകയും ചെയ്തു. പിന്നീട് ബാങ്കുമായി യാതൊരു ഇടപാടും ഈ യൂണിറ്റ് നടത്തിയിട്ടില്ല. എന്നാല്‍ യൂണിറ്റിലെ 18 അംഗങ്ങളുടെ പേരില്‍ വ്യാജ രേഖകള്‍ ചമച്ച് സിഡിഎസ് ഭാരവാഹികള്‍ വരദ കുടുംബശ്രീ അംഗങ്ങളുടെ പേരില്‍ ഒരു ലക്ഷം രൂപ വായ്പ എടുത്തു. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്നും പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്ക് ജപ്തി നോട്ടീസ് എത്തിയതോടെയാണ് തട്ടിപ്പ് വെളിയില്‍ വന്നത്.
എല്‍ഡിഎഫ് ഭരണകാലത്ത് സിഡിഎസ് മുഖാന്തിരം നടത്തിയ ഇടപാടുകളുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് പുതിയ അഴിമതി കഥകള്‍ പുറത്തുവരുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് നടന്നിട്ടുള്ള അഴിമതികളെപ്പറ്റി അന്വേഷണം നടത്താന്‍ തയ്യാറാകാത്ത നിലപാടാണ് ഇപ്പോഴത്തെ യുഡിഎഫ് ഭരണ നേതൃത്വം സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇത്തരത്തില്‍ നിരവധി കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍ അംഗങ്ങള്‍ അറിയാതെ സിഡിഎസ് ഭാരവാഹികള്‍ ലോണ്‍ തട്ടിപ്പ് നടത്തിയതായും ആരോപണമുണ്ട്. 18 വാര്‍ഡുകളില്‍ നിന്നായി 18 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നതായാണ് പറയുന്നത്. കുടുംബശ്രീ അംഗങ്ങള്‍ വള്ളികുന്നം പോലീസില്‍ പരാതി നല്‍കിയെങ്കിലും നൂറനാട് പോലീസില്‍ പരാതിപ്പെടാനാണ് മറുപടി നല്‍കിയത്.
ബാങ്ക് ഉദ്യോഗസ്ഥരും വള്ളികുന്നത്തെ സിഡിഎസ് ഭാരവാഹികളും ചേര്‍ന്ന് നടത്തിയ വായ്പ അഴിമതിക്കെതിരെ പരാതിപ്പെട്ടിട്ടും അന്വേഷണം നടത്താന്‍ തയ്യാറാകാത്തതില്‍ വന്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുള്ളതായും അരോപണമുണ്ട്. അതിനാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് തട്ടിപ്പിന് ഇരയായവര്‍. സംഭവത്തിനു പിന്നിലെ കുറ്റക്കാരെ കണ്ടെത്താന്‍ അന്വേഷണം വിജിലന്‍സിനെ ഏല്‍പ്പിക്കണമെന്ന് ബിജെപി മാവേലിക്കര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ വള്ളികുന്നം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: