മൂവാറ്റുപുഴയില്‍ നിന്നും പതിമൂന്ന് കിലോമീറ്റര്‍ അകലെ രാമമംഗലം പഞ്ചായത്തില്‍പെട്ട ഊരമനയില്‍ മൂവാറ്റുപുഴയാറിന്റെ തീരത്ത് കിഴക്കോട്ടു ദര്‍ശനമായിട്ടാണ് ഇരുക്ഷേത്രങ്ങളും സ്ഥതി ചെയ്യുന്നത്. ഇതേ ക്ഷേത്രത്തിന്റെ കീഴേടങ്ങളായി ഏകദേശം ഒരു കിലോമീറ്റര്‍ വടക്കുമാറി ശിവലി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും മൂന്ന് കിലോമീറ്റര്‍ തെക്കുമാറി വള്ളൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. തെക്കിനേഴം, വട്ടവേലി, പെരിങ്ങാട്ടുപ്പള്ളി എന്നീ നമ്പൂതിരി കുടുംബങ്ങളുടെ ഊരാണ്മ അവകാശത്തിന് കീഴിലുള്ളതാണ് ഊരമന ദേവസ്വം. രാമമംഗലം പെരുംതൃക്കോവില്‍ ദേവസ്വത്തിന്റെ കീഴിലുള്ള ഊരമന ക്ഷേത്രം, ഊരമന ക്ഷേത്ര സംരക്ഷണ സമിതിയുടെ അധീനതയിലാണ്.
ഊരമന ശ്രീ നരസിംഹസ്വാമി ക്ഷേത്രം
ചുവര് ചിത്രങ്ങള്‍ക്കൊണ്ടും ദാരു ശില്പങ്ങളാലും സമ്പന്നമാണ് നരസിംഹമൂര്‍ത്തീ ക്ഷേത്രം. ശ്രീകോവിലിന്റെ ചുറ്റുമായാണ് മനോഹരമായ ഈ ചുവര്‍ചിത്രങ്ങള്‍. ശ്രീലക ചുമരിലെ കമനീയങ്ങളായ ചിത്രങ്ങള്‍ രാമപുരത്ത് വാര്യരുടെ ഭാര്യാസഹോദരി ഇവിടെ ഭജനം പാര്‍ത്തിരുന്ന കാലത്ത് വരച്ചതാണെന്ന് കരുതുന്നു.
രാമരാവണ യുദ്ധം, കിരാതാര്‍ജുന യുദ്ധം, രാസലീല, ഗജേദ്ര മോക്ഷം, ദക്ഷിണാമൂര്‍ത്തി, നരസിംഹാവതാരം തുടങ്ങി പ്രകൃതിയുടെ നിറക്കൂട്ടില്‍ വിരിഞ്ഞ ചിത്രങ്ങള്‍ കൗതുകക്കാഴ്ചയാണ്. ത്രിവിക്രമവാമനമൂര്ത്തിയുടെ ചിത്രവും കയ്യില്‍ ഊരിയകൊമ്പും പിടിച്ചുകൊണ്ടുള്ള ഗണപതിയും അത്യപൂര്‍വമായി മാത്രം കാണുന്നതാണ്. 1997ല്‍ കേരള പുരാവസ്തു വകുപ്പ് ഏറ്റെടുത്തതിനെ തുടര്‍ന്ന് ക്ഷേത്ര സമുച്ചയം പാരമ്പര്യത്തനിമ നഷ്ടപ്പെടാതെ തന്നെ സംരക്ഷിക്കുന്നുണ്ട്.
ശ്രീ നരസിംഹ സ്വാമി
ഉദ്ദേശം മൂവായിരത്തിലധികം വര്‍ഷം പഴക്കം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. അഞ്ജന ശിലയില്‍ തീര്‍ത്ത വിഗ്രഹം പഞ്ചലോഹത്തില്‍ വാര്‍ത്തെടുത്തതാണ്. പരശുരാമന് ഒരിക്കല്‍ സമുദ്രതീരത്തുകൂടി യാത്ര ചെയ്യുമ്പോള്‍ വിഷ്ണുവിന്റെ രൂപത്തിലുള്ള ഒരു പൂര്‍ണബിംബം ലഭിച്ചു. പ്രസ്തുത ബിംബം പ്രതിഷ്ഠിക്കുന്നതിന് യോജിച്ച ഒരു സ്ഥലം അന്വേഷിച്ചു നടന്ന മാമുനി ഒടുവില്‍ ഒരുമനം എന്നറിയപ്പെടുന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. ആജന്മശത്രുക്കളായ കീരിയും-പാമ്പും,സിംഹവും-മാനും, പാമ്പും-തവളയുമെല്ലാം ഒത്തൊരുമയോടെ കഴിയുന്ന സ്ഥലമാണിത്. വിശിഷ്ട ബിംബം പ്രതിഷ്ഠിക്കന് യോഗ്യമായ സ്ഥലം ഇതുതന്നെയെന്നു അദ്ദേഹം നിശ്ചയിക്കുകയും ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. പണ്ട് ഒരുമനം എന്നറിയപ്പെട്ടിരുന്ന സ്ഥലം കാലക്രമത്തില്‍ ദീര്‍ഘിച്ചും ലോപിച്ചും ഇന്നറിയപ്പെടുന്ന ഊരമനയായി മാറി. കാലങ്ങള്‍ക്ക് മുമ്പ് ഊരമനയില്‍ എഴുപത്തിരണ്ടു മനകള്‍ സകലവിധ പ്രൗഢിയോടും പ്രതാപ ഐശ്വര്യങ്ങളോടുംകൂടി ഉണ്ടായിരുന്നു.
ഗര്‍ഭഗൃഹത്തോടു കൂടിയ വട്ടശ്രീകോവില്‍, പടിഞ്ഞാറേ നടയില്‍ രണ്ടു നിലകളായുള്ള ഗോപുരം; വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന സദ്യാലയം(ഊട്ടുപുര); തെക്കുഭാഗത്ത് ഇരുനില കൊട്ടാരം(മാളിക); പടിഞ്ഞാറു ഭാഗത്തായി രണ്ടു മുറികളോടുകൂടിയ അതിഥി മന്ദിരം;വിളക്കുമാടം;ചുറ്റമ്പലം; ബലിക്കല്പുര;മണ്ഡപം എന്നിവയെല്ലാമുള്‍പ്പെടെ ഏകദേശം ഒരേക്കറോളം വിസ്തൃതിയില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കൂടാതെ ഗോപുരം, മാളിക, മണ്ഡപം, ബലിക്കല്പുര എന്നിവിടങ്ങളില്‍ വളരെ മനോഹരമായി മരത്തില്‍ തീര്‍ത്ത കൊത്തുപണികളും ഉണ്ട്. കേരളത്തില്‍ ചുവര്‍ചിത്രങ്ങളുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
ധര്‍മ്മശാസ്താ ക്ഷേത്രം
പൂര്‍ണമായും കരിങ്കല്ലില്‍ തീര്‍ത്തതാണ് ശാസ്താക്ഷേത്രം. പുഴയോട് ചേര്‍ന്ന് പ്രകൃതിയുമായി ഇണങ്ങിക്കഴിയുന്ന വിധത്തില്‍ രൂപകല്പന ചെയ്തിരിക്കുന്ന ക്ഷേത്ര ശ്രീകോവിലിന് താഴികക്കുടമില്ല. കൊടിയേറിയുള്ള ഉത്സവമോ, താന്ത്രികവിധി പ്രകാരമുള്ള ആറാട്ടോ ഇവിടെ പതിവില്ല. പകരം മൂവാറ്റുപുഴയാറ് കരകവിഞ്ഞൊഴുകുമ്പോള്‍ പ്രകൃതിതന്നെ ശാസ്താവിന് ആറാട്ടൊരുക്കാറുണ്ട്.
ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര ചരിത്രം
ഏകദേശം എണ്ണൂറോളം വര്‍ഷത്തെ പഴക്കമാണ് ധര്‍മ്മശാസ്താ ക്ഷേത്രത്തിനു പറയപ്പെടുന്നത്. പണ്ടു തിരുനാവായ യോഗത്തില്പെട്ട നമ്പൂതിരിമാര്‍ വേദപഠനം നടത്തിയിരുന്നത് തിരുനാവായ മഠത്തിലായിരുന്നു. ഊരമന പ്രദേശത്തുള്ള ബ്രാഹ്മണര്‍ തിരുനാവായ യോഗത്തില്പ്പെട്ടവരായിരുന്നു.
ഊരമന ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്തിരുന്ന എളേഴിയം( തെക്കിനേടം) മനക്കലെ ഒരു നമ്പൂതിരി വേദാദ്ധ്യായനത്തിനായി തിരുനാവായില്‍ പോയി താമസിച്ചിരുന്നു. പിന്നീട് അദ്ദേഹം ചമ്രവട്ടത്ത് ശാസ്താവിനെ ഭജിച്ച് കൂടുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ആ കാലഘട്ടത്തില്‍ പ്രദേശത്തിന്റെ ഭരണാധികളായിരുന്ന കര്ത്താക്കന്മാര് ഈ സ്ഥലത്തുള്ള ബ്രാഹ്മണരെയെല്ലാം കൊന്ന് ഊരമനയില്‍ ബ്രാഹ്മണവംശത്തെ തന്നെ ഇല്ലാതാക്കി. പിന്നീടുണ്ടായ സംഭവവികാസങ്ങളില്‍ കര്ത്താക്കന്മാര് തന്നെ രണ്ട് ചേരികളായി തിരിഞ്ഞ് യുദ്ധം തുടങ്ങി. അതില്‍ വട്ടംകണ്ടത്തില്‍ കര്ത്താക്കന്മാരും, പൊട്ടാനിക്കാട്ട് കര്ത്താക്കന്മാരും സംഘടിച്ച് എതിര്‍പക്ഷക്കാരായ കര്ത്താക്കന്മാരെ യുദ്ധം ചെയ്ത് തോല്പിച്ചു. ഇവിടെ ഉണ്ടായിരുന്ന ബ്രാഹ്മണരെല്ലാം കൊല്ലപ്പെട്ടിരുന്നതിനാല്‍ അവര്‍ ചമ്രവട്ടത്തുചെന്ന് എളേഴിയം മനക്കലെ നാരായണന് നമ്പൂതിരിയെ കൊണ്ടുവന്ന് ഊരമനയില്‍ താമസിപ്പിക്കുവാന്‍ നിശ്ചയിച്ചു.
അതിനു വേണ്ടി ആളുകളെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ചമ്രവട്ടത്ത് ശാസ്താവിനെ ഭജിച്ച് അവിടെ കുടിയിരുന്ന നാരായണന് നമ്പൂതിരിക്ക് അവിടെ നിന്ന് പോരുവാന്‍ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. അദ്ദേഹം അത്യധികം വ്യസനത്തോടെ ശാസ്താവിനോട് തന്റെ ബുദ്ധിമുട്ടു പറഞ്ഞു കരഞ്ഞു. പിന്നീട് അദ്ദേഹം ഉറങ്ങാന്‍ കിടന്നപ്പോള്‍ ശാസ്താവ് സ്വപ്നത്തില്‍ വന്ന് ‘അവിടെ നിന്നും ഒരു ശില എടുത്തുകൊണ്ട് ഊരമനക്കു പൊയ്ക്കോളൂ…ആ കൂടെ ഞാനും വന്നു കൊള്ളാം…’എന്ന് അരുളി ചെയ്തു.
അങ്ങനെ ബ്രാഹ്മണന് ഒരു ശിലയും എടുത്തുകൊണ്ട് യാത്ര തിരിച്ചു. ഊരമനയിലെത്തിയ അദ്ദേഹം ശില പുഴയോരത്തുവച്ച് കുളിക്കാനിറങ്ങി. കുളി കഴിഞ്ഞ് കയറിവന്ന് ശിലയെടുക്കാന് ശ്രമിച്ചപ്പോള്‍ ആ ശില അവിടെ ഉറച്ചിരിക്കുന്നതായി കണ്ടു. അത്യധികം സന്തോഷവാനായ ബ്രാഹ്മണന് ചമ്രവട്ടത്ത് ശാസ്താവ് ഇവിടെ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടുവെന്നു മനസ്സിലാക്കി കിഴക്കു വശത്തു നിന്ന് തൊഴുതു എന്നാണ് ഐതിഹ്യം. അങ്ങനെ ഇവിടെ ശാസ്താവിന്റെ ദര്‍ശനം കിഴക്കോട്ടായി മാറി. ശാസ്താവിന് ആദ്യത്തെ നിവേദ്യത്തിനുള്ള ഒരു നാഴി അരി ഇന്നും എളേഴിയം മനയില്‍ നിന്നും നല്കിപോരുന്നു.
ശാസ്താവിന്റെ വിഡ്ഢി വാര്‍പ്പ്
വിഡ്ഢി വാര്‍പ്പിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കാനായിട്ടില്ല. മുമ്പ് ക്ഷേത്രത്തിലെ അടിച്ചുതളി, പാത്രം തേയ്ക്കല്‍ മുതലായ ജോലികള്‍ ഒരു വൃദ്ധ സ്ത്രീയാണ് നിര്‍വ്വഹിച്ചിരുന്നത്. അമ്പലത്തിലെ പാത്രം പുഴയില്‍ കഴുകികൊണ്ടിരിക്കെ കൈവഴുതി ഉരുളി പുഴയില്‍ പോയി. ഇതില്‍ ദു:ഖിതയായ അവര്‍ ഉരുളി തിരിച്ചു ലഭിക്കാന്‍ ശാസ്താവിനെ പ്രാര്‍ത്ഥിക്കുകയും അതിന്റെ ഫലമായി പുഴയില്‍ നിന്ന് സ്വര്‍ണ്ണ നിറത്തിലുള്ള ഉരുളി ഉയര്‍ന്നു വന്നെന്നാണ് വാമൊഴി.
ഏതു തരത്തിലുള്ള ലോഹം കൊണ്ടാണ് വാര്‍പ്പ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് അവ്യക്തമാണ്. വാര്‍പ്പുകളുടെ സ്വതവേ ഉള്ള ചെരിവില്ലാത്തതു കൊണ്ട് വിഡ്ഢി വാര്‍പ്പെന്നും പുഴയില്‍ നിന്നും കിട്ടിയതുകൊണ്ട് കിട്ടിയ വാര്‍പ്പെന്നും ഇത് അറിയപ്പെടുന്നു.
ഭൂതത്താന്‍കെട്ടും, കൊട്ടമുട്ടിതുരുത്തും,മെതിപാറയും
ചമ്രവട്ടത്തുനിന്ന് വന്നിവിടെയിരുന്ന ശാസ്താവിന് തനിക്ക് സ്വന്തമായി ഭൂമിയുണ്ടാക്കുവാന് ഭൂതഗണങ്ങളോട് ആജ്ഞാപിച്ചു. ഭൂതഗണങ്ങള്‍ പടിഞ്ഞാറു ഭാഗത്തുകൂടി ഒഴുകിയിരുന്ന പുഴ തിരിച്ചുവിട്ട് രണ്ട് ക്ഷേത്രത്തിന്റെയും ഇടയിലൂടെ ഒഴുക്കുവാന്‍ തീരുമാനിച്ചു. അതിനു വേണ്ടി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി പുഴയില്‍ തട കെട്ടിത്തുടങ്ങുകയും ചെയ്തു. വലിയ കല്ലുകളും ധാരാളം മണ്ണുകളുമെല്ലാം ഇട്ട് പുഴമദ്ധ്യത്തില്‍ തന്നെ തട കെട്ടിത്തുടങ്ങി. ഇതെല്ലാം കണ്ട നരസിംഹമൂര്‍ത്തി തന്റെ ദൂതനായി ദേവേന്ദ്രനെ ശ്രീധര്‍മ്മ ശാസ്താവിന്റെ അരികിലേക്കയച്ചു. സമയം പാതിരാത്രിയായിരുന്നെങ്കിലും ദേവേന്ദ്രന് ഒരു കോഴിയുടെ രൂപം കൈക്കൊണ്ട് കൂവി.
നേരം പുലര്‍ന്നുവെന്ന് കരുതി പരിഭ്രമിച്ച് കുറച്ച് ഭൂതഗണങ്ങള്‍ ‘മതിപാറ’ എന്ന് വിളിച്ച് പറയുകയും ബാക്കിയുള്ളവ കിഴക്കുഭാഗത്തേക്ക് ഓടുകയും കൈയ്യിലുള്ള കൊട്ട പാടത്തുമുട്ടുകയും ചെയ്തുവെന്നാണ് ഐതിഹ്യം. അങ്ങനെ പുഴയുടെ നടുവില്‍ ഉയര്‍ന്നു നില്ക്കുന്ന ഭാഗം ഭൂതത്താന്‍കെട്ട് എന്നും പാടത്തിന്റെ നടുവില്‍ ഒരു ദ്വീപ് പോലെ കാണുന്ന ഭാഗം കൊട്ടമുട്ടിത്തുരുത്ത് എന്നും പാറപൊട്ടിച്ചെടുത്ത സ്ഥലം മെതിപാറ എന്നും അറിയപ്പെടുന്നു. പിന്നീട് ദേവേന്ദ്രന്റെ മദ്ധ്യസ്ഥതയില്‍ ശ്രീധര്‍മ്മ ശാസ്താവും, ശ്രീ നരസിംഹമൂര്‍ത്തിയും ഒരു കരാറിലെത്തി. ശ്രീ നരസിംഹമൂര്‍ത്തിക്ക് വരുന്ന വഴിപാടിന്റെയെല്ലാം നേര്‍പകുതി ശാസ്താവിനു നല്‍കാമെന്നായിരുന്നു കരാര്‍.
ശാസ്താക്ഷേത്രത്തില്‍ എല്ലാ ദിവസവും പൂജയില്ല. നരസിംഹസ്വാമിക്ക് നടത്തുന്ന ഓരോ പൂജയ്ക്കും പകരമായ നിവേദ്യം മാത്രമേ ഇവിടെ നടത്തൂ. ശാസ്താവിനു പൂജ നടത്തുവാന്‍ തന്ത്രിക്കുമാത്രമേ അധികാരമുള്ളു. നരസിംഹമൂര്‍ത്തിക്ക് ചതു:ശ്ശതവും ശാസ്താവിന് നാളികേരം തൂളിയ്ക്കലുമാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍.
ക്ഷേത്രത്തിലേക്കുള്ള വഴി
കൊച്ചി ധനുഷ്കോടി (ദേശീയപാത 49) എറണാകുളം മൂവാറ്റുപുഴ ദേശീയപാതയില്‍ പെരുവംമുഴിയില്‍ നിന്നും ശിവലി വഴി 3 കി.മീ.
എം.സി. റോഡില്‍ മൂവാറ്റുപുഴയില്‍ നിന്നും 13 കി.മീ.
കൂത്താട്ടുകുളത്തു നിന്നും 23 കി.മീ.
മൂവാറ്റുപുഴ പിറവം റോഡില്‍ പാമ്പാക്കുടയില്‍ നിന്നും 5 കി. മീ.
പിറവത്തു നിന്നും രാമമംഗലം വഴി 11 കി.മീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: