സദാചാരമാണല്ലോ ഇപ്പോള്‍ സ്റ്റാര്‍. അത് വേണമെന്നും വേണ്ടെന്നും എന്തുമാവാമെന്നും പക്ഷമുണ്ട്. ജനാധിപത്യം നില നില്‍ക്കുന്നത് ഇങ്ങനെ വിവിധ പക്ഷങ്ങള്‍ ഉള്ളതുകൊണ്ടുതന്നെയാണ്. ഭിന്നരുചികള്‍ സ്വീകരിക്കുന്നവരും നിരാകരിക്കുന്നവരും അവരുടെ രീതികള്‍ക്കും സ്വഭാവങ്ങള്‍ക്കും അനുസരിച്ച് വ്യാഖ്യാനിക്കുന്നു.
തെറ്റെന്നും ശരിയെന്നും പറയുന്നവ ഒടുവില്‍ അതതിന്റെ വിരുദ്ധ ധ്രുവങ്ങളില്‍ എത്തി നില്‍ക്കുന്നുണ്ട്. മരം മരം എന്നു ജപിച്ച് രാമനില്‍ എത്തണോ വരണം വരണം എന്നു പറഞ്ഞ് രണത്തില്‍ എത്തണോ എന്നത് അവരവര്‍ തന്നെ തീരുമാനിക്കുന്നതാണ് നന്ന്. പിന്നെ, ഒന്നുള്ളത് തങ്ങള്‍ പറയുന്നത് അനുസരിച്ചു മാത്രമേ സകല മഹതീമഹാത്മാക്കളും സഞ്ചരിച്ചു കൂടൂ എന്ന് ശഠിക്കരുത്. ശാഠ്യം ശാന്തിയ്ക്കുപകരിക്കില്ല സഖേ എന്ന് കൃഷ്ണന് വെറുതെയല്ല അര്ജുനനോട് പറയുന്നത്. കാര്യമെന്തായാലും സമൂഹത്തില്‍ കെട്ടുറപ്പുള്ള ഒരവസ്ഥ വന്നുചേരുന്നത് സദാചാരം എന്ന അദൃശ്യ നിയമസംഹിതയുടെ അനുരണനങ്ങള്‍ ഉള്ളതുകൊണ്ടാണ്.
എന്താണീ സദാചാരം? ധാര്‍മ്മിക ജീവിതത്തിന് അത്യന്താപേക്ഷിതമായ ആചാരം, ധാര്‍മിക ജീവിതം നയിക്കുന്നവര്‍ പാലിക്കേണ്ടതായ ആചാരം, നീതിശാസ്ത്രം അനുശാസിക്കുന്ന ആചാരം, ചാരിത്ര പാലനം എന്നൊക്കെ ശ്രീകണ്ഠേശ്വരം ജി.പത്മനാഭപിള്ള ശബ്ദതാരാവലിയില്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നു. മാന്യമായ രീതിയില്‍ സമൂഹം മുന്നോട്ടുപോവണമെങ്കില്‍ മേല്‍ സൂചിപ്പിച്ചവ അനിവാര്യമാണെന്ന് മനുഷ്യനായി പിറന്നവര്‍ക്ക് നന്നായറിയാം.
മറ്റേയാള്‍ക്ക് അതറിയാം എന്ന് എനിക്കറിയാമെന്ന് അയാള്‍ക്കറിയാമെങ്കില്‍ പിന്നെ പ്രശ്നമുണ്ടാകില്ലെന്ന് സരസനായ എന്റെ സുഹൃത്ത് ഇടക്കിടെ പറയാറുണ്ട്. ഇനി എന്താണീ ധാര്‍മികത എന്നതിനെക്കുറിച്ചും അത്യാവശ്യം ഗ്രാഹ്യം വേണ്ടേ? സദാചാരവും ധാര്‍മികതയും ഊടുംപാവുമാണ്. അതിന്റെ കുറവും സമൂഹത്തെ ദുര്‍ബലപ്പെടുത്തും. ഒടുവില്‍ കൈയൂക്കുള്ളവന് കാര്യക്കാരന്‍ എന്ന നിലയിലെത്തിക്കും.
ഒന്നുകൂടി പിന്നോട്ടുപോയാല്‍ കാട്ടുമനുഷ്യരിലെത്തിക്കും, മൃഗതുല്യരാവും. സാംസ്കാരിക മുന്നേറ്റത്തിന്റെ മംഗള്‍യാനില്‍ എത്തി നില്ക്കുന്ന ഒരു സമൂഹം ക്ഷണേന കാട്ടൂരീതികളിലേക്ക് നിപതിച്ചാല്‍ എന്തായിരിക്കും സ്ഥിതി. ആയതിനാല്‍ സമൂഹം നില നില്ക്കണമെങ്കില് നിശ്ചിത രീതിയിലും നിലവാരത്തിലുമുള്ള സ്വഭാവ വിശേഷങ്ങള്‍ അനിവാര്യമാണ്. അതൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന നിലവരുന്നത് പരിഷ്കൃത സമൂഹത്തിന്റെ സൂചനയല്ല.
രാക്ഷസീയ സംസ്കാരത്തിന്റെ തിറയാട്ടമാണ്. അക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള ന്യായീകരണത്തിനും സ്ഥാനമില്ല. സ്വകാര്യമായിട്ടുള്ളവ സ്വകാര്യമായിത്തന്നെ നടക്കേണ്ടതാണ്. മൃഗങ്ങളും മറ്റും എന്തൊക്കെ ചേഷ്ടകളാണ് നമ്മുടെ കണ്മുന്നില് കാണിക്കുന്നത്. അവര്‍ക്കാവാമെങ്കില്‍ നമുക്കും എന്തൂകൊണ്ടായിക്കൂട എന്നാണ് ചോദ്യമെങ്കില്‍ ഇറാനില്‍ തൂക്കുമരം വിധിച്ച റയ്ഹാന ജബ്ബാരി പറഞ്ഞതു കൂടി ചേര്‍ത്തുവെച്ച് വായിക്കണം.
തന്നെ മാനഭംഗപ്പെടുത്താന്‍ തുനിഞ്ഞ അധികാരിയെ പ്രാണരക്ഷാര്‍ത്ഥം കൊലപ്പെടുത്തിയ കുറ്റത്തിനാണ് റയ്ഹാന ജബ്ബാരി തൂക്കിലേറ്റപ്പെടുന്നത്. ലോകരാജ്യങ്ങള്‍ മുഴുവന്‍ ആവശ്യപ്പെട്ടിട്ടും ഇറാന് അവരുടെ ശാഠ്യം അവസാനിപ്പിച്ചില്ല. ഒടുക്കം മരണമില്ലാത്ത ലോകത്തിന്റെ മാസ്മരികതയിലേക്ക് റയ്ഹാന പോയി. മരണത്തിന് തൊട്ടുമുമ്പ് അമ്മയ്ക്കെഴുതിയ കത്തില്‍ യൗവനം തുടിക്കുന്ന തന്റെ അവയവങ്ങള്‍ വേണ്ടപ്പെട്ടവര്‍ക്ക് ദാനം ചെയ്യണമെന്ന് അപേക്ഷിക്കുന്നുണ്ട്. നീതി കിട്ടാത്ത ലോകത്ത് തന്റെ പ്രതിഷേധം നില നില്‍ക്കണമെന്ന വാശികൊണ്ടല്ല ആ അപേക്ഷ. ഒരാള്‍ക്കെങ്കിലും തന്റെ ജിവിതം കൊണ്ട് ഗുണമുണ്ടാകട്ടെ എന്നു കരുതിയാണ്.
ആ കുറിപ്പ് ഇങ്ങനെ: എന്റെ ജീവനെക്കാള്‍ പ്രിയപ്പെട്ട അമ്മേ, മണ്ണില്‍ ചീഞ്ഞ് ഒടുങ്ങാന്‍ എനിക്ക് വയ്യ. എന്റെ കണ്ണും എന്റെ യുവത്വം നിറഞ്ഞ ഹൃദയവും മണ്ണായിത്തീരരുത്. എന്നെ തൂക്കിക്കൊന്നാലുടന്‍ എന്റെ ഹൃദയം, വൃക്കകള്‍, കണ്ണ് തുടങ്ങി മാറ്റിവെക്കാന്‍ കഴിയുന്ന അവയവങ്ങളെല്ലാം അത് ആവശ്യമുള്ള ആള്‍ക്ക് നല്‍കണം. ഞാന്‍ ആരാണെന്ന് എന്റെ അവയവങ്ങള്‍ സ്വീകരിക്കുന്നവര്‍ അറിയുകയും അരുത്.
എന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നുള്ള അപേക്ഷയാണ്, എനിക്ക് ഒരു ശവക്കല്ലറ വേണ്ട, അവിടെ വന്ന് നിങ്ങള്‍ കരയുകയും പീഡിതരാവുകയും അരുത്. തന്നെ ചേര്‍ത്തു നിര്‍ത്താന്‍ ലോകമാസകലം കോടിക്കണക്കിന് ജനങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചാണ് റയ്ഹാന കൊലക്കയര്‍ അഭിമാനപൂര്‍വം കഴുത്തിലിട്ടത്. സദാചാരമെന്ന വാക്കിന്റെ വജ്രസമാന സ്വഭാവ വിശേഷം റയ്ഹാനയില് തുടിച്ചു നില്ക്കുന്നു എന്നു തന്നെയാണ് കാലികവട്ടത്തിന്റെ നിരീക്ഷണം.
തന്നില്‍ നടപ്പാക്കിയ നീതികേടിന്റെ നെഞ്ചുകീറുന്ന മൂന്നുനാലു വരികളോടെയാണ് അവള് കത്തവസാനിപ്പിക്കുന്നത്. അതിങ്ങനെ: ഞാന്‍ മരണത്തെ പുല്കാന് പോകുന്നു. ദൈവത്തിന്റെ കോടതിയില്‍ ഇന്‍സ്പെക്ടറെയും ജഡ്ജിയെയും കോടതിയെയും ഞാന്‍ വിചാരണചെയ്യും. അമ്മേ, ആ ലോകത്ത് നമ്മള് പരാതിക്കാരും അവര്‍ കുറ്റവാളികളും ആയിരിക്കും. ദൈവം എന്താണ് വിധിക്കുന്നതെന്ന്കാണാം……. അതെ നമുക്കും കാത്തിരിക്കാം. ദൈവത്തിന്റെ നീതി നീതിനിഷേധമാവില്ലെന്നാണ് ഇതുവരെയുള്ള അനുഭവങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. നൊബേല്‍ പുരസ്കാര ജേത്രിയായ മലാലയൂസഫ്സായ് യും റയ്ഹാന ജബ്ബാരിയും സമൂഹത്തിന് നല്‍കുന്നത് രണ്ട് സന്ദേശമാണ്.
ആ സന്ദേശം സദാചാര സംഹിതകളുടെ അടിവേരിന് ആവോളം വെള്ളവും വളവും ഇട്ടുകൊടുക്കുന്നു. സംസ്കാര സമ്പന്നമായ ഒരു സമൂഹമാണ് ലോകത്തിന്റെ ഗതിവിഗതികള്‍ക്ക് വഴിവെട്ടുന്നത്. അതൊരു തിരിച്ചറിവാണ്. ആ തിരിച്ചറിവിന്റെ പൂമുഖം വികൃതമാക്കാന്‍ അനുവദിക്കണോ എന്ന ചോദ്യത്തിന് വായനക്കാരേ നിങ്ങള്‍ തന്നെ ഉത്തരം കണ്ടെത്തുക. മുഷിയില്ലെങ്കില്‍ വിക്ടര്‍ യൂഗോയുടെ രണ്ടു വരികൂടി വായിച്ചാലും: കഠിനമായ മനോവേദനയുടെ നടുവിലും സ്നേഹവും സഹതാപവും ഉള്‍ക്കൊള്ളുന്ന ആത്മാവ് ആര്‍ക്കുണ്ടോ അവനാണ് യഥാര്‍ത്ഥ മനഷ്യന്. നമുക്കും യഥാര്‍ത്ഥ മനുഷ്യരാവാന്‍ പരിശ്രമിക്കുക. സദാചാരം അതിന് മികച്ച ഊന്നുവടിയാവും.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്ററായ എം.ജി. രാധാകൃഷ്ണന്റെ ഒരു വിശകലനം കലാകൗമുദി(നവം.02) യില്‍ കാണാം. ഐഎസ്ആര്‍ഒ യില്‍ നടന്നതായി പറയുന്ന ചാരക്കേസിന്റെ ഉള്ളറകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തി അദ്ദേഹം നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ സ്വന്തം ചാനലും മറ്റുള്ളവയും ശ്രദ്ധിച്ചാല്‍ നന്ന്. ഏതു വിഷയം ചര്‍ച്ച ചെയ്യുമ്പോഴും ചാനല്‍ കൊമ്പന്മാര് കരുതുന്നത് തങ്ങളാണ് എല്ലാം തികഞ്ഞവര്‍ എന്നാണ്. നികേഷിനു പഠിക്കുന്ന ആങ്കര്‍മാര്‍ ആര്‍ത്തിപിടിച്ച കടുവ മാനിനെ കടിച്ചുകുടയുന്നതുപോലെയാണ് പെരുമാറുന്നത്.
പ്രേക്ഷകര്‍ക്ക് ഗ്രഹിക്കാന്‍ ഉതകുന്ന രീതിയില്‍ ചര്ച്ചക്കെത്തുന്നവരെക്കൊണ്ട് പറയിപ്പിക്കണമെന്ന പ്രാഥമിക മര്യാദ അവര്‍ മറന്നുപോകുന്നു. ഇപ്പോള്‍ നികേഷിനെ കവച്ചുവെക്കുന്നു മാതൃഭൂമി ന്യൂസിലെ വേണു. തന്റെ പക്ഷപാതിത്വം ഇത്ര മ്ലേച്ഛമായി പ്രകടിപ്പിക്കുന്നവര്‍ വേറെയില്ലെന്ന് ഓരോ വാക്കിലും കൈയാംഗ്യത്തിലും വ്യക്തം.
ടിയാന് നിത്യേന ഓഫീസില്‍ പോകും മുമ്പ് രാധാകൃഷ്ണന് എഴുതിയ വരികള്‍ ഒന്ന് ഉരുവിടുന്നത് നന്ന്. അത് ഇങ്ങനെ: ഈ കേസ് മാധ്യമങ്ങള്‍ക്ക് നല്കുന്ന സന്ദേശം മുമ്പെന്നത്തെക്കാളും ഇന്ന് പ്രസക്തം. കാരണം ഇതില്‍ നിന്ന് മാധ്യമങ്ങള്‍ പാഠങ്ങള്‍ ഒന്നും പഠിച്ചില്ലെന്ന് മാത്രമല്ല, അടിമുടി മത്സരത്തില്‍ മുഴുകിയ ടിവി ചാനലുകള്‍ കൂടിയായതോടെ കുഴപ്പങ്ങള്‍ പലമടങ്ങ് കൂടിയിട്ടേയുള്ളു.
മത്സരത്തിന്റെ പേരില്‍ എന്തും ആര്‍ക്കെതിരെയും തട്ടിവിടാമെന്ന ധാരണ ഇന്ന് മുമ്പത്തെക്കാളും കൂടുതല്‍. മത്സരത്തിനു വേണ്ടിയോ ഒരു ബൈലൈനിനു വേണ്ടിയോ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനോ മറ്റാരെങ്കിലുമോ ഓതിക്കൊടുക്കുന്ന ‘പിതൃശൂന്യ’ വിശേഷം പരിശോധിക്കാതെ എഴുതിവിടുന്നതിന്റെയും സംപ്രേഷണം ചെയ്യുന്നതിന്റെയും ദുരന്തമാണ് ഈ കേസെന്നത് മാധ്യമങ്ങള്‍ക്കുള്ള മുഖ്യ പാഠം. മേപ്പടി പാഠം ഏഷ്യാനെറ്റുകാരെ ഒന്ന് ഓതിപ്പഠിപ്പിക്കാന്‍ രാധാകൃഷ്ണന് തന്നെ മുന്നിട്ടിറങ്ങിയാല്‍ ജീര്‍ണലിസത്തിന് പണ്ടത്തെ ഓജസ് കൈവന്ന് ജേര്ണലിസമാകും.
ഐസക് ഈപ്പന് ഇത്തവണത്തെ കലാകൗമുദിയില്‍ എഴുതിയ പെണ്‍പേടി വായിച്ച ശേഷമേ ബ്ലേഡുകാര്‍ കഥയില്‍ പറഞ്ഞപോലുള്ളവര്ക്ക് പണം കടംകൊടുക്കാവൂ. ഇല്ലെങ്കില്‍ കുമാരന് പറ്റിയപറ്റ് പറ്റും.
ഗാന്ധിജിയുടെ സ്വന്തം നെഹ്റു എന്ന പേരില്‍ നിരീക്ഷണം പംക്തിയില്‍ രമേശ് ചെന്നിത്തലയുടെ രചന കലാകൗമുദിയില്‍ കാണാം. നെഹ്റു കുടുംബത്തിനു വേണ്ടി ഹൃദയം തുറന്നിട്ടിരിക്കുന്ന രമേശ് ചെന്നിത്തല മലയാളം വാരിക (ഒക്ടോ-31) യില്‍ ബി. ഹരികുമാര്‍ എഴുതിയ ചരിത്രത്താളുകളിലെ ചോരത്തുള്ളികള്‍ ഒന്ന് വായിക്കണം.
കുറഞ്ഞത് മൂന്ന് പേജ് കുറിപ്പിന്റെ അവസാന നാലുവരിയെങ്കിലും. അതിങ്ങനെ: ഇന്ദിരാവധത്തെപ്പറ്റി തുറക്കപ്പെടാത്ത അധ്യായം ഇനിയുമുണ്ട്. ആ മഹാദുരന്തത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പീറ്റര്‍ ഉസ്തിനോവിന്റെ ക്യാമറയ്ക്കുള്ളിലുണ്ട്. ലോകത്തെ കിടിലം കൊള്ളിച്ച ഒരു സംഭവം ഷൂട്ട് ചെയ്യുന്നത് ജോണ്‍ എഫ് കെന്നഡിക്കുശേഷം ഇതാദ്യമായാണ്. ആ ദൃശ്യങ്ങള്‍ എവിടെ? ആ ആര്‍ക്കറിയാം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: