കുമരകം: മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്തതിന്റെ പേരില്‍ മാര്‍ക്കറ്റിലെ ആറു മത്സ്യക്കടകള്‍ പഞ്ചായത്ത് അടപ്പിച്ചു. മാലിന്യ സംവിധാനം ഒരുക്കാന്‍ സാവകാശം നല്‍കിയിട്ടും തയാറാകാത്ത സാഹചര്യത്തില്‍ പോലീസിന്റെ സഹായത്തോടെ പഞ്ചായത്ത് അധികൃതര്‍ കടകള്‍ അടപ്പിക്കുകയായിരുന്നു. പൊതുജനാരോഗ്യത്തിനു ഹാനികരമാകുന്ന വിധത്തിലും മാലിന്യം നിറഞ്ഞ ചുറ്റുപാടിലും മല്‍സ്യ വില്‍പ്പന നടത്തരുതെന്നു കാണിച്ചു മല്സ്യക്കടക്കാര്ക്ക് പഞ്ചായത്ത് നോട്ടിസ് നല്‍കിയിരുന്നതായി സെക്രട്ടറി ടി. വേണുഗോപാല്‍ പറഞ്ഞു. മാര്‍ക്കറ്റ് റോഡ് വശത്തെ മത്സ്യക്കടകള്‍ മുറിയുടെ മുന്‍വശം ചില്ലിടുകയും മാലിന്യ സംസ്കരണത്തിനു സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടും മാര്‍ക്കറ്റിനകത്തെ കടക്കാര് പഞ്ചായത്തിന്റെ നിര്‍ദേശം അവഗണിച്ച് വില്‍പ്പന തുടരുകയായിരുന്നെന്നും മാലിന്യ സംസ്കരണത്തിനു വേണ്ട നടപടിയെടുത്തശേഷം വില്‍പ്പന തുടരാവുന്നതാണെന്നും സെക്രട്ടറി പറഞ്ഞു.
അതേസമയം, മാലിന്യ സംസ്കരണ സംവിധാനം തയാറാക്കി വരുകയാണെന്നും പൂര്‍ത്തിയാകുന്നതുവരെ ഇപ്പോഴത്തെ നിലയില്‍ മല്‍സ്യം വില്ക്കാന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതര്‍ തയാറായില്ലെന്നാണു കച്ചവടക്കാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: