മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ സെവിയ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. കഴിഞ്ഞ ദിവസം ബാഴ്സലോണയെ തോല്‍പ്പിച്ച് രണ്ടാം സ്ഥാനത്തെത്തിയ റയല്‍ മാഡ്രിഡിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സെവിയ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചത്. വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സെവിയ ഒമ്പതാം റൗണ്ട് കളിയില്‍ തോല്‍പ്പിച്ചത്.
അവസാന അഞ്ച് മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകളാണ് സെവിയക്ക് വിജയം നേടിക്കൊടുത്തത്. 88-ാം മിനിറ്റ് വരെ സെവിയ ഒരു ഗോളിന് പിന്നിലായിരുന്നു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 79-ാം മിനിറ്റില്‍ ലൂസിയാനോ വീറ്റോ നേടിയ ഗോളിന് വിയ്യാറയല്‍ മുന്നിലെത്തി. പിന്നീട് 88-ാം മിനിറ്റില്‍ ഡെനിസ് സുവാരസും ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റില്‍ കാര്‍ലോസ് ബാക്കയും സെവിയക്ക് വേണ്ടി ലക്ഷ്യം കണ്ടതോടെ വിജയം അവര്‍ക്ക് സ്വന്തമായി. പരാജയത്തോടെ വിയ്യാറയല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മറ്റൊരു പോരാട്ടത്തില്‍ നിലവിലെ ലീഗ് ജേതാക്കളായ അത്ലറ്റികോ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് ഗറ്റാഫെയെ കീഴടക്കി. 40-ാം മിനിറ്റില്‍ സൂപ്പര്‍താരം മരിയോ മാന്‍സുകിച്ചാണ് അത്ലറ്റികോയുടെ വിജയഗോള്‍ നേടിയത്. കളിയുടെ 56-ാം മിനിറ്റില്‍ ഗറ്റാഫെയുടെ റുവാനോ ഡെല്‍ഗാഡോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്.
മറ്റൊരു പോരാട്ടത്തില്‍ മലാഗ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് റയോ വയ്യക്കാനോയെ തകര്‍ത്തുവിട്ടു. മലാഗക്ക് വേണ്ടി ആറാം മിനിറ്റില്‍ സാഞ്ചസ് ഗാര്‍ഷ്യയും 21-ാം മിനിറ്റില്‍ സെര്‍ജി ഡാര്ഡറും 45-ാം മിനിറ്റില്‍ ജെമിനെസ് ലോപ്പസും 49-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ നോര്ഡിന് അംരാബട്ടും ഗോളുകള്‍ നേടി. മറ്റൊരു മത്സരത്തില്‍ എസ്പാനിയോളും ഡിപോര്‍ട്ടീവോ ലാ കൊരൂണയും ഗോള്‍രഹിത സമനില പാലിച്ചു.
ഒമ്പത് കളികളില്‍ നിന്ന് 22 പോയിന്റുള്ള ബാഴ്സലോണയും സെവിയയുമാണ് ലീഗില്‍ ഒന്നും രണ്ടും സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 21 പോയിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: