മഴ പെയ്ത് കാലം കഴിഞ്ഞാലും മരം പെയ്തുകൊണ്ടേയിരിക്കും എന്ന് പഴമൊഴി. യേശുദാസ് ഒരു കാര്യം പറഞ്ഞ് കാലം കഴിഞ്ഞാലും അതിന്റെ അലയൊലി ഉയര്‍ന്നു കൊണ്ടേയിരിക്കും എന്ന് പുതുമൊഴി. ഉടുത്ത ഭ്രാന്താണോ നന്ന് ഉടുക്കാത്ത ഭ്രാന്താണോ എന്ന് ചോദിച്ചാല്‍ കാലികവട്ടം വായനക്കാരേ എന്തു മറുപടി പറയും നിങ്ങള്‍? മറുപടി എന്തായാലും അതിന് നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുള്ളതുപോലെതന്നെ വസ്ത്രത്തിന്റെ കാര്യത്തിലും ഉണ്ടെന്ന് കട്ടായം പറയുന്നു. എന്നാല്‍ അതിനായി വെറുതെ നേരം കളയേണ്ട എന്നേ പറയാനുള്ളു. പ്രകടിപ്പിക്കാത്ത ഭ്രാന്തുപോലെയാണ് ചില കാര്യങ്ങള്‍. നമുക്കത് എളുപ്പം തിരിച്ചറിയാന്‍ പറ്റില്ല. അഥവാ തിരിച്ചറിഞ്ഞിട്ട് വലിയ ഗുണം ഉണ്ടാവും എന്നും പറഞ്ഞുകൂട.
എന്‍ഐടി മുന്‍ ഡയറക്ടറായ ഡോ. എം. പി. ചന്ദ്രശേഖരന് യേശുദാസ് പറഞ്ഞതിന്റെ പൊരുള്‍ കടുകുമണിക്കു മനസ്സിലായിട്ടില്ലെന്ന് വ്യക്തം. അതദ്ദേഹം മാതൃഭൂമി (ഒക്ടോ 23) വഴി നമ്മെ തെര്യപ്പെടുത്തുന്നു. ഒരു വസ്ത്രധാരണ രീതിക്കും സ്ഥിരതയില്ല, സ്ഥിരത ആവശ്യവുമില്ല, മലയാളിയുടെ വേഷങ്ങള്‍ എന്ന യമകണ്ടന്‍ തലക്കെട്ടിലാണ് അക്ഷരക്കസര്‍ത്ത്. എ മലബാര്‍ മാന്‍ ആന്റ് വുമന്‍ എന്ന പേരില്‍ ആണ്-പെണ് അര്‍ധനഗ്ന സ്കെച്ചും ലേഖനത്തിനൊപ്പം നല്‍കിയിട്ടുണ്ട്. ലേഖനം വായിച്ച് അതിന്റെ ആര്‍ജവം ഉള്‍ക്കൊണ്ട് സകലമാനപേരും അതിലെ സ്കെച്ചിന്റെ പരുവത്തിലേക്ക് വസ്ത്രധാരണം മാറ്റണമെന്ന് ഡോക്ടര്‍ ആഹ്വാനം ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്ന് പറയാനാവാത്ത അവസ്ഥയാണ്. നാട്ടിലുള്ള കാടെല്ലാം വെട്ടി അതൊക്കെ മനസ്സില്‍ കൂട്ടിയിട്ടാല്‍ എന്താവും സ്ഥിതി എന്ന് ആലോചിച്ചിട്ടുണ്ടോ? അങ്ങനെയുള്ള ആള്വോളെ പരിചയപ്പെട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അവരുടെ പ്രതിനിധിയായ മേപ്പടി ഡോക്ടറെ കണ്ട് കൈപിടിച്ചു കുലുക്കുക. മൂപ്പരുടെ മനസ്സൊന്ന് തണുക്കട്ടെ.
ഇനി ടിയാന്റെ കസര്‍ത്തില്‍ നിന്ന് ഒരു ചെറുഭാഗം കണ്ടാലും : സ്വാതന്ത്ര്യ ലബ്ധിയോടുകൂടി സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം സര്‍വസാധാരണമായതോടെ ഒന്നരയും മുണ്ടും ബ്ലൗസും കേരള സ്ത്രീയുടെ വസ്ത്രമായി സ്വീകരിക്കപ്പെട്ടു. പുറത്തിറങ്ങുമ്പോള്‍ ഒരു വേഷ്ടി കൂടി വന്നതോടെ പുളിയിലക്കരമുണ്ടും കസവുമുണ്ടും പല നിറങ്ങളിലും ഇറങ്ങി. ഒന്നരയും മുണ്ടും നേര്യതും എവിടെയും ധരിക്കാവുന്ന കേരളപ്പെരുമയുടെ വസ്ത്രമായി മാറി. വിളക്കിന് ചുറ്റും തിരുവാതിരക്കളി കളിക്കുമ്പോള്‍ അവര്‍ പ്രധാനമായും പൃഷ്ടമാണ് പ്രദര്‍ശിപ്പിക്കുന്നത്. അതിലാര്‍ക്കും എതിര്‍പ്പുള്ളതായി പറഞ്ഞുകേട്ടിട്ടില്ല. ഗാനഗന്ധര്വന് ധാരാളം തിരുവാതിരക്കളി കാണാറുണ്ടെന്നാണ് എന്റെ വിശ്വാസം. ഡോക്ടര്‍ തിരുവാതിരക്കളി കാണുന്നതെന്തിനാണെന്നും ഗാനഗന്ധര്വന് കാണുന്നതെന്തിനാണെന്നും ഇപ്പോള്‍ മനസ്സിലായില്ലേ? ഓരോരുത്തരുടെയും സംസ്കാരത്തിനും മാനസിക നിലവാരത്തിനും അനുസരിച്ചാണ് ഓരോന്ന് വിലയിരുത്തുക. സാന്ദര്‍ഭികമായി ഗാനഗന്ധര്വന് പറഞ്ഞ ഒരു പരാമര്‍ശത്തെ ഇങ്ങനെ തെരുവില്‍ അലക്കുന്നതു തന്നെയാണ് അതിലെ മ്ലേച്ഛത. മനസ്സിലെ വ്രണം ഉണങ്ങാന്‍ സാംസ്കാരിക വിശുദ്ധിയുടെ ലേപനം അനിവാര്യമായിരിക്കുന്നതിലേക്കാണ് ഗാനഗന്ധര്വന് ഉള്‍പ്പെടെയുള്ളവര്‍ വിരല്‍ ചൂണ്ടുന്നത്. ചരിത്രപുസ്തകത്തിന്റെ ഏടുകള്‍ മറിച്ച് നഗ്നതയ്ക്ക് നവോന്മേഷമുണ്ടാക്കുന്ന ഇമ്മാതിരി ഡോക്ടര്‍മാരെ പുളിവാറല് കൊണ്ട് രണ്ട് വീക്ക് വീക്കാന്‍ ചങ്കുറപ്പുള്ള പത്രാധിപന്മാര് ഇല്ലാതെ പോയതാണ് കേരളത്തിന്റെ ദുരന്തം.
ആവശ്യമില്ലാത്തവയ്ക്കുവേണ്ടി വായിട്ടലയ്ക്കുന്നവരുടെ നെഞ്ചിലേക്ക് ബ്രഹ്മാസ്ത്രമായി വന്നു തറയ്ക്കുന്ന ഒരു വിഭവം അതേ ദിവസത്തെ മാതൃഭൂമിയിലുണ്ട്. വനവാസി സഹോദരങ്ങള്‍ അവരുടെ അടിസ്ഥാന ആവശ്യത്തിനു വേണ്ടി ഭരണസിരാകേന്ദ്രത്തിനു മുമ്പില്‍ നടത്തുന്ന നില്പ്പു സമരത്തിന്റെ ഉള്ളറകളിലേക്കു വിരല്‍ ചൂണ്ടുന്നതാണത്. നീതി കാത്തുള്ള തീരാത്ത നില്പ് എന്ന മുഖപ്രസംഗം തുടങ്ങുന്നത് ഇങ്ങനെ: കേരളത്തിലെ ആദിവാസികള്‍ അവരുടെ തീരാത്ത നില്പ് തുടരുകയാണ്. അത് കേരള മാതൃകയുടെ ആസ്ഥാനബിംബമായ സെക്രട്ടറിയേറ്റ് പടിക്കല്‍ അവര്‍ നടത്തിവരുന്ന നൂറുദിവസം പിന്നിട്ട നില്പു സമരത്തില്‍ മാത്രമല്ല, ഇനിയും ഇളകാത്ത ആധുനിക കേരളത്തിന്റെ മനസ്സാക്ഷിക്ക് മുന്നില്‍ക്കൂടിയാണ്. പത്ത് മാസത്തിനിടെ അട്ടപ്പാടിയില്‍ മരിച്ചത് പത്ത് നവജാത ശിശുക്കള്‍ എന്ന മാതൃഭൂമി വാര്‍ത്ത കേരളത്തിന് ഒരു ഞെട്ടലുമുണ്ടാക്കിയിട്ടില്ല. കാരണം ആദിവാസി കുട്ടികള്‍ പട്ടിണികാരണമോ ആസ്പത്രികളിലേക്കെത്താനാവാതെ ഊരുകളില്‍ തന്നെ കിടന്നുള്ള പ്രസവത്തിനിടയില്‍ മരിക്കുന്നതുമെല്ലാം തീര്‍ത്തും സ്വാഭാവികമായ യാഥാര്‍ത്ഥ്യമായി എണ്ണപ്പെട്ടു കഴിഞ്ഞു. ഉടുതുണിക്ക് മറുതുണിയില്ലാതെ, ഒരു നേരത്തെ ആഹാരത്തിന് പാങ്ങില്ലാതെ കൊടിയദുരിതം പേറുന്ന പതിനായിരങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാന്‍ തയാറാവാത്തവരാണ് കുടിച്ചു മദിച്ച് സ്വന്തം മാംസളഭാഗങ്ങള്‍ നോക്കി രസിക്കിന്‍ എന്ന് പ്രലോഭിപ്പിച്ച് നടക്കുന്നവര്‍ക്കുവേണ്ടി ചരിത്ര പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വാദിക്കുന്നത്. ചന്ദ്രശേഖര ഡോക്ടര്‍ കാച്ചുംപോലെ ഒന്നിനും സ്ഥിരത ആവശ്യമില്ലല്ലോ. അത്തരം ഡോക്ടര്‍മാര്‍ക്ക് കൈത്താങ്ങായി കളക്ടര്‍മാരും രംഗത്തുണ്ട്. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് പോഷകാഹാരക്കുറവല്ല കാരണമെന്നാണ് പാലക്കാട് കളക്ടര്‍ പറഞ്ഞത്. കുട്ടികളെ ശരിയായി പരിചരിക്കാത്തതുകൊണ്ടാണത്രെ അതു സംഭവിക്കുന്നത്. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ നിന്ന് ഇന്ത്യന്‍ അറിവ് സര്‍വീസിലേക്ക് സ്ഥിതിഗതികള്‍ മാറാത്തിടത്തോളം കാലം ഇതൊക്കെ ഇങ്ങനെ തന്നെ തുടരും. രണ്ടില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ ആഡംബരമാണെന്ന് പറയുകയും അത് സ്വജീവിതത്തില്‍ പകര്‍ത്തുകയും ചെയ്ത മഹാത്മാവിന്റെ പാത പിന്തുടരാന് ഇന്ന് എത്ര നേതാക്കന്മാര്ക്ക് കഴിയും? വസ്തുതകള്‍ വസ്തുതകളായി കണ്ട് അഭിപ്രായം പറയുന്ന ഗാനഗന്ധര്‍വന്മാരെ പോലെയുള്ളവരെ കൊത്തിക്കീറാനാണ് നിര്‍ഭാഗ്യവശാല്‍ വിവരമുണ്ടെന്ന് നടിക്കുന്നവരുടെ തീവ്ര ശ്രമം.
ആരാച്ചാരുടെ മനസ്സ് ആരാച്ചാര്‍ക്കുള്ളതാണ്. ആ പണിചെയ്യുന്നവര്‍ക്കു മാത്രമല്ല, അത്തരം ജോലി ചെയ്യാത്തവരും ഇടയ്ക്കൊക്കെ മനസ്സില്‍ ആരാച്ചാരായി ആരെയൊക്കെയോ കയറിട്ട് വലിക്കും. വലിഞ്ഞു മുറുകി, ഞരമ്പിലൂടെയുള്ള ചോരയോട്ടത്തിന് ദിശ തെറ്റി അവിടെയും ഇവിടെയും ഉണ്ടകളായി പരിണമിക്കും. നീലച്ച ആ ഉണ്ടകള്‍ നോക്കി ആധുനിക ആരാച്ചാര്‍മാര്‍ ആഹ്ലാദിക്കും. പുളകോദ്ഗമകരമായ അത്തരമൊരവസ്ഥ കെ.ആര് മീര വായനക്കാര്‍ക്ക് സമ്മാനിക്കുന്നുണ്ടോ എന്നറിയില്ല. വയലാര്‍ അവാര്‍ഡ് നേടിയ കെ. ആര് മീരയുടെ എഴുത്തനുഭവങ്ങള്‍ മാധ്യമം വാരിക (ഒക്ടോ 20) യുടെ 11 പേജില്‍ വിങ്ങിപ്പൊട്ടിനില്‍ക്കുന്നു അക്ഷരപ്പച്ച എന്ന പംക്തിയിലെ കുറിപ്പിന്റെ തലക്കെട്ട് ഇങ്ങനെ: ആരാച്ചാരും എന്റെ ജീവിതവും. ജീവിതത്തിന്റെ കെട്ടുപാടുകളെ പതുക്കെ വളരെ പതുക്കെ ഇഴയടര്‍ത്തിയെടുക്കുമ്പോള്‍ തനിക്ക് വല്ലാതെ നോവുന്നു എന്ന തരത്തിലാണ് മീരയുടെ എഴുത്ത്. വഴിനീളെ പൂക്കള്‍ ചിരിക്കുന്നതും കളകളാരവം മുഴക്കി തോടും പുഴയും ഒഴുകിനീങ്ങുന്നതും കാണുമ്പോഴുള്ളതിനേക്കാളേറെ താല്‍പ്പര്യം വെയിലേറ്റ് വാടി നടക്കുന്ന പാവം പെണ്‍കുട്ടിയെ കാണുന്നതോ തികച്ചും നിസ്സഹായയായി അവളുടെ കൂടെയുള്ള അമ്മയെ കാണുന്നതോ ആയിരിക്കും. ആരാച്ചാരുടെ മനസ്സ് എങ്ങനെ പരുവപ്പെട്ടുവരുന്നു എന്നല്ല ആരാച്ചാര്‍ നമ്മോട് പറയുന്നത്. പറയാതെ പറഞ്ഞുപോകുന്ന കാര്യങ്ങളുടെ കണക്കെടുപ്പാണത്. അതിന്റെ അനുരണനങ്ങളിലേക്കാണ് മീര അക്ഷരങ്ങള്‍ നിരത്തിവെക്കുന്നത്. അതില്‍ നിന്ന്് അനുഭവതീഷ്ണമായ നാലഞ്ചു വരികള്‍ കണ്ടാലും: കൊല്‍ക്കൊത്തയിലെ ഏറ്റവും പേടിപ്പിക്കുന്ന ദൃശ്യങ്ങള്‍ മനുഷ്യരുടെ ദുരിതത്തിന്റേതാണ്. ആശുപത്രികളില്‍ ചികിത്സക്കെത്തിയവര്‍ വഴിയോരത്തു കൂടാരം കെട്ടി താമസിക്കുന്നതും അവരുടെ കുട്ടികള്‍ റോഡിലിറങ്ങി കളിക്കുന്നതും ഇടക്കിടെ ഭിക്ഷ യാചിക്കുന്നതും വഴിയോരത്തെ ഇത്തിരിപ്പോന്ന വെയിറ്റിംഗ് ഷെഡുകളില്‍ ഒന്നിലേറെ കുടുംബങ്ങള്‍ ചേക്കേറുന്നതും ഓടകള്‍ക്കുമേല്‍ അടുപ്പുകള്‍ പുകയുന്നതും നമ്മുടെ കണ്ണുകളില്‍ ഇരുട്ടുപടര്‍ത്തും. എസ്.എസ്.കെ.എം. ഹോസ്പിറ്റലില്‍ പുഴുക്കള്‍ പോലെ നുരയ്ക്കുന്ന മനുഷ്യര്‍ക്കിടയില്‍ കയറിയിറങ്ങുന്ന നായ്ക്കളും ആടുകളും അവിടവിടെയായി വെള്ളപുതപ്പിച്ചു കിടത്തിയ മൃതദേഹങ്ങളും, ചവിട്ടുകൊണ്ടിട്ടും ഒന്നനങ്ങുകപോലും ചെയ്യാതെ വെറും നിലത്ത് വ്രണം വെച്ചു കെട്ടിയ കാലുമായി തളര്‍ന്നു കിടക്കുന്ന വൃദ്ധനും നമ്മുടെ തല മന്ദിപ്പിക്കും. എല്ലായിടത്തും ശവഗന്ധം പോലെ ബോധത്തെ ക്ഷയിപ്പിക്കുന്ന തീഷ്ണമായ ദുര്‍ഗന്ധം നിറഞ്ഞു നില്‍ക്കുന്നത് അനുഭവപ്പെടും. ഈ അനുഭവം ആരാച്ചാര്‍ വായിക്കുമ്പോഴും ഉണ്ടാവുന്നുണ്ടെങ്കില്‍ കല കാരുണ്യത്തിന്റെ അമ്മമനസ്സായി പരുവപ്പെട്ടുവെന്നു കരുതാം. പത്തുമുപ്പത്തഞ്ചു കൊല്ലം ഒരു സംസ്ഥാനം ഭരിച്ച രാഷ്ട്രീയ കക്ഷി എവ്വിധമാണ് അവിടത്തെ മനുഷ്യരെ കണ്ടതെന്നും അവരെ ഉപയോഗിച്ചതെന്നും ഈ കുറിപ്പിലൂടെ അറിയുകയും ചെയ്യാം.
നൊബേല്‍ സമ്മാന പുരസ്കര്‍ത്താവായ ഫ്രഞ്ച് എഴുത്തുകാരന് പാട്രിക് മൊദ്യാനോയെക്കുറിച്ച് മലയാളം വാരിക (ഒക്ടോ 24)യില്‍ സുന്ദരമായ അഞ്ചു പേജ് കുറിപ്പ്. പാട്രിക് മൊദ്യാനോ: ശൂന്യതയില്‍ വരച്ചിടുന്ന ചിത്രങ്ങള്‍. കെ. ജീവന്‍കുമാറിന്റെതാണ് രചന. ഓര്‍മ്മയും ഭൂതകാലവും നിരന്തരം പ്രമേയമാകുന്നതാണ് മൊദ്യോനോയുടെ കൃതികള്‍. സ്വീദിഷ് അക്കാദമി അഭിപ്രായം പറയുമ്പോള്‍ അതുകൂടി പരാമര്‍ശിച്ചിരുന്നു. കുറിപ്പില്‍ നിന്ന്: നോവല്‍ എന്ന സാഹിത്യ രൂപത്തിന്റെ മഹത്തായ, ഒഴിവാക്കാനാവാത്ത വിഷയം കാലമാണെന്ന് മൊദ്യാനോ അഭിപ്രായപ്പെടുന്നു. പോയ കാലത്തിലേക്ക് തിരിഞ്ഞുനോക്കി നഷ്ടമായതെന്തോ തിരയുക തന്റെ പതിവാണെന്നും അദ്ദേഹം പറയുന്നു. പക്ഷേ, കാലം എന്ന സമസ്യയുടെ ഉത്തരം തേടുകയല്ല അദ്ദേഹം. ചരിത്രത്തില്‍ നിന്നും ഭ്രഷ്ടരായവരുടെ നിസ്സാര ജിവിതങ്ങളും ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മഹാ നഗരങ്ങളുടെ പ്രാന്തങ്ങളിലെ അവഗണിക്കപ്പെട്ട തെരുവുകളുടെയും ഓര്‍മ്മകളാണ് മൊദ്യാനോ തെരയുന്നത്. ആ തെരയലിന്റെ ആത്മാര്‍ത്ഥതയില്‍ അനാവൃതമാകുന്ന ജീവിതങ്ങളുടെ ചൂരും ചൂടും ഒപ്പിയെടുക്കാനാണ് അദ്ദേഹത്തിന് നൊബേല്‍ സമ്മാനം നല്കിയതും. ദ സര്‍ച്ച് വാറണ്ടും മിസ്സിങ് പേര്സനും അത് എത്രമാത്രം അനുഭവിപ്പിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് സ്വീദിഷ് അക്കാദമി.
തൊട്ടുകൂട്ടാന്‍
എന്തുവരയ്ക്കുമ്പോഴും
തെളിയുന്നത്
പന്നിക്കൂടുമാത്രം !
ഇന്നാകട്ടെ
മലതന്നെ
അപ്രത്യക്ഷം
അപ്രസക്തം
എല്‍. തോമസ്കുട്ടി
കവിത, ചിത്രം : മാതൃഭൂമി ആഴ്ചപ്പതിപ്പ് (ഒക്ടോ. 26)
പ്രതികരിക്കാൻ ഇവിടെ എഴുതുക: